| Wednesday, 26th September 2012, 10:05 am

ഗദ്ദാഫിയെ ഒളിത്താവളത്തില്‍ പിടികൂടിയ യുവാവിന്റെ മരണം;മിസ്രാത്തയില്‍ സംഘര്‍ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിസ്രാത്ത്‌:  അറബ് രാജ്യമായ ലിബിയയെ നാല് പതിറ്റാണ്ടോളം കാലം അടക്കി ഭരിച്ച കേണല്‍ മുഅമര്‍ ഗദ്ദാഫിയെ ഒളിത്താവളത്തില്‍ നിന്ന്‌ പിടികൂടിയ യുവാവ് കൊല്ലപ്പെട്ടു. ഒംറാന്‍ ബെന്‍ ഷാബാന്‍ (22) ആണ് കൊല്ലപ്പെട്ടത്.

ഷാബാനെ കഴിഞ്ഞ ജൂലായില്‍ ഗദ്ദാഫി അനുകൂലികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തിലും വയറിലും ഇയാള്‍ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാബാനെ ഒരാഴ്ച്ച മുമ്പാണ് ഗദ്ദാഫി അനുകൂലികള്‍ മോചിപ്പിച്ചത്. []

ഉടന്‍ തന്നെ ഷാബാനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ തുടര്‍ന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷാബാന്റെ മരണത്തെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ജന്മനാടായ മിസ്രാത്തയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

ഇന്നലെയായിരുന്നു ഇദ്ദേഹത്തിന്റെ മൃതശരീരം പ്രത്യേക വിമാനത്തില്‍ മിസ്രാത്തയിലേക്ക് കൊണ്ടുവന്നത്. ഷാബാന് അനുശോചനം അര്‍പ്പിക്കാന്‍ ആയിരങ്ങളായിരുന്നു ജന്മനാട്ടില്‍ തടിച്ചുകൂടിയത്.

സിര്‍ത്തില്‍ ഒളിവിലായിരുന്ന ഗദ്ദാഫിയെ ഒളിത്താവളത്തില്‍ നിന്നും വലിച്ച് പുറത്തിട്ടത് ഷാബാനായിരുന്നു. വിമതര്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഗദ്ദാഫിയെ വധിച്ചു. ഇതിന് പ്രതികാരമായാണ് ഷാബാനെ ഗദ്ദാഫി അനുകൂലികള്‍ തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയതിന് ശേഷം ഷാബാനെ ഗദ്ദാഫിയെ അക്രമിച്ചതിന് സമാനമായ രീതിയില്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more