| Thursday, 18th April 2024, 1:25 pm

ഏറ്റവും മഹത്തായ കഥ; ലോകം മുഴുവന്‍ വായിച്ച മാസ്റ്റര്‍പീസ് നോവല്‍ സ്‌ക്രീനിലെത്തുന്നു; നെറ്റ്ഫ്‌ളിക്‌സ് സീരീസിന്റെ ടീസര്‍ പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മക്കോണ്ട എന്ന ഗ്രാമത്തിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴ് തലമുറകളുടെ കഥ പറഞ്ഞ നോവലാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ അഥവാ വണ്‍ ഹണ്ട്രഡ് ഇയേര്‍സ് ഓഫ് സോളിറ്റിയൂഡ്. വിഖ്യാത കൊളംബിയന്‍ സാഹിത്യകാരനായ ഗബ്രിയേല്‍ ഗര്‍സിയ മാര്‍ക്വേസിന്റെ മാസ്റ്റര്‍ പീസായി വിലയിരുത്തപെടുന്ന നോവലാണ് ഇത്.

1967ല്‍ പുറത്തിറങ്ങിയ ഈ നോവലിലൂടെ മാര്‍ക്വേസിന് 1982ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരവും ലഭിച്ചു. സ്പാനിഷ് ഭാഷയിലുള്ള നോവലിന് ലോകത്താകമാനം സ്വീകാര്യത നേടാന്‍ സാധിച്ചിരുന്നു. നോവല്‍ 50 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കുകയും 40 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തിരുന്നു.

2019ല്‍ മാര്‍ക്വേസിന്റെ മകന്‍ റോഡ്രിഗോ ഗാര്‍സിയ ബാര്‍ച്ച നെറ്റ്ഫ്‌ളിക്‌സിലൂടെ നോവലിന്റെ സീരീസ് അഡാപ്‌റ്റേഷന്‍ പ്രഖ്യാപിച്ചിരുന്നു. 2022ല്‍ സീരീസിന്റെ ആദ്യടീസര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടിരുന്നു. നോവലിന്റെ അതേപേരില്‍ എത്തുന്ന സീരീസിന്റെ പുതിയ ഒഫീഷ്യല്‍ ടീസര്‍ നെറ്റ്ഫ്‌ളിക്‌സ് ഇന്ന് പുറത്തുവിട്ടു.

ഒരു മിനിറ്റും 31 സെക്കന്റും ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നത്. സ്പാനിഷ് ഭാഷയില്‍ ചിത്രീകരിച്ച സീരീസ് കൊളംബിയയിലാണ് ചിത്രീകരിച്ചത്. അലക്സ് ഗാര്‍സിയ ലോപ്പസും ലോറ മോറയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന സീരീസിന് ആകെ 16 എപ്പിസോഡുകളാണ് ഉള്ളത്. ഡൈനാമോയെന്ന കൊളംബിയന്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് സീരീസ് നിര്‍മിക്കുന്നത്.

ക്ലോഡിയോ കാറ്റാനോ, ജെറോനിമോ ബറോണ്‍, മാര്‍ക്കോ ഗോണ്‍സാലസ്, ലിയോനാര്‍ഡോ സോട്ടോ, സുസാന മൊലാറല്‍സ്, ബെസെറ, കാര്‍ലോസ് സുവാരസ്, മൊറേനോ ബോര്‍ജ, സാന്റിയാഗോ വാസ്‌ക്വസ് തുടങ്ങിയ മികച്ച താരനിരയാണ് സീരീസില്‍ ഉണ്ടാവുക.

പുതിയ ജീവിതം സ്വപ്നം കണ്ട് ജോസ് അര്‍ക്കേഡിയോ ബുവെണ്ടിയയും ഭാര്യ ഉര്‍സുല ഇഗ്വറാനും കൊളംബിയയിലെ തങ്ങളുടെ ജന്മദേശം വിട്ട് യാത്ര പോകുന്നതാണ് നോവല്‍ പറയുന്നത്. ആ യാത്രയുടെ ഇടയില്‍ വിശ്രമിക്കുമ്പോഴാണ് ജോസ് അര്‍ക്കേഡിയൊ ഒരു സ്വപ്‌നം കാണുന്നു.

കണ്ണാടികൊണ്ട് നിര്‍മിതമായ മക്കോണ്ട എന്ന നഗരത്തെയാണ് അയാള്‍ സ്വപ്നം കാണുന്നത്. പിന്നീട് എറെ നാള്‍ നീണ്ട അലച്ചിലിന് ശേഷം അദ്ദേഹം മക്കോണ്ടയെന്ന തന്റെ സ്വപ്‌ന നഗരം സ്ഥാപിക്കും. പിന്നാലെ തങ്ങള്‍ക്ക് ചുറ്റുമുള്ള ലോകവും ജോസ് അര്‍ക്കേഡിയോ സ്വയം നിര്‍മിച്ചു. അതിന് ശേഷം മക്കോണ്ടയിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ അഥവാ വണ്‍ ഹണ്ട്രഡ് ഇയേര്‍സ് ഓഫ് സോളിറ്റിയൂഡ് എന്ന ഈ നോവല്‍ പറയുന്നത്.


Content Highlight: Gabriel Garcia Marquez’s One Hundred Years Of Solitude Netflix Series’s Teaser Out

We use cookies to give you the best possible experience. Learn more