കോഴിക്കോട്: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഗെയില്‍ എല്‍.എന്‍.ജി പൈപ്പ്‌ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് അഭിഭാഷക കമ്മീഷന്റെ കണ്ടെത്തല്‍. പദ്ധതി കടന്നുപോകുന്ന മിക്കയിടങ്ങളും ജനസാന്ദ്രത കൂടിയ മേഖലയാണ്. ഇവിടെ മതിയായ സുരക്ഷ ഉറപ്പാക്കാതെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നതെന്നും അഭിഭാഷക കമ്മീഷന്‍ െൈഹെക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പദ്ധതി കടന്നുപോകുന്ന മേഖലകളില്‍ സുരക്ഷാ പ്രശ്‌നങ്ങളും അതിജീവന പ്രശ്‌നങ്ങളും ഉയര്‍ത്തിക്കാട്ടി ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് അവര്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ ശരിവെച്ചുകൊണ്ട് അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
അഭിഭാഷക കമ്മീഷന്‍ മലപ്പുറം ഇസ്‌ലാഹിയ സ്‌കൂളില്‍ തെളിവെടുപ്പ് നടത്തുന്നു
പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളില്‍ മിക്കതും താരതമ്യേന ജനസാന്ദ്രത കുറഞ്ഞ ക്ലാസ് 3 കാറ്റഗറിയില്‍ വരുന്നതാണെന്ന ഗെയിലിന്റെ അവകാശവാദം തെറ്റാണെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിരവധി ബഹുനില കെട്ടിടങ്ങളുള്ളതും ദേശീയപാതയ്ക്ക് അരികിലൂടെ കടന്നുപോകുന്നതുമായ മലപ്പുറം നഗരം പോലുള്ള മേഖലകള്‍ ജനസാന്ദ്രത കൂടിയ ക്ലാസ് 4 കാറ്റഗറിയില്‍ ഉള്‍പ്പെടുത്തേണ്ടവയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ സ്ഥാപിച്ച പൈപ്പ്‌ലൈനുകള്‍ എത്രത്തോളം സുരക്ഷിതമാണെന്നത് പരിശോധിക്കാനായി ഒരു സാങ്കേതിക വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്. “ലക്ഷക്കണക്കിന് ആളുകളുടെ ജീവനെ ബാധിക്കുന്ന വിഷയമാണ് ഇതെന്നതിനാല്‍ വിദഗ്ധ സംഘത്തെ വെച്ച് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ” എന്നാണ് അഭിഭാഷകന്‍ കമ്മീഷന്‍ ആവശ്യപ്പെടുന്നത്.
പദ്ധതി വരുന്നതുമൂലം കുടിയിറക്കപ്പെടുന്നവര്‍ക്ക് നിയമപ്രകാരം നല്‍കിയ നഷ്ടപരിഹാരം ഒട്ടും പര്യാപ്തമല്ല. പ്രത്യേകിച്ച് വളരെ കുറച്ചുമാത്രം സ്വത്തുവകകളുള്ള കുടുംബങ്ങള്‍ക്ക്. മറ്റൊരു വാസസ്ഥലം വാങ്ങാന്‍ നിലവിലെ നഷ്ടപരിഹാരം ഉപയോഗിച്ച് സാധ്യമല്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
പദ്ധതിക്കായി സൂക്ഷിച്ചിരിക്കുന്ന പൈപ്പുകള്‍ തുരുമ്പിച്ച നിലയില്‍
പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാധ്യമാകുമെങ്കില്‍ ഈ ഘട്ടത്തിലെങ്കിലും ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണിക്കമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുന്നുണ്ട്. പലയിടങ്ങളിലും പ്രത്യേകിച്ച് യാതൊരു കാരണവുമില്ലാതെ യഥാര്‍ത്ഥ അലൈന്‍മെന്റില്‍ നിന്നും വ്യതിചലിച്ചിട്ടുണ്ട്. പദ്ധതി പ്രദേശം തീരദേശമേഖലയായതിനാല്‍ കടല്‍തീരത്തിലൂടെ പൈപ്പുകള്‍ ഇടുന്നതും പരിഗണിക്കാവുന്നതാണ്. ഇത് സാധ്യമാകുമെങ്കില്‍ ഏറെ ജനസാന്ദ്രതയുള്ള ഈ മേഖലയിലെ ജനങ്ങളെ സംബന്ധിച്ച് അത് ഏറെ ഗുണകരമാകുമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു.
തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവ് കവല, മലപ്പുറം ജില്ലയിലെ വളാഞ്ചേരി, മലപ്പുറം നഗരം, കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള തൂണേരി, നാദാപുരം കാക്കുംപള്ളി, നാദാപുരം കുമ്മനംകോട്, താമരശേരി ശിവപുരം, ഉണ്ണികുളം ചൊക്കൂര്‍ മുക്കം ചെറുതടം താഴിക്കോട് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും പ്രദേശവാസികളില്‍ നിന്നും ഗെയില്‍ അധികൃതരില്‍ നിന്നും അഭിപ്രായം ആരായുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പെരുമ്പിലാവ് മേഖല സന്ദര്‍ശിച്ചപ്പോള്‍ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന ഏറെ ആശങ്കാകുലരായ പ്രദേശവാസികളെയാണ് തനിക്കു കാണാനായതെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. “അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനിയേഴ്‌സിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഗെയില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതൊന്നും പാലിച്ചിട്ടില്ലെന്നാണ് ഇവര്‍ പറഞ്ഞത്.
മുക്കം എരഞ്ഞിമാവിലെ ഗെയില്‍വിരുദ്ധ സമരം അക്രമാസക്തമായപ്പോള്‍
രണ്ടുവര്‍ഷത്തോളമായി അവിടെ കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകളാണ് യാതൊരു സുരക്ഷാ പരിശോധനയും കൂടാതെ അധികൃതര്‍ കഴിഞ്ഞദിവസം സ്ഥാപിച്ചതെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു.” റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തറനിരപ്പില്‍ നിന്നും 1.2 മീറ്റര്‍ ആഴത്തിലാണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചതെന്നാണ് ഗെയില്‍ അധികൃതര്‍ അവകാശപ്പെട്ടത്. പൈപ്പ് സ്ഥാപിച്ച സ്ഥലങ്ങളില്‍ വെള്ളവും ചളിയും ആയതിനാല്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ല. അതേസമയം സ്ഥാപിക്കാനായി പുറത്തു കൂട്ടിയിട്ടിരുന്ന പൈപ്പുകള്‍ പരിശോധിച്ചപ്പോള്‍ അവയില്‍ ചിലത് ദ്രവിച്ചതായും അതിനുള്ളില്‍ ചളി നിറഞ്ഞതായും കണ്ടെത്തിയെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടിനൊപ്പം കമ്മീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
കമ്മീഷന്‍ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച കേടുപാടുകള്‍ സംഭവിച്ച പൈപ്പ്‌ലൈനിന്റെ ചിത്രം
പലയിടങ്ങളിലും ഒ.ഐ.എസ്.ഡി നിലവാരം അനുസരിച്ചുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓയില്‍ ഇന്റസ്ട്രി സേഫ്റ്റി ഡയറക്ടറേറ്റ് (ഒ.ഐ.എസ്.ഡി) സ്റ്റാന്റേര്‍ഡ് അനുസരിച്ച് വാസസ്ഥലങ്ങളില്‍ നിന്നും 15മീറ്റര്‍ അകലെയേ പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ പാടുള്ളൂ. എന്നാല്‍ പലയിടത്തും ഇത് പാലിച്ചിട്ടില്ല.
പട്ടികജാതി കോളനിയായ പെരുമ്പിലാവ് കനക കോളനി സന്ദര്‍ശിച്ചതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. മൂന്നുമുതല്‍ അഞ്ചു സെന്റ് സ്ഥലം മാത്രമാണ് ഇവിടെയുള്ളവര്‍ക്കുള്ളത്. പ്രദേശവാസികള്‍ക്ക് ഭൂമിയേറ്റെടുക്കല്‍ നടപടികളെക്കുറിച്ചൊന്നും അറിഞ്ഞിട്ടുപോലുമില്ല.
പൈപ്പിടല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ 20മീറ്റര്‍ വീതി മതിയാവുമെന്നാണ് ഗെയില്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ കുറഞ്ഞത് 35 മീറ്റര്‍ വീതിയെങ്കിലുമുണ്ടെങ്കിലേ അതിനു കഴിയൂവെന്നാണ് പരിശോധനയില്‍ മനസിലാക്കാന്‍ കഴിഞ്ഞത്. ഇങ്ങനെവരുമ്പോള്‍ ഇവിടുത്തെ പല ചെറിയ വീടുകളും പിടിച്ചെടുക്കേണ്ടിവരുമെന്നും കമ്മീഷന്‍ പറയുന്നു.
വാള്‍വ് സ്‌റ്റേഷന്‍ സ്ഥാപിച്ചതിലും ക്രമക്കേടുകള്‍ ഉണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. “വളാഞ്ചേരി ടൗണില്‍ വാള്‍വ് സ്‌റ്റേഷന്‍ സ്ഥാപിച്ചതു കണ്ടു. വളാഞ്ചേരി- പാലക്കാട് ഹൈവേയ്ക്ക് അരികിലുള്ള തിരക്കേറിയ നഗരത്തിലാണ് വാള്‍വ് സ്റ്റേഷന്‍ സ്ഥാപിച്ചതെന്നും പൈപ്പുകള്‍ കടന്നുപോകുന്നതെന്നും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മേഖലയയില്‍ ഒരു കോളേജും സ്‌കൂളും നിരവധി ബഹുനില കെട്ടിടങ്ങളുമുണ്ട്.” റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭിഭാഷക കമ്മീഷന്‍ നാദാപുരം മേഖലയില്‍ പരിശോധന നടത്തുന്നു
തിരക്കേറിയ മേഖലകളില്‍ എട്ട് മുതല്‍ 16 കിലോമീറ്ററുകള്‍ ഇടവിട്ട് വാള്‍വ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കണമെന്ന ചട്ടവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ഏതാണ്ട് 23 കിലോമീറ്റര്‍ ഇടവിട്ടാണ് വാള്‍വ് സ്‌റ്റേഷനുകളുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മലപ്പുറം നഗരത്തില്‍ നഗരഹൃദയത്തിലൂടെ കോഴിക്കോട് – പാലക്കാട് ഹൈവേ മുറിച്ചാണ് പദ്ധതി കടന്നുപോകുന്നത്. ഇവിടെ നിരവധി ബഹുനില കെട്ടിടങ്ങളും മറ്റുമുണ്ട്. ഈ മേഖലയില്‍ പ്രദേശവാസികളുടെ കുടിവെള്ളത്തിന്റെ പ്രധാന ഉറവിടമായ ഒരു അരുവിയിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്രയും ജനസാന്ദ്രതയുള്ള ഈ മേഖലയും സുരക്ഷാ മുന്നൊരുക്കങ്ങള്‍ കുറഞ്ഞ ക്ലാസ് 3 വിഭാഗത്തില്‍ പെടുന്നതെന്നാണ് ഗെയ്ല്‍ അധികൃതര്‍ അറിയിച്ചത്. ഇത്രയും ജനസംഖ്യയും കെട്ടിടങ്ങളുമുള്ള ഈ മേഖലയെ ക്ലാസ് 4 വിഭാഗത്തില്‍പ്പെടുത്തണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ കര്‍ശനമാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.
മലപ്പുറത്തെ ഇസ്‌ലാഹിയ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സന്ദര്‍ശിപ്പോള്‍ കിഴക്കുഭാഗത്തെ പുതിയ കെട്ടിടത്തിന്റെ മധ്യത്തിലൂടെയാണ് പൈപ്പ്‌ലൈന്‍ കടന്നുപോകേണ്ടത്. എന്നാല്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം ഒഴിച്ചുനിര്‍ത്തി കുറച്ചുകൂടി കിഴക്കുഭാഗത്തേക്ക് പദ്ധതി മാറ്റിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ അവിടം പരിശോധിച്ചപ്പോള്‍ നിരവധി വീടുകള്‍ തിങ്ങിനിറഞ്ഞ മേഖലയാണെന്നാണ് മനസിലാക്കാനായത്. അതുകൊണ്ടുതന്നെ ഈ സ്ഥാനമാറ്റം ഒട്ടും യുക്തിയില്ലാത്തതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
കോടതി ഉത്തരവും അഭിഭാഷക കമ്മീഷന്റെ രൂപീകരണവും:
2017 സെപ്റ്റംബര്‍ 22ലെ ഹൈക്കോടതി ഉത്തരവു പ്രകാരമാണ് അഭിഭാഷക കമ്മീഷന്‍ ഗെയ്ല്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ചത്. ഹരിതസേന സമഗ്ര കാര്‍ഷിക ഗ്രാമവികസന സമിതിക്കുവേണ്ടി ചെയര്‍മാന്‍ വി.ടി പ്രദീപ് കുമാറും കുഴല്‍ പോകുന്നയിടങ്ങളിലെ സ്ഥാപന ഉടമകളും വീട്ടുകാരും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു കോടതി പരിശോധനയ്ക്ക് ഉത്തരവിട്ടത്.
നേരത്തെ ഗെയില്‍ സ്ഥാപിക്കാന്‍ ഏറ്റെടുത്ത പനങ്ങാട് പഞ്ചായത്തിലെ കിനാലൂര്‍ തച്ചംപൊയില്‍ എന്ന പ്രദേശത്ത് ഹൈക്കോടതി ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മീഷന്‍ അഡ്വ. വിജിത പരിശോധന നടത്തുകയും ഗെയില്‍ അധികൃതര്‍ ഏറ്റെടുത്ത ഭൂമിയില്‍ നടത്തിയ ക്ലാസിഫിക്കേഷന്‍ തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമരസമിതി നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഹൈക്കോടതി അഡ്വ. വി. വിജിത കമ്മീഷനെ നിയോഗിച്ചത്.
ജനസാന്ദ്രത കൂടിയ ഈ മേഖലയില്‍ ജനവാസം കുറഞ്ഞ സ്ഥലത്ത് ഉപയോഗിക്കുന്ന പൈപ്പുകളും മറ്റുമാണ് ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോഴിക്കോട് മലപ്പുറം ജില്ലകളിലെ പദ്ധതി പ്രദേശങ്ങളിലുള്ളവരും ഹൈക്കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്നാണ് കോടതി ഈ പദ്ധതി പ്രദേശങ്ങള്‍ പരിശോധിക്കാന്‍ അഭിഭാഷക കമ്മീഷനെ നിയോഗിച്ചത്.
കമ്മീഷന് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങള്‍
പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി നിര്‍ദേശിക്കപ്പെട്ട മേഖലകളെ തരംതിരിച്ചത് ഒ.ഐ.എസ്.ഡി സ്റ്റാന്‍ഡേര്‍ഡ് പ്രകാരമാണോയെന്ന് പരിശോധിക്കുക.
നിലവില്‍ സ്ഥാപിച്ചിരിക്കുന്ന പൈപ്പ് ലൈനുകള്‍ ഒ.ഐ.എസ്.ഡി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക.
നിലവില്‍ സ്ഥാപിക്കപ്പെട്ട പൈപ്പ്‌ലൈനിന്റെ ഗുണമേന്മയും സ്വഭാവവും പരിശോധിക്കുകയും പൈപ്പ്‌ലൈന്‍ ഒ.ഐ.എസ്.ഡി നിലവാരമുള്ളവയാണോയെന്ന് പരിശോധിക്കുകയും ചെയ്യുക.
പരിശോധനാ വേളയില്‍ പരാതിക്കാര്‍ ആവശ്യപ്പെടുന്ന മറ്റു വിഷയങ്ങളും പരിശോധനാ വിധേയമാക്കുക.
അഡ്വ.ഷമീന സലാഹുദ്ദീനെയാണ് പരിശോധനയ്ക്കായി കോടതി ചുമതലപ്പെടുത്തിയത്. 2017 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 2 ദിവസങ്ങളിലായി പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടു തയ്യാറാക്കിയത്.
അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നുവെന്ന് ഹര്‍ജിക്കാരിലൊരാളായ വി.പി പ്രദീപ് കുമാര്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. “ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കികൊണ്ടുള്ള ഒരു റിപ്പോര്‍ട്ടാണിത്.” എന്നും അദ്ദേഹം പറഞ്ഞു. ”
റിപ്പോര്‍ട്ട് കോടതി പരിശോധിച്ചശേഷം മേല്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് സുരക്ഷാ കാര്യങ്ങളില്‍ വലിയ ആശങ്ക ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് സുരക്ഷാ പരിശോധന ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്” അദ്ദേഹം പറഞ്ഞു.
അതേസമയം സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണം ഗെയ്ല്‍ അധികൃതര്‍ നിഷേധിച്ചു.
“സുരക്ഷയെക്കുറിച്ച് പഠിക്കാന്‍ പുതിയ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നല്ലേ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിന് ഏതെങ്കിലും ഏജന്‍സിയെ അവര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അവരെ ചുമതലപ്പെടുത്തും. ഇല്ലെങ്കില്‍ ഞങ്ങളുടെ ഏജന്‍സികള്‍ ഉണ്ട്. ഡിസൈന്‍ പോലുള്ള കാര്യങ്ങള്‍ നോക്കാന്‍ നിലവില്‍ ഞങ്ങള്‍ക്ക് ഏജന്‍സികളുണ്ട്. അതില്‍ എന്തെങ്കിലും പോരായ്മയുണ്ടോയെന്ന് അവരെക്കൊണ്ട് പരിശോധിപ്പിക്കും. അല്ലാതെ പദ്ധതി വേണ്ടന്നോ പൈപ്പ് മാറ്റി സ്ഥാപിക്കണമെന്നോ അഭിഭാഷക കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടില്ല” എന്നാണ് ഗെയ്‌ലിന്റെ കോഴിക്കോട് മലപ്പുറം മേഖലയിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിജു ഡൂള്‍ന്യൂസിനോടു പറഞ്ഞത്.
അഭിഭാഷക കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ചോദിച്ചപ്പോള്‍ ” മലപ്പുറത്തെ സെക്ഷന്‍ ക്ലാസ് 4ലേക്കുവരുമ്പോള്‍ 16 കിലോമീറ്ററിനുള്ളില്‍ ഒരു വാള്‍വ് സ്‌റ്റേഷന്‍ കൂടി വരുമെന്നേയുള്ളൂ. ഐ.പി സ്റ്റേഷന്‍ ഒഴിവാക്കിയതുകൊണ്ടാണ് 16 കിലോമീറ്ററില്‍ വാള്‍വ് സ്‌റ്റേഷന്‍ ഇല്ല എന്ന് അഭിഭാഷക കമ്മീഷന്‍ പറയുന്നത്. ഐ.പി സ്റ്റേഷനുകളില്‍ വാള്‍വ് സ്റ്റേഷന്റെ എല്ലാ സൗകര്യങ്ങളും ഉണ്ട്” എന്നും അദ്ദേഹം അവകാശപ്പെടുന്നു.
എന്നാല്‍ അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തള്ളുന്ന നിലപാടാണ് ഹൈക്കോടതിയില്‍ ഗെയില്‍ അധികൃതര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഗെയില്‍ അധികൃതര്‍ പദ്ധതി സുരക്ഷിതമല്ലെന്ന കമ്മീഷന്റെ കണ്ടെത്തല്‍ യുക്തിസഹമല്ലെന്നാണ് ആരോപിക്കുന്നത്.
കടലോരത്തുകൂടി അലൈന്‍മെന്റ് സാധ്യമല്ലെന്നും ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്‍.സി കൃഷ്ണന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
“വിവേചനരഹിതമായ പ്രസ്താവനകള്‍ നടത്തുന്നതിനു പകരം സുരക്ഷ സംബന്ധിച്ച കൂടുതല്‍ നിര്‍ദേശങ്ങളുണ്ടെങ്കില്‍ അത് സമര്‍പ്പിക്കുകയായിരുന്നു അഭിഭാഷക കമ്മീഷന്‍ ചെയ്യേണ്ടിയിരുന്നത്. ജനങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദവും ചിലവ് കുറഞ്ഞതുമായ ഇന്ധനം നല്‍കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരാണ് കമ്മീഷന്‍ ശുപാര്‍ശ. കമ്മീഷന്റെ പല പരാമര്‍ശങ്ങളും രാജ്യത്തിന്റെയും കേരളത്തിന്റെയും സമഗ്ര വികസനത്തിന് തുരങ്കം വെയ്ക്കുന്നതാണ്. ” എന്നും ഗെയില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
തുരുമ്പ് പിടിച്ച പൈപ്പ് ഗെയില്‍ ഉപയോഗിക്കുന്നില്ല. പുറമേയുള്ള ഓക്‌സിഡേഷന്‍ ചൂണ്ടിക്കാട്ടിയാണ് പൈപ്പുകള്‍ തുരുമ്പ് പിടിച്ചു എന്ന രീതിയില്‍ ചിത്രങ്ങള്‍ കാണിക്കുന്നത്. ചില സാങ്കേതിക പ്രവര്‍ത്തനങ്ങളിലൂടെ ഈ അവസ്ഥ മാറ്റിയെടുക്കാനാവുമെന്നും ഗെയില്‍ അവകാശപ്പെടുന്നു.
ഗെയിലിന്റെ വിശദീകരണങ്ങള്‍ അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണവും സത്യവാങ്മൂലത്തില്‍ അധികൃതര്‍ ഉയര്‍ത്തിയിട്ടുണ്ട്.
എന്താണ് ഗെയില്‍ പദ്ധതി?
കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നും വ്യാവസായിക ആവശ്യത്തിനുള്ള എല്‍.എന്‍.ജി ബംഗളുരുവിലേക്കും മംഗലാപുരത്തേക്കും എത്തിക്കുന്നതിന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തിലുള്ളതാണ് ഗെയില്‍ പദ്ധതി. കൊച്ചിയിലെ കൂറ്റനാട് മുതല്‍ മംഗളുരുവരെ 879 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പദ്ധതി. 2915 കോടിയാണ് പദ്ധതിയ്ക്കുവേണ്ടിയുള്ള ഗെയിലിന്റെ ഇന്‍വെസ്റ്റ്‌മെന്റ്.
2007ല്‍ കേരള വ്യവസായ വകുപ്പിന്റെ കീഴിലുള്ള കേരള വ്യവസായ വികസന കോര്‍പ്പറേഷനും കേന്ദ്ര പെട്രോളിയം മന്ത്രാലയവും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഗെയിലിന്റെ വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പിലാക്കുന്നത്.
ദേശീയ ഗ്യാസ് നെറ്റുവര്‍ക്കുമായി കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ തെന്നിന്ത്യന്‍ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുകയെന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
2013ലാണ് ഈ ഗ്യാസ് ലൈന്‍ പദ്ധതി കേരള സര്‍ക്കാര്‍ അംഗീകരിച്ച് കമ്മീഷന്‍ ചെയ്തത്. 2018 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് തീരുമാനിച്ചത്. 3263 കോടിരൂപയാണ് പദ്ധതിയുടെ ചിലവു പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായ 41 കിലോമീറ്റര്‍ 2013ല്‍ പൂര്‍ത്തിയാക്കി. കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഗ്യാസ് വിതരണം ചെയ്യുന്ന സംവിധാനമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചത്. കൊച്ചി നഗരത്തിലെ ഉപഭോക്താക്കള്‍ക്ക് 2.6എം.എം.എസ്.സി.എം.ഡി ഗ്യാസ് ഇതിനകം വിതരണം ചെയ്‌തെന്നാണ് കഴിഞ്ഞ ആഗസ്റ്റില്‍ ഗെയില്‍ അവകാശപ്പെട്ടത്.