ഇത് മോളിവുഡിന്റെ സ്വന്തം സയന്‍സ് ഫിക്ഷന്‍; ഞെട്ടിച്ച് ഗഗനചാരി ട്രെയ്‌ലര്‍
Entertainment news
ഇത് മോളിവുഡിന്റെ സ്വന്തം സയന്‍സ് ഫിക്ഷന്‍; ഞെട്ടിച്ച് ഗഗനചാരി ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th July 2023, 8:06 pm

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, അനാര്‍ക്കലി മരിക്കാര്‍, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ഗഗനചാരി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്.

സയന്‍സ് ഫിക്ഷന്‍ കോമഡി ഴോണറില്‍ പെടുന്ന ചിത്രത്തിന്റെ 2.04 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സാജന്‍ ബേക്കറി എന്ന ചിത്രത്തിന്റെ സംവിധായകനാണ് അരുണ്‍ ചന്ദു.

2043 ഇല്‍ കേരളത്തില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. അന്യഗ്രഹ ജീവികളും സയന്‍സ് ഫിക്ഷനുമൊക്കെ നിറഞ്ഞ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ഇത്തരത്തിലുള്ള ചിത്രങ്ങളാണ് മലയാളികള്‍ക്ക് ആവശ്യമെന്നും, ഇങ്ങനെയുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നുമാണ് ട്രെയ്‌ലര്‍ പങ്കുവെച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത്. മോക്കുമെന്ററി ശൈലിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.


അജിത്ത് വിനായക ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. ശിവ സായി, അരുണ്‍ ചന്ദു എന്നിവരാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്ത് എസ് പൈ. സംഗീതം പ്രശാന്ത് പിള്ള. കലാസംവിധാനം എം. ബാവ. എഡിറ്റിങ് അരവിന്ദ് മന്മഥന്‍, സീജേ അച്ചു. കള എന്ന സിനിമയ്ക്ക് ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ ഫിനിക്‌സ് പ്രഭു ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍. വി.എഫ്.എക്‌സിന് പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്‌സ് ഒരുക്കുന്നത് മെറാക്കി സ്റ്റുഡിയോസ് ആണ്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൊച്ചിയിലാണ് ഈ പരീക്ഷണ ചലച്ചിത്രം ചിത്രീകരിച്ചത്. പി.ആര്‍.ഒ എ. എസ് ദിനേശ്, ആതിര ദില്‍ജിത്ത്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയിലും ഗോകുല്‍ സുരേഷ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Content Highlight: Gaganachari  movie trailer released