| Friday, 18th August 2023, 11:55 pm

അവസരം നോക്കി നടക്കുന്ന കാലത്തും ഇതുപോലെ നിസ്വാര്‍ത്ഥനാകാന്‍ എല്ലാവര്‍ക്കും പറ്റില്ലാ! ഹാറ്റ്‌സ് ഓഫ് ഗെയ്ക്വാദ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. മഴ കളിമുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലുയിസ് നിയമപ്രകാരമാണ് ഇന്ത്യ വിജയിച്ചത്. ഡി.എല്‍.എസ് നിയമപ്രകാരമുണ്ടാകേണ്ട റണ്‍സിനേക്കാള്‍ രണ്ട് റണ്‍സ് ഇന്ത്യക്ക് കൂടുതലുണ്ടായിരുന്നു. രണ്ട് റണ്‍സിനാണ് ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ടോസ് ലഭിച്ച ഇന്ത്യ അയര്‍ലന്‍ഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടടത്തില്‍ 139 റണ്‍സ് നേടിയിരുന്നു.

140 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും യശസ്വി ജെയ്‌സ്വാളും മികച്ച തുടക്കമായിരുന്നു നല്‍കിയത്. ആദ്യ ഓവറുകളില്‍ തന്നെ ഇരുവരും അറ്റാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഇരുവരും ഒരു റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെടുന്നുണ്ട്.

ജോഷ്വ ലിറ്റില്‍ എറിഞ്ഞ രണ്ടാം ഓവറിലെ രണ്ടാം പന്തിനിടെയായിരുന്നു സംഭവം. പേസര്‍ ഷോര്‍ട്ട് ഓഫ് എ ലെങ്ത് പന്തായിരുന്നു എറിഞ്ഞത്, അത് യശസ്വി ജയ്സ്വാളിന്റെ തുടയില്‍ തട്ടി ഷോര്‍ട്ട് ഫൈനിലേക്ക് പോയി. ഗെയ്ക്വാദ് റണ്ണിനായി വിളിച്ചെങ്കിലും അദ്ദേഹം കണ്‍ഫ്യൂസ്ഡായിരുന്നു. ഇത് കാരണം രണ്ട് ബാറ്റര്‍മാരും ഒരേ എന്‍ഡിലെത്തിയിരുന്നു. ഭാഗ്യവശാല്‍ എറിഞ്ഞ ത്രോ എങ്ങോ പോയി.

ഈ നിമിഷത്തില്‍ നോണ്‍ സ്‌ട്രൈക്കിലുണ്ടായിരുന്ന ഗെയ്ക്വാദ് സ്‌ട്രൈക്കറുടെ എന്‍ഡിലേക്ക് ഓടുകയായിരുന്നു. വേണമെങ്കില്‍ അദ്ദേഹത്തിന് അവിടെ തന്നെ നില്‍ക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അവിടെ രണ്ടാമത് ചിന്തിക്കാന്‍ പോലും നിന്നില്ലായിരുന്നു. ഒരുപക്ഷെ ഗെയ്ക്വാദ് അവിടെ നില്‍ക്കുകയും ബോള്‍ കീപ്പേര്‍ഴ്‌സ് എന്‍ഡില്‍ എത്തുകയും ചെയ്തിരുന്നുവെങ്കില്‍ ജെയ്‌സ്വാള്‍ പുറത്തായേനേ.

ഗെയ്ക്വാദിന്റെ ഈ പ്രവര്‍ത്തി ട്വിറ്ററില്‍ ഒരുപാട് അഭിനന്ദനം നേടികൊടുക്കുന്നുണ്ട്.

അതേസമയം ഇന്ത്യക്കായി ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ടും അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ 47/2 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു മഴ എത്തിയത്. 24 റണ്‍സ് നേടി യശസ്വി ജെയ്‌സ്വാളും, റണ്‍സൊന്നുമെടുക്കാതെ തിലക് വര്‍മയുമാണ് പുറത്തായ ബാറ്റര്‍മാര്‍.

ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് പത്ത് ഓവറുകളോളം പതറുന്ന കാഴ്ചയായിരുന്നു കണ്ടത്. മത്സരത്തില്‍ ഒരു തരത്തിലും അയര്‍ലന്‍ഡിന് ഇന്ത്യക്ക് മുകളില്‍ എത്താന്‍ സാധിക്കാത്ത അവസ്ഥ. മറുവശത്ത് ബുംറ നയിക്കുന്ന ബൗളിങ് നിര തീ തുപ്പുന്ന പ്രകടനവും. ഒരു സമയം അയര്‍ലന്‍ഡ് നൂറ് കടക്കുമോ എന്ന് വരെ സംശയിച്ചിരുന്നു.

എന്നാല്‍ അയര്‍ലന്‍ഡിന്റെ എട്ടാം നമ്പര്‍ ബാറ്റര്‍ ബാരി മക്കാര്‍ത്തി വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 10 ഓവറില്‍ ടീം സ്‌കോര്‍ 59ല്‍ നില്‍ക്കവെയായിരുന്നു മക്കാര്‍ത്തി ക്രീസിലെത്തുന്നത്. ഏഴാം വിക്കറ്റില്‍ കര്‍ടിസ് കാംഫറുമായി മികച്ച 57 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കാന്‍ മക്കാര്‍ത്തിക്ക് സാധിച്ചു. കാംഫര്‍ 33 പന്തില്‍ നിന്നും 39 റണ്‍സ് നേടി.

എന്നാല്‍ പിന്നീട് മക്കാര്‍ത്തി അഴിഞ്ഞാടുകയായിരുന്നു. ഒടുവില്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 33 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ മക്കാര്‍ത്തി നിന്നു. മത്സരം എങ്ങനെ അവസാനിച്ചാലും മക്കാര്‍ത്തിയുടെ ഇന്നിങ്‌സ് ഒരുപാട് പ്രശംസ അര്‍ഹിക്കുന്നതാണ്. നാല് ഫോറും അത്രയും തന്നെ സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ഇന്ത്യക്കെതിരെ ട്വന്റി-20 ക്രിക്കറ്റില്‍ എട്ടാം നമ്പറില്‍ ഇറങ്ങി അര്‍ധസെഞ്ച്വറി തികക്കുന്ന ആദ്യ ബാറ്ററാണ് മക്കാര്‍ത്തി. താരത്തിന്റെ ആദ്യ അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്.

Content Highlight: Gaikwad’s Selfless Gesture in India vs Ireland Match

Latest Stories

We use cookies to give you the best possible experience. Learn more