ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരിക്കുകയാണ് ആഴ്സണൽ.
ഒല്ലി വാറ്റ്കിൻസ്, കുടീന്യോ എന്നിവർ വില്ലക്കായി ഗോളുകൾ സ്വന്തമാക്കിയപ്പോൾ സാക്ക, സിൻചെൻകോ, മാർട്ടിനെല്ലി എന്നിവരാണ് ആഴ്സണലിന്റെ വിജയഗോളുകൾ സ്വന്തമാക്കിയത്. കൂടാതെ മാർട്ടിനെസിന്റെ സെൽഫ് ഗോളും ഗണ്ണേഴ്സിന്റെ വിജയം അനായാസമാക്കി.
എന്നാൽ മത്സരം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കെ ബ്രസീലിയൻ താരം മാർട്ടിനെല്ലി നേടിയ ഗോളിനെതിരെ വിമർശനങ്ങൾ ഉയർന്ന് വരുന്നുണ്ട്. വില്ലയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടീനെസിനെ മറികടന്ന് മുന്നോട്ട് കുതിച്ച മാർട്ടിനെല്ലി ഒഴിഞ്ഞ പോസ്റ്റിലേക്ക് ഗോൾ നേടുന്നതിന് മുന്നേ തന്നെ ആഘോഷം തുടങ്ങിയിരുന്നു. ഇതിനെതിരെയാണ് വിമർശനങ്ങൾ ഉയർന്ന് വന്നത്.
ഗോൾ നേടുന്നതിന് മുമ്പ് ഇരു കൈകളും ആകാശത്തേക്കുയർത്തി മാർട്ടിനെല്ലി നടത്തിയ ആഘോഷമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
വില്ല താരം ഗബ്രിയേൽ അഗ്ബോൻലഹോറാണ് ടാൽക്സ് സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മാർട്ടിനെല്ലിയെ വിമർശിച്ച് രംഗത്തെത്തിയത്.
“ആഴ്സണൽ രണ്ടാം പകുതിയിൽ മികച്ച രീതിയിലാണ് മത്സരിച്ചത്. ആദ്യ പകുതിയിൽ അവർക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ മാറി. അവർ വിജയം അർഹിച്ചിരുന്നു,’ ഗബ്രിയേൽ അഗ്ബോൻലഹോർ പറഞ്ഞു.
“പക്ഷെ മത്സരത്തിന്റെ ഒരു ഭാഗം എനിക്ക് തീരെയിഷ്ടപ്പെട്ടില്ല. മാർട്ടിനെല്ലിയുടെ സെലിബ്രേഷനാണത്. ഒഴിഞ്ഞ വലയിലേക്ക് ഗോൾ നേടിയതിന് മുമ്പ് അദ്ദേഹം സെലിബ്രേഷൻ തുടങ്ങിയത് മര്യാദകേടാണ്. അത് ചെയ്യരുത്,’ ഗബ്രിയേൽ അഗ്ബോൻലഹോർ കൂട്ടിച്ചേർത്തു.
എന്നാൽ മത്സരത്തിൽ വിജയിക്കാൻ സാധിച്ചതോടെ ആഴ്സണൽ വീണ്ടും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. നിലവിൽ 23 മത്സരങ്ങളിൽ നിന്നും 17 വിജയങ്ങളോടെ 54 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ആഴ്സണൽ.