| Tuesday, 19th December 2017, 9:43 am

ഗെയ്ല്‍ രണ്ടാം ഘട്ട സമരം ഇന്ന് തുടങ്ങും; സമരം തടയാന്‍ വന്‍ സന്നാഹങ്ങളുമായി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുക്കം: സര്‍വ്വകക്ഷി യോഗം പരാജയപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടാം ഘട്ട ഗെയില്‍ വിരുദ്ധസമരത്തിന് ഇന്ന തുടക്കമാകും. സ്ത്രീകളെയും കൂടി ഉള്‍പ്പെടുത്തി നെല്ലിക്കാപ്പറമ്പിലെ ഗെയ്ല്‍ സൈറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ഗെയ്ല്‍ വിരുദ്ധ സമരസമിതി അറിയിച്ചു. ബുധനാഴ്ചയോടുകൂടി സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് സമരം വിപുലീകരിക്കാനാണ് തീരുമാനമെന്നാണ് സമരസമിതി നേതാക്കള്‍ അറിയിച്ചത്.

അതേസമയം സമരം നേരിടാന്‍ വന്‍ പൊലീസ് സന്നാഹമാണ് മുക്കത്ത് എത്തിയിരിക്കുന്നത്. വയനാട്, കോഴിക്കോട് ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പൊലീസ് സേനയേയും സമരത്തെ നേരിടാന്‍ എത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ചയോടെ മുക്കം പ്രദേശത്ത് പൊലീസിന്റെ റൂട്ട് മാര്‍ച്ച് നടന്നിരുന്നു. എകദേശം രണ്ടായിരം പൊലീസുകാര്‍ പങ്കെടുത്ത് റൂട്ട് മാര്‍ച്ചിലൂടെ പ്രദേശവാസികളെ പേടിപ്പെടുത്തുന്ന രീതിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് സമരസമിതി നേതാക്കള്‍ കുറ്റപ്പെടുത്തി.

സമരത്തെ നേരിടുന്നതിന്റെ ഭാഗമായി മുക്കത്തേക്കുള്ള ഒട്ടുമിക്ക ബസ് സര്‍വ്വീസുകളും പൊലീസ് കര്‍ശനമായി തടഞ്ഞിട്ടുണ്ട്. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ രാവിലെ മുതല്‍ മുന്നറിയിപ്പില്ലാതെ തന്നെ ബസ്സുകള്‍ തടയുകയാണ്. ചൊവ്വാഴ്ച പുലര്‍ച്ചയോടെ അഞ്ചു മണിയുടെ മുക്കം വഴി യുളള സര്‍വ്വീസുകള്‍ നിര്‍ത്തലാക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോടും പാളയത്തും പൊലീസ് യാത്രക്കാരെ പരിശോധിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more