[] ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഗംഗ സംരക്ഷണ പദ്ധതിയില്‍ സുപ്രീംകോടതിക്ക് അതൃപ്തി. സമയബന്ധിതമായി തീര്‍ക്കാന്‍ കഴിയുന്നതും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്ന പദ്ധതികളാവണം സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന്റെ പ്ലാന്‍ അനുസരിച്ച് ഗംഗ ശുദ്ധീകരിക്കാന്‍ 200 വര്‍ഷമെങ്കിലും എടുക്കുമെന്നും കോടതി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ പ്രകടന പത്രികയിലെ പ്രധാന അജന്‍ഡകളിലൊന്നായിരുന്നു ഗംഗാ സംരക്ഷണം.
സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരുന്നു കോടതിയുടെ നിരീക്ഷണം. കൃത്യമായ പദ്ധതിയില്ലെങ്കില്‍ കോടതി സര്‍ക്കാരിനെ സഹായിക്കാം. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആളെ നിയോഗിക്കാം. വേണമെങ്കില്‍ ഗംഗയെ മലിനമാക്കുന്ന വ്യവസായശാലകളെ പൂട്ടിക്കാമെന്നും കോടതി പറഞ്ഞു.
രണ്ടാഴ്ച്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് പൂര്‍ണമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ ടി.എസ് ടാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഗംഗയെ ശുദ്ധീകരിക്കുന്നത് ബി.ജെ.പി തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനമായിരുന്നു. വിശുദ്ധ നദിയായി കാണുന്ന ഗംഗയെ മലീനീകരണത്തില്‍ നിന്നും മോചിപ്പിക്കുയാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്ര നദീജല വകുപ്പ് മന്ത്രി ഉമാഭാരതിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്.