അഭിമുഖം: ഗഫൂര്‍ കുറുമാടന്‍/ അനസ്
ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ജനകീയ സമിതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ എരഞ്ഞിമാവില്‍ വീണ്ടും സമരം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് പൊളിച്ചു മാറ്റിയ എരഞ്ഞിമാവിലെ സമര പന്തല്‍ കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ പുനര്‍നിര്‍മിച്ചതോടെയാണ് സമരത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായത്.
പൊലീസുമായി ഏറ്റുമുട്ടിലിനില്ലെന്നും സമാധാനപരമായ സഹനസമരമാണ് നടത്തുക എന്നും ഗെയില്‍ വിരുദ്ധ സമരസമിതി പ്രഖ്യപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമരസമിതി ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ ഡൂള്‍ന്യൂസുമായി സംസാരിക്കുന്നു.
സമരം തുടരാനുള്ള കാരണമെന്താണ് ?
സമരം മുന്നോട്ടു പോകുക തന്നെയാണ്. ജനവാസ മേഖലയില്‍ നിന്ന് അലൈന്‍മെന്റ് മാറ്റണമെന്നതും നഷ്ടപരിഹാരം സംബന്ധിച്ചുള്ള കാര്യങ്ങളും മാത്രമാണ് സമരസമിതി മുന്നോട്ടുവെക്കുന്ന ആവശ്യം. അല്ലാതെ പദ്ധതിക്കെതിരല്ല.
കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ള സമരസമിതി നേതാക്കളുടെ യോഗം 18ാം തിയ്യതി കോഴിക്കോട് വെച്ച് നടക്കുന്നുണ്ട്. അതു പോലെ മലപ്പുറത്തെ കീഴുപറമ്പ്, അരീക്കോട്, കാവനൂര്‍ പഞ്ചായത്തുകളും കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളും ഇരകളുടെ ഒരു സംഗമം നടത്തുകയാണ്. ഇരകളുടെ അഭിപ്രായം കൂടെ എടുത്താണ് സമരം. 16ാം തിയ്യതി എരഞ്ഞിമാവില്‍ ആയിരക്കണക്കിന് പേരെ പങ്കെടുപ്പിച്ചുള്ള പരിപാടി നടത്താനുദ്ദേശിക്കുന്നുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരെയടക്കം സംഘടിപ്പിച്ച് കൊണ്ടാണ് പരിപാടി നടത്തുന്നത്.
ഇതോടെ സമരത്തെ കേരളം ശ്രദ്ധിക്കാന്‍ തുടങ്ങി. യഥാര്‍ത്ഥത്തില്‍ മൊത്തം ഗെയില്‍ പദ്ധതി കൊണ്ട് പ്രയാസമനുഭവിക്കുന്ന ഇരകളുടെ ഒരു ഐക്യദാര്‍ഢ്യം ഇതില്‍ വന്നു. എരഞ്ഞിമാവ് സമരം വാസ്തവത്തില്‍ കേരളത്തിലെ ഗെയില്‍വിരുദ്ധ സമരത്തെ കോര്‍ഡിനേറ്റ ചെയ്തിരിക്കുകയാണ്.
ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് കരുതുന്നുണ്ടോ ?
റൂട്ട് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരും ഗെയിലും ഒന്നും പറയുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കുമ്പോഴുള്ള നിയമമനുസരിച്ച് മാര്‍ക്കറ്റ് വിലയുടെ നാലിരട്ടിയാണ് ഭൂമിക്ക് നല്‍കുന്നത്. ഇവിടെ ഫെയര്‍വാല്യു 50 ശതമാനമുള്ളത് നൂറ് ആക്കിയെന്ന് പറയുന്നുണ്ട്. ഒരു ഭൂമിക്ക് രണ്ട് ലക്ഷം രൂപ വിലയുള്ള സ്ഥാനത്ത് ഫെയര്‍വാല്യു സെന്റിന് അയ്യായിരമോ പതിനായിരമോ ഒക്കെയാണ് വരുന്നത്. ഈ തുക ഇരകളെ സംബബന്ധിച്ചെടുത്തോളം എവിടെയും എത്തുന്നില്ല.
പക്ഷെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നല്ല തുടക്കമെന്ന് വേണമെങ്കില്‍ ഇതിനെ പറയാം. ശക്തമായ ജനകീയ സമരം വന്നപ്പോള്‍ സര്‍ക്കാരിന് ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടി വന്നു. ഇത്രയും കാലം ചര്‍ച്ചയ്ക്ക് അവര്‍ തയ്യാറല്ലായിരുന്നു. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സമാധാന ചര്‍ച്ചയ്ക്ക ശേഷം മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയിലാണ് കുറേ കാര്യങ്ങള്‍ വന്നിട്ടുള്ളത്.
പക്ഷെ പ്രധാനപ്പെട്ട രണ്ട് പ്രശ്നങ്ങള്‍ ഇപ്പോഴും അവശേഷിക്കുകയാണ്. ഒന്ന് അലൈന്‍മെന്റ് പ്രശ്നം, രണ്ടാമത്തേത് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് അതിന്റെ നാലിരട്ടി കൊടുക്കുകയെന്നത്.
പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ഗെയിലിന് വീഴ്ച സംഭവിച്ചെന്ന് പറയാനാവുമോ ?
സുതാര്യതയില്ല എന്നതാണ് ഗെയിലിന്റെ പ്രശ്നം. പദ്ധതി സംബന്ധിച്ച് ഗെയില്‍ ചെയ്തത് എന്താണെന്ന് വെച്ചാല്‍ പഞ്ചായത്തുകള്‍ക്കടക്കം കൃത്യമായ മാപ്പോ രേഖകളോ നല്‍കാന്‍ തയ്യാറായിരുന്നില്ല. എല്ലാം രഹസ്യമാക്കിവെച്ചു. കൃത്യമായി വിവരം കൊടുത്തിരുന്നെങ്കില്‍ വീട് നിര്‍മാണത്തിലടക്കം പഞ്ചായത്തുകള്‍ക്ക് ഇത് പരിഹരിക്കാമായിരുന്നു. ഗെയിലിനാണ് ഇതിന്റെയെല്ലാം ഉത്തരവാദിത്വം.
പൈപ്പ് കൊണ്ടു വരുമ്പോള്‍ പാലിക്കേണ്ടിയിരുന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാന്‍ ഗെയിലിനായിട്ടില്ല. അത് വലിയെരു പ്രശ്നമാണ്. ഒരു പൈപ്പ്ലൈന്‍ ഇടുമ്പോള്‍ പൈപ്പ്ലൈനിന്റെ ക്വാളിറ്റി ഉറപ്പുവരുത്തണം. ഇപ്പോള്‍ തന്നെ അതിന്റെ ഒരു കാഥോഡ് കോട്ടിങാണ് പൈപ്പിലുള്ളത്. പൈപ്പ് ശരിക്കും ആറുമാസത്തിനുള്ളില്‍ മണ്ണിനടയില്‍ എത്തണമെന്നാണ്. ഇപ്പോള്‍ ഈ പൈപ്പ് ഏകദേശം എട്ടുവര്‍ഷമായി പുറത്തുകെട്ടി കിടക്കുകയാണ്. പൈപ്പിന്റെയെല്ലാം നിലവാരം കുറഞ്ഞിട്ടുണ്ട്.
പിന്നെ പരിസ്ഥിതി പഠനം ഗെയില്‍ തീരെ നടത്തിയിട്ടില്ലെന്നതാണ് വലിയൊരു പ്രശ്നം. ഇതു പോലെയൊരു വലിയ പദ്ധതി വരുമ്പോള്‍ പരിസ്ഥിതി പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. അത് നടത്താതെ പോയത് ഗെയിലിന്റെ വീഴ്ചയാണ്. അങ്ങനെ നടത്തിയിരുന്നെങ്കില്‍ പദ്ധതിയുടെ സുരക്ഷിതത്വത്തിന് കൂടി ഉപകരിക്കുമായിരുന്നു.
ഫോട്ടോ: ഹസനുല്‍ ബസരി
ജനങ്ങളെ ഏറ്റവും ആശങ്കയില്‍ ആക്കിയിട്ടുള്ള കാര്യമെന്താണെന്ന് പറഞ്ഞാല്‍ 2 മീറ്ററില്‍ വേണമെങ്കില്‍ ഈ പദ്ധതി ഗെയിലിന് കൊണ്ടുപോകാന്‍ കഴിയും. എന്നിട്ടും വാശിപിടിച്ച് 20 മീറ്റര്‍ വേണമെന്ന് പറയുകയായിരുന്നു.
സുരക്ഷാപ്രശ്നമല്ല ഇതിന് കാരണം. ഇരുപത് മീറ്റര്‍ ആക്കുന്നതിലൂടെ മംഗലാപുരം-കൊച്ചി റൂട്ട് ഒരു ഇന്‍ഡസ്ട്രിയല്‍ കോറിഡോറായി ഉപയോഗിക്കുകയെന്നുള്ളതാണ്. ഒരുവ്യവസായിക ഇടനാഴികയാക്കി ഈ പ്രദേശം മാറ്റുകയാണ് ലക്ഷ്യം.
ഗെയിലിന് ഇതിനുള്ളിലൂടെ അതിന്റെ വാഹനങ്ങളും മറ്റും കൊണ്ടു പോകാനും മറ്റു അഡീഷണല്‍ പൈപ്പുകള്‍ ഇടാനും സാധിക്കും. ഇത് തന്നെ മറ്റേതെങ്കിലും കമ്പനികള്‍ക്ക് മറ്റെന്തെങ്കിലും പൈപ്പ്ലൈനുകള്‍ കൊണ്ടുപോകാനും അടക്കം നീക്കം നടത്തുന്നുണ്ട്. അതിനാണ് അവര് 20 മീറ്റര്‍ വേണമെന്ന് പറഞ്ഞത്. അക്കാര്യങ്ങളൊന്നും അവര്‍ പുറത്തേക്ക് വിടുന്നില്ലെന്നേയുള്ളൂ.
ഇനി ഭാവിയില്‍ ഗെയിലിന്റെ നീക്കങ്ങള്‍ എന്താകുമെന്നും ഉറപ്പില്ലാത്ത കാര്യമാണ്. മതിലടക്കം കെട്ടിയിട്ട് ബൗണ്ടറിയായി നിര്‍ത്തുമോ എന്നൊന്നും അറിയില്ല.
പൈപ്പ്ലൈന്‍ പോകുന്നത് കൊണ്ട് ഒരു പ്രദേശത്തെ രണ്ടായി മാറ്റുകയാണ്. പിന്നെ ഇതിന്റെ വാല്‍വുകള്‍ തമ്മിലുള്ള ദൂരം 24 കിലോമീറ്ററിലാണ് വെക്കുന്നത്. സാധാരണയായി 6 കിലോമീറ്ററില്‍ ഒക്കെ വെക്കാറുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസരിച്ച് ഇത് 3 കിലോമീറ്ററില്‍ വേണമെന്നാണ്.
ഒരു വാള്‍വില്‍ നിന്ന് മറ്റൊരു വാള്‍വിലേക്ക് സംഭരിച്ച് വെക്കുന്ന വാതകം 168000 ടാങ്കര്‍ലോറികളിലേക്ക് നിറയ്ക്കാനുള്ളത്രയും ഉണ്ട്. ഒരു സ്ഥലത്ത് ഒരപകടം നടന്നാല്‍ അത് വലിയൊരു ദുരന്തമാകും. കണ്ണൂര്‍ ചാലയില്‍ ഒരു ടാങ്കര്‍ലോറി മറിഞ്ഞപ്പോള്‍ ഇരുപത് ആളുകളാണ് മരിച്ചത്. സംഭവിക്കുകയില്ലെങ്കിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് പ്രത്യേകിച്ച് എട്ടുവര്‍ഷം പഴക്കമുള്ള പൈപ്പൊക്കെ ഉപയോഗിക്കുമ്പോള്‍. ഈ ആശങ്കയൊന്നും പരിഹരിക്കാന്‍ സര്‍ക്കാരിനോ ഗെയിലിനോ സാധിച്ചിട്ടില്ല.
പദ്ധതി നടപ്പിലാക്കാന്‍ ബദല്‍മാര്‍ഗങ്ങള്‍ക്ക് സാധ്യതയുണ്ടോ ?
ജനവാസ മേഖലകള്‍ക്ക് പകരം കനോലി കനാല്‍, കടല്‍തീരം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഞങ്ങള്‍ സര്‍ക്കാരിന് മുന്നില്‍വെച്ചിട്ടുള്ളത്. പക്ഷെ അത് സര്‍ക്കാര്‍ അത് തള്ളുകയാണുണ്ടായത്. കൊച്ചിയില്‍ നിന്ന് കായംകുളത്തേക്ക് പദ്ധതി കൊണ്ടു പോകുമ്പോള്‍ കടലിനടിയില്‍ താഴെ 35 മീറ്റര്‍ പൈപ്പിട്ടാണ് കൊണ്ടുപോകുന്നത്. കുറച്ചുഭാഗം കായലിന്റെ ഭാഗത്ത് കൂടെയാണ്. അവിടെയൊന്നും ജനവാസമേഖലയില്ല.
അതുപോലെ കൊച്ചിയില്‍ നിന്ന് പാലക്കാടേക്ക് പോകുന്നതില്‍ 24 കിലോമീറ്റര്‍ ചതുപ്പ് നിലയങ്ങളില്‍ കൂടെയാണ്. പിന്നെ ദേശീയപാതയുടെ ഓരത്ത് കൂടെയാണ്. അവിടെയും വീടുകളില്ല. ചെലവ്കൂടുമെന്ന് കണ്ടാണ് കടലിലൂടെയെല്ലാം പൈപ്പ് കൊണ്ടുപോകാന്‍ ഗെയില്‍ വിസമ്മതിക്കുന്നത്.
സമരത്തിന് പുറമെ നിയമനടപടികള്‍ സ്വീകരിക്കുന്നില്ല ?
കോടതിയില്‍ സമരസമിതി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് അഭിഭാഷക കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതിനെ കൗണ്ടര്‍ ചെയ്യാനായി ഗെയില്‍ ഇപ്പോള്‍ വീണ്ടും നീക്കം നടത്തുന്നുണ്ട്. വ്യക്തി തലത്തിലും നിരവധി പരാതികള്‍ വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം എം.ഐ ഷാനവാസ് എം.പി ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജനങ്ങളുടെ പ്രതികരണം എന്താണ് ?
കീഴുപറമ്പ് പഞ്ചായത്തില്‍ തന്നെ നൂറിലധികം വീടുകളെ ഇത്ബാധിക്കും. ഇത്തരത്തില്‍ കേരളത്തിലെ 137 പഞ്ചായത്തുകളിലൂടെ പൈപ്പ്ലൈന്‍ കടന്നുപോകുന്നുണ്ട്. അതുവെച്ച് നോക്കുമ്പോള്‍ വലിയ അളവില്‍ വീടുകളെ ബാധിക്കും. അതേ സമയം വീടുകളെ ഒഴിവാക്കാമെന്നാണ് സര്‍ക്കാരും ഗെയിലും പറയുന്നത്. വീടുകളെ ഒഴിവാക്കിയാല്‍ തന്നെ മുറ്റത്ത് കൂടെയടക്കം മുറ്റത്ത് കൂടെയടക്കം പൈപ്പ്ലൈന്‍ പോകും. അത് ആളുകള്‍ക്ക് വലിയ ആശങ്കയാണുള്ളത്.
പലവീടുകള്‍ക്കിടയിലും അഞ്ച് മീറ്റര്‍ ഒക്കെയാണ് സ്ഥലമുള്ളത്. സര്‍ക്കാര്‍ പറമ്പില്‍ അയ്യൂബ് സഖാഫിയെന്ന ആളുടെ വീടിനും സമീപത്തെ വീടിനുമിടയില്‍ അഞ്ച് മീറ്ററാണുള്ളത്. ഇതിനിടയിലൂടെയാണ് പൈപ്പ് പോകുന്നത്.
കീഴുപറമ്പ് പഞ്ചായത്തില്‍ ഏറെ പ്രതിസന്ധിയാണ് വരുന്നത്. അത് കൊണ്ട് സര്‍ക്കാര്‍ ഒന്നുകൂടെ അനുകൂലമായ നിലപാടിലേക്ക് വരുമെന്നാണ് സമരസമിതി വിചാരിക്കുന്നത്. അല്ലെങ്കില്‍ വളരെസമാധാനപരമായി ഗാന്ധിയന്‍ രൂപത്തിലുള്ള സമരവുമായി ജനങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിച്ച് കൊണ്ട് മുന്നോട്ടുപോകും.
പദ്ധതിക്കായി നേരത്തെ സാറ്റ്ലൈറ്റ് സര്‍വ്വെ നടത്തിയിരുന്നു. പിന്നെ എട്ടുവര്‍ഷം മുമ്പ് ഇതിന്റെ പണി തുടങ്ങാന്‍ ശ്രമിച്ചപ്പോള്‍ സര്‍വ്വെ നടത്തി. ആ സര്‍വ്വെ നടത്തിയതിന് ശേഷം എുവര്‍ഷം പദ്ധതിമുടങ്ങിയപ്പോള്‍ പുതുതായി കുറേ വീടുകള്‍ അവിടേക്ക് വന്നു എന്നത് പ്രതിസന്ധി കൂടുതലാക്കിയിട്ടുണ്ട്. പലര്‍ക്കും അഞ്ചോ പത്തോ സെന്റ് സ്ഥലം മാത്രമുള്ളവരാണ്. അത്കൊണ്ട് അവര്‍ക്ക് അവിടെ വീട് വെക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്.
എരഞ്ഞിമാവ് സമരത്തില്‍ പങ്കെടുത്തവര്‍ക്ക് തീവ്രവാദി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നില്ലേ ?
വളരെ സമാധാനപരമായി സമരം മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ സമരത്തെ പൊളിക്കാന്‍ കഴിയാതെ വന്നതോടെ മെനഞ്ഞ തന്ത്രമാണ് തീവ്രവാദ ബന്ധം
പുറമെ നിന്ന് ആരും പങ്കെടുത്തിട്ടില്ല. എളമരം കരീമടക്കം അത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ നിന്നടക്കം ആളുകള്‍ സമരത്തിന് എത്തിയെന്നായിരുന്നു ആരോപണം. പൊലീസ് പ്രതികളാക്കിയവരില്‍ പോലും പുറത്ത് നിന്നും ആരുമില്ല. സമരത്തിന് ഒരു തീവ്രവാദി ബന്ധവും ഉണ്ടായിട്ടില്ല.
സമരത്തെ പൊളിക്കാന്‍ കഴിയാതെ വന്നതോടെ പത്രമാധ്യമങ്ങളിലടക്കം ഈ പ്രചരണം നടത്തുകയാണുണ്ടായത്.
പൊലീസ് പലര്‍ക്കെതിരെയും കള്ളക്കേസ് നല്‍കിയിട്ടുണ്ട്. പൊലീസിനെ മാരകമായി അക്രമിച്ചെന്നതടക്കമുള്ള കള്ളക്കേസുകളാണ് നല്‍തിയത്. കേസില്‍ കോഴിക്കോട് ജയിലിലായിരുന്ന 23 പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇപ്പോഴും മഞ്ചേരി സബ്ജയിലില്‍ പന്ത്രണ്ട് പേര് കിടക്കുന്നുണ്ട്. ഇവരുടെ കേസ് ഇരുപതാം തിയ്യതിയാണ് പരിഗണിക്കുന്നത്.