| Friday, 30th May 2014, 6:49 am

ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: ചവറ്റുകൊട്ടയില്‍ ഇടാനുളളതല്ലെന്ന് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]
ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് പ്രഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ സമിതി തയാറാക്കിയ റിപ്പോര്‍ട്ട് ചവറ്റുകൊട്ടയില്‍ ഇടാനുള്ളതല്ലെന്നും സമിതി നിര്‍ദേശിച്ച ശിപാര്‍ശകള്‍ പഠിക്കുമെന്നും എന്‍.ഡി.എ സര്‍ക്കാറിലെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അഭിപ്രായപ്പെട്ടു. പശ്ചിമഘട്ടം സംരക്ഷണത്തിനുള്ള കരട് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളും അഭിപ്രായങ്ങളും അറിയിക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കുമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവും വ്യക്തമാക്കി.

ന്യൂഡല്‍ഹി “പരിയാവരന്‍ ഭവനി”ല്‍ മന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷം പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട എന്‍.ഡി.എ സര്‍ക്കാറിന്റെ നിലപാട് വാര്‍ത്താമാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുകയായിരുന്നു പ്രകാശ് ജാവ്‌ദേക്കര്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ തള്ളിക്കളഞ്ഞ് പകരം കസ്തൂരിരംഗന്‍ സമിതിയുടെ ശിപാര്‍ശകള്‍ നടപ്പാക്കിയ യു.പി.എ സര്‍ക്കാറിന്റെ നിലപാടിനോട് എന്‍.ഡി.എ സര്‍ക്കാറിന് യോജിപ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രകാശ് ജാവ്‌ദേക്കറിന്റെ പ്രസ്താവന.

മാധവ് ഗാഡ്ഗിലുമായി റിപ്പോര്‍ട്ട് സംബന്ധിച്ച് നേരത്തേ സംസാരിച്ചതാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ലക്ഷ്യംമാക്കിയാണ് താന്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്നും എന്നാല്‍, റിപ്പോര്‍ട്ട് പഠിക്കാതെ പലരും തന്നെ വികസന വിരുദ്ധനായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും മാധവ് ഗാഡ്ഗില്‍ തന്നോട് പറഞ്ഞിട്ടുണ്ട്. പശ്ചിമഘട്ട സംസ്ഥാനമായ മഹാരാഷ്ട്രയില്‍നിന്നുള്ളവരാണ് തങ്ങളിരുവരുമെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ ഓര്‍മിപ്പിച്ചു.

പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയമാണ് മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചതെന്ന് പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. അതിനാല്‍, ആ റിപ്പോര്‍ട്ട് മന്ത്രാലയം ചവറ്റുകൊട്ടയിലിടരുതായിരുന്നു. ഒരു മന്ത്രാലയവും വിദഗ്ധ സമിതികളെ നിയോഗിക്കുന്നത് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചവറ്റുകൊട്ടയിലിടാനല്ല.

അതിനാല്‍, പശ്ചിമഘട്ട സംരക്ഷണത്തില്‍ നയം രൂപപ്പെടുത്തും മുമ്പ് എന്‍.ഡി.എ സര്‍ക്കാര്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പഠിക്കുമെന്നും ജാവ്‌ദേക്കര്‍ കുട്ടിച്ചേര്‍ത്തു.
കസ്തൂരിരംഗന്‍ ശിപാര്‍ശകള്‍ നടപ്പാക്കാനുള്ള യു.പി.എ സര്‍ക്കാറിന്റെ തീരുമാനവും കരട് വിജ്ഞാപനവും പുനഃപരിശോധിക്കുമോ എന്ന് ചോദ്യത്തിനു ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പഠിക്കുമെന്ന് മാത്രമാണ് ഇപ്പോള്‍ പറയുന്നതെന്നും പുനഃപരിശോധനയുടെ കാര്യം പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാറിന്റെ നയപരമായ വിഷയമായതിനാല്‍ മന്ത്രിസഭ തീരുമാനമെടുക്കാതെ അക്കാര്യം പറയാനാകില്ലെന്നും ജാവ്‌ദേക്കര്‍ വ്യക്തമാക്കി. പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തില്‍ യു.പി.എ സര്‍ക്കാര്‍ ഇളവ് നല്‍കിയത് പുനഃപരിശോധിക്കുമോ എന്ന ചോദ്യത്തിനും പഠിച്ച ശേഷമേ പ്രതികരിക്കൂ എന്ന് മന്ത്രി മറുപടി നല്‍കി.

Latest Stories

We use cookies to give you the best possible experience. Learn more