| Monday, 25th December 2017, 7:09 pm

മൂന്ന് സംസ്ഥാനങ്ങളിലെ ഗെയില്‍ പൈപ്പ്ലൈന്‍ ജനജീവിതത്തെ നേരിട്ട് ബാധിതച്ചതായി സി.എ.ജി റിപ്പോര്‍ട്ട്

എഡിറ്റര്‍

ന്യൂദല്‍ഹി: രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ സ്ഥാപിച്ച ഗെയില്‍ പൈപ്പ്ലൈന്‍ ജനജീവിതത്തെ നേരിട്ട് ബാധിച്ചതായി കണ്‍ട്രോള്‍ ആന്‍ഡ് ഓഡിറ്റ് ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സി.എ.ജി റിപ്പോര്‍ട്ടിലെ വിശദവിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

2012 – 2015 കാലയളവിലാണ് സി.എ.ജി ഗെയില്‍ പൈപ്പ് ലൈനുകളെക്കുറിച്ച് പഠനം നടത്തിയത്. ഗെയില്‍ പൈപ്പ്‌ലൈനുകള്‍ നേരത്തെ സ്ഥാപിച്ചിട്ടുള്ള കര്‍ണ്ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് സി.എ.ജി പഠനം നടത്തിയത്.

പദ്ധതി ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പദ്ധതി നടപ്പിലാക്കിയടങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ഗെയിലിന് വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കുന്നു. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ 527 വീടുകള്‍ 681 വൈദ്യുത പോസ്റ്റുകള്‍ എന്നിവ പൊളിച്ച് നീക്കാമെന്ന് അതത് ജില്ലാ ഭരണകൂടം ഉറപ്പു നല്‍കിയതായി ഗെയില്‍ അധികൃതരെ ഉദ്ധരിച്ച് സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു.

പൊളിച്ച് നീക്കാന്‍ അനുമതി ലഭിച്ചിരിക്കുന്ന ഈ കെട്ടിടങ്ങളെല്ലാം പൈപ്പലൈന്‍ കടന്നുപോകുന്ന 15 മീറ്റര്‍ ദൂരപരിധിയിലുള്ളതാണെന്നും ജനവാസം കുറഞ്ഞ മേകലയാണിതെന്നുമാണ് റിപ്പോര്‍ട്ട്. പൈപ്പുകള്‍ക്ക് 20 വര്‍ഷത്തെ ഗ്യാരന്റി ഗെയില്‍ പറയുന്നുണ്ടെങ്കിലും പൈപ്പുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ തുരുമ്പെടുക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.

എന്നാല്‍ പൈപ്പുകള്‍ തുരുമ്പെടുക്കാതിരിക്കാനുള്ള നടപടികള്‍ എവിടെയും സ്വീകരിക്കുന്നില്ലെന്നും ഇത് ദുരന്തത്തിനു സാധ്യതയുണ്ടാക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. 201 നവംബറില്‍ പൊന്നമാട- കടാലി പൈപ്പ ലൈനിലുണ്ടായ തീപിടുത്തത്തില്‍ പരിസ്ഥിതിയ്ക്കും കൃഷിയ്ക്കും വ്യാപക നാശമുണ്ടായിരുന്നെന്നും ഇതേത്തുടര്‍ന്ന് ഗെയില്‍ 51 ലക്ഷം നഷ്ട പരിഹാരം നല്‍കിയിരുന്നെന്നും റിപ്പോര്‍ട്ട പറയുന്നു.

2014 ഏപ്രിലിനും ജൂണിനും ഇടയില്‍ മാത്രം എട്ട് തവണ പൈപ്പ് ലൈനിലെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെന്നും എന്നാല്‍ പല സമയങ്ങളിലും പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാനുള്ള സമീപനം അധികൃതര്‍ സ്വീകരിച്ചില്ലെന്നും സി.എ.ജി പറയുന്നു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more