| Friday, 24th November 2023, 6:58 pm

നാണംകെട്ട റെക്കോഡ് പട്ടികയില്‍ ഇനി ഗെയ്ക്വാദും

സ്പോര്‍ട്സ് ഡെസ്‌ക്

നവംബര്‍ 23ന് തുടങ്ങിയ ഓസ്‌ട്രേലിയയുമായുള്ള അഞ്ച് ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ നാടകീയമായ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ഓസീസിനെ ബാറ്റിങ്ങിനയച്ചപ്പോള്‍ 20 ഓവറില്‍ 208 റണ്‍സായിരുന്നു നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.5 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടി ഓപ്പണിങ്ങിറങ്ങിയ റിതുരാജ് ഗെയ്ക്വാദ് ഒരു പന്ത് പോലും കളിക്കാതെ അനാവിശ്യമായ ഒരു റണ്‍ ഔട്ടില്‍ പുറത്തായിരുന്നു. യശ്വസി ജയ്‌സ്വാളുമായുള്ള തെറ്റായ ആശയവിനിമയത്തിലായിരുന്നു റിതുരാജിന് വിക്കറ്റ് നഷ്ടമായത്.

ക്രിക്കറ്റ് ലോകത്തെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളിലൊന്നായിരുന്നു ഗെയ്ക്വാദിന്റെ ഡയമണ്ട് ഡക്ക്. ഇതോടെ ടി-ട്വന്റി ഫോര്‍മാറ്റില്‍ ഡയമണ്ട് ഡക്കിന് പുറത്താകുന്ന മൂന്നാമത്തെ താരമാകുകയാണ് റിതുരാജ്. ഇതോടെ ഡയമണ്ട് ഡക്ക് ലഭിച്ച ഇന്ത്യന്‍ കളിക്കാരുടെ പട്ടികയില്‍ അമിത് മിശ്ര, ജസ്പ്രീത് ബുംറ എന്നിവരുടെ കൂടെ ഗെയ്ക്വാദും എത്തിയിരിക്കുകയാണ്. 2016 ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ ജസ്പ്രീത് ബുംറ ഡയമണ്ട് ഡക്ക് നേടിയപ്പോള്‍ 2017ല്‍ ഇംഗ്ലണ്ടിനോടുള്ള മത്സരത്തില്‍ അമിത് മിശ്രക്കും ഇതേ വിധി ആയിരുന്നു. ഇതുവരെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും 21 ഇന്ത്യന്‍ കളിക്കാരാണ് ഡയമണ്ട് ഡക്ക് നേരിട്ടത്.

വിശാഖപട്ടണത്ത് വച്ച് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിനുവേണ്ടി ജോഷ് ഇംഗ്ലീസ് 50 പന്തില്‍ നിന്നും 110 റണ്‍സ് നേടിയപ്പോള്‍ സ്റ്റീവ് സ്മിത്ത് 41 പന്തില്‍ 52 റണ്‍സ് എടുത്ത് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രസീത് കൃഷ്ണക്കും രവി ബിഷ്‌ണോയിക്കും ഓരോ വിക്കറ്റുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജോസ് ഇംഗ്ലീസ് എട്ട് സിക്‌സറുകളും 11 ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ അനാവശ്യമായ റണ്‍ഔട്ടിലൂടെ ഗയ്ക്വദിനെ നഷ്ടപ്പെട്ടപ്പോള്‍ ശേഷം ക്രീസില്‍ വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ ഇന്ത്യ ആത്മവിശ്വാസം വീണ്ടെടുക്കുകയായിരുന്നു. 42 പന്തില്‍ നിന്നും 80 റണ്‍സാണ് സ്‌കൈ സ്‌കോര്‍ ചെയ്തത്. ഇഷാന്‍ കിഷന്‍ 39 പന്തില്‍ 58 റണ്‍സിന്റെ മികച്ച പ്രകടനവും കാഴ്ചവച്ചു.  അവസാനമാകുമ്പോഴേക്കും വീണ്ടും റണ്ണൗട്ടുകള്‍ വില്ലന്‍ ആയപ്പോള്‍ റിങ്കു സിങ് ആണ് ഇന്ത്യയെ 14 പന്തില്‍ നിന്നും 22 റണ്‍സ് നേടി വിജയത്തില്‍ എത്തിച്ചത്.

Content Highlight: Gaikwad is now in the shameless record list

We use cookies to give you the best possible experience. Learn more