'ഗഡ്ഗരിക്ക് ക്രിക്കറ്റിനെ കുറിച്ച് എന്തറിയാം, വല്ല സിമന്റിനെ കുറിച്ചും ടാറിനെ കുറിച്ചുമൊക്കെ പറയട്ടെ'; മഹാരാഷ്ട്ര രാഷ്ട്രീയം ക്രിക്കറ്റ് പോലെയെന്ന പരാമര്‍ശത്തില്‍ മറുപടിയുമായി ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ രൂപപ്പെടുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ബി.ജെ.പിയെ അസ്വസ്ഥരാക്കുകയാണെന്ന് ശിവസേന. പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ ഒരിക്കലും ബി.ജെ.പിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പി ഇപ്പോള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് കുതിരക്കച്ചവടം മുന്‍പില്‍ കണ്ടാണെന്നും സാംമ്‌നയിലെഴുതിയ ലേഖനത്തില്‍ ശിവസേന പറഞ്ഞു.
‘രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ കുതിരക്കച്ചവടം’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലായിരുന്നു ശിവസേന ബി.ജെ.പിക്കെതിരെ രംഗത്തെത്തിയത്.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തിയാല്‍ അധിക കാലം അതിജീവിക്കില്ലെന്നും ആറ് മാസത്തിനുള്ളില്‍ തകര്‍ന്നുവീഴുമെന്നുമുള്ള മുഖ്യമന്ത്രി ദേവേന്ദ്ര ഫ്ട്‌നാവിസിന്റെ രോദനം പാര്‍ട്ടിയുടെ ബലഹീനത മറച്ചുവെക്കാനാണെന്നും പുതിയ രാഷ്ട്രീയ സമവാക്യം ചിലര്‍ക്ക് ‘വയറുവേദന’ ഉണ്ടാക്കിയിരിക്കുകയാണെന്നുമായിരുന്നു ശിവസേന പരിഹസിച്ചത്.
”തുടക്കത്തില്‍ പിന്മാറിയ ശേഷം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ആത്മവിശ്വാസം ബി.ജെ.പി ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് രാഷ്ട്രപതി ഭരണത്തിന്റെ മറവില്‍ കുതിരക്കച്ചവടം നടത്താനുള്ള ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ്.
105 എം.എല്‍.എമാര്‍ മാത്രമുള്ള അവര്‍ സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് നേരത്തെ ഗവര്‍ണറെ അറിയിച്ചു. ഇപ്പോള്‍ അവര്‍ പറയുന്നു തനിച്ച് സര്‍ക്കാരുണ്ടാക്കുമെന്ന്? ഇത് എങ്ങനെയാണ് സംഭവിക്കുക. സുതാര്യമായ ഭരണം വാഗ്ദാനം ചെയ്യുന്നവരുടെ നുണകള്‍ ഇപ്പോള്‍ വ്യക്തമായി ക്കൊണ്ടിരിക്കുകയാണ് ”- ശിവസേന പറഞ്ഞു.
മഹാരാഷ്ട്ര രാഷ്ട്രീയം ക്രിക്കറ്റുപോലെയാണെന്നും എപ്പോള്‍ വേണമെങ്കിലും മാറിമറയാമെന്നും പറഞ്ഞ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശത്തെയും ശിവസേന പരിഹസിച്ചു.’ക്രിക്കറ്റിനെ കുറിച്ചു പറയാന്‍ ഗഡ്ഗരിയ്ക്ക് കഴിയില്ലെന്നും അദ്ദേഹത്തിന് ക്രിക്കറ്റുമായി യാതൊരു ബ്ന്ധവും ഇല്ലെന്നുമായിരുന്നു ശിവസേന പറഞ്ഞത്.
‘ഗഡ്കരിയ്ക്ക് ക്രിക്കറ്റുമായി ബന്ധമില്ല. സിമന്റ്, എത്തനോള്‍, അസ്ഫാല്‍റ്റ് തുടങ്ങിയ കാര്യങ്ങളുമായാണ് അദ്ദേഹത്തിന് ബന്ധം. അദ്ദേഹം അതേ കുറിച്ച് പറയട്ടെ. ഒരു കളി എന്നതിനേക്കാള്‍ ഉപരി ക്രിക്കറ്റ് ഇപ്പോള്‍ ഒരു ബിസിനസായി മാറി. ക്രിക്കറ്റിലും കുതിരക്കച്ചവടവും ഫിക്‌സിംഗും എല്ലാം നടക്കുന്നു
ക്രിക്കറ്റ് യഥാര്‍ത്ഥത്തില്‍ ജയിക്കുകയാണോ അതോ ഒത്തുകളിയാണോ എന്നൊക്കെയുള്ള സംശയം ഇപ്പോള്‍ നിലനില്‍ക്കും. അതുകൊണ്ട് തന്നെ മഹാരാഷ്ട്ര രാഷ്ട്രീയത്തെ ക്രിക്കറ്റിനോട് ഉപമിച്ച ഗഡ്കരിയുടെ നടപടി ഒരു തരത്തില്‍ ഉചിതമാണ്’- എന്നായിരുന്നു ശിവസേന പരിഹസിച്ചത്.
മത്സരത്തില്‍ തോല്‍ക്കുന്നതായി തോന്നുന്നവരാണ് യഥാര്‍ത്ഥത്തില്‍ കളി ജയിക്കുകയെന്നും ക്രിക്കറ്റ് മത്സരം പോലെ തന്നെ രാഷ്ട്രീയത്തിലും എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
എല്ലാ ശ്രമങ്ങളും നടത്തിയിട്ടും നിലവിലെ സാഹചര്യത്തില്‍ സുസ്ഥിരമായ ഒരു സര്‍ക്കാറിന്റെ രൂപീകരണം അസാധ്യമാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.