ബെര്‍ലിന്‍: ബെലോ ഹൊറിസോന്റിയില്‍ തകര്‍ന്നടിഞ്ഞ ബ്രസീലിയന്‍ നൗകയ്ക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ്. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയില്‍ നിന്നേറ്റ 7- 1 ന്റെ പരാജയത്തിനു മധുര പ്രതികാരവുമായി മഞ്ഞപ്പട. 1-0 ത്തിനാണ് ബ്രസീല്‍ ജര്‍മനിയെ സൗഹൃദ മത്സരത്തില്‍ പരാജയപ്പെടുത്തിയത്. അതേസമയം മറ്റൊരു മത്സരത്തില്‍ സ്‌പെയിന്‍ ഒന്നിനെതിരെ ആറുഗോളുകള്‍ക്ക് അര്‍ജന്റീനയെ തരിപ്പണമാക്കുകയും ചെയ്തു.
മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു സ്‌പെയിനില്‍ നിന്നു എല്‍ക്കേണ്ടി വന്നത്. ഇസ്‌കോയുടെ ഹാട്രിക് മികവിലാണ് സ്‌പെയിനിന്റെ വിജയം.
2014 ലെ ലോകക്കപ്പില്‍ സ്വന്തം നാട്ടിലേറ്റ തോല്‍വിക്ക് ജര്‍മ്മനിയിലെ ഒളിംപിയ സ്റ്റേഡിയത്തില്‍ മറുപടി നല്‍കുകയായിരുന്നു ബ്രസീല്‍ മല്‍സരത്തിന്റെ 37 -ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം ഗബ്രിയേല്‍ ജിസ്യൂസാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. വില്ലിയന്റെ ക്രോസിനു ജിസ്യൂസ് ഗോളിലേക്കു തല വയ്ക്കുകയായിരുന്നു.
2016 യൂറോകപ്പിനു ശേഷം അപരാജിതരായി കുതിച്ച ജര്‍മനിയുടെ ആദ്യതോല്‍വിയുമാണ് ഇന്നത്തേത്. ഇരുപത്തിരണ്ട് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ജര്‍മനിയുടെ പടയോട്ടത്തിനായിരുന്നു ഇന്നലെ അന്ത്യ കുറിച്ചത്.
അതേസമയം സൂപ്പര്‍ താരം മെസ്സിയില്ലാതെ ഇറങ്ങിയ അര്‍ജന്റീന സ്‌പെയിനിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. ഇസ്‌കോ കളം നിറഞ്ഞ കളിച്ച മത്സരത്തില്‍ എണ്ണം പറഞ്ഞ ആറു ഗോളുകളാണ് സ്‌പെയിന്‍ അര്‍ജന്റീനയുടെ വലയിലേക്ക് അടിച്ചു കയറ്റിയത്. ഡീഗോ കോസ്റ്റ, തിയാഗോ, ലാഗോ അസ്പസ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഒടമെന്‍ഡിയുടെ വകയായിരുന്നു അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍.