| Monday, 28th March 2022, 1:24 pm

ജനാധിപത്യത്തിന് കരുത്തുള്ള കോണ്‍ഗ്രസ് ആവശ്യമാണ്; കോണ്‍ഗ്രസ് ശക്തിയാര്‍ജ്ജിക്കണമെന്നാണ് ആഗ്രഹം: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജനാധിപത്യത്തിന് കരുത്തുള്ള കോണ്‍ഗ്രസ് ആവശ്യമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് ശക്തിയാര്‍ജ്ജിക്കണമെന്നാണ് തന്റെ സത്യസന്ധമായ ആഗ്രഹമെന്നും ഗഡ്കരി പറഞ്ഞു.

കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം പിന്തുടരുന്നവര്‍ പാര്‍ട്ടിയില്‍ തുടരുകയും അതിന്റെ ആദര്‍ശങ്ങളില്‍ വിശ്വസിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അടല്‍ ബിഹാരി വാജ്പേയിയോട് നെഹ്‌റു പൂര്‍ണ്ണ ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

”കോണ്‍ഗ്രസ് ശക്തമായി തുടരണം. നേതാക്കള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. തോല്‍വി കണ്ട് പിന്മാറരുത്, എല്ലാ പാര്‍ട്ടിക്കും അവരുടേതായ ദിവസമുണ്ടാവും. ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ് സര്‍ക്കാരും പ്രതിപക്ഷവും”, അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പ്രാദേശിക പാര്‍ട്ടികള്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസ് ശക്തിയാര്‍ജ്ജിക്കേണ്ടത് അത്യാവശ്യമാണെന്നും
കോണ്‍ഗ്രസിന്റെ സ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ കയ്യേറുന്നത് നല്ല സൂചനയല്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Gadkari: Hope Congress gets stronger as strong Opposition is good for democracy

We use cookies to give you the best possible experience. Learn more