കേന്ദ്ര സര്‍ക്കാരിനെ ഇനി പാട്ടുപാടി പരിഹസിക്കുമോ; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിയങ്ക ചതുര്‍വേദിയുടെ മറുപടി
D' Election 2019
കേന്ദ്ര സര്‍ക്കാരിനെ ഇനി പാട്ടുപാടി പരിഹസിക്കുമോ; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രിയങ്ക ചതുര്‍വേദിയുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th April 2019, 10:44 am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വക്താവായിരിക്കെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും വാര്‍ത്താ സമ്മേളനങ്ങളില്‍ പാട്ടുപാടിയും മറ്റും നേതാക്കളെ പരിഹസിക്കുകയും ചെയ്യുന്ന രീതിയായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടേത്.

അടുത്തിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം വന്നപ്പോള്‍ ഒരു പാരഡി ഗാനം പാടിക്കൊണ്ടായിരുന്നു പ്രിയങ്ക ചതുര്‍വേദി സ്മൃതി ഇറാനിയെ പരിഹസിച്ചത്.

എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ശിവസേനയില്‍ ചേര്‍ന്നതോടെ ഇനി കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക എത്തുമോ എന്ന ചോദ്യമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.

കേന്ദ്രസര്‍ക്കാരിനെ പാട്ടുപാടി പരിഹസിക്കുന്നത് തുടരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തെറ്റായ എന്ത് നടപടികള്‍ വന്നാലും താന്‍ വിമര്‍ശിക്കുക തന്നെ ചെയ്യുമെന്നും പാടുന്നത് തുടരുമെന്നും ആയിരുന്നു പ്രിയങ്കയുടെ മറുപടി.

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് നല്‍കി പാര്‍ട്ടി വിട്ടത്. പിന്നാലെ തന്നെ അവര്‍ ശിവസേനയില്‍ അംഗത്വമെടുക്കുകയും ചെയ്തിരുന്നു.

താന്‍ ബിരുദം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി വ്യക്തമാക്കിയതിനു പിന്നാലെ സ്മൃതി ഇറാനിയെ പരിഹസിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തിനിടെ ചതുര്‍വേദി പാരഡി ഗാനം പാടിയത് വലിയ വാര്‍ത്തയായിരുന്നു.

സ്മൃതി ഇറാനിയുടെ സീരിയല്‍ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പരിഹാസം. ‘ഉടന്‍ തന്നെ ഒരു ടി.വി ഷോ വരും- അതിന്റെ പേര് ‘ക്യോംകി മന്ത്രി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ’ (എന്തെന്നാല്‍ മന്ത്രിയും ഒരിക്കല്‍ ബിരുദധാരിയായിരുന്നു)’ എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.

തുടര്‍ന്ന് സ്മൃതി ഇറാനി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ക്യോംകി സാന്‍സ് ഭീ കഭീ ബഹു ഥീ’ (അമ്മായിയമ്മയും ഒരിക്കല്‍ മരുമകളായിരുന്നു) എന്ന സീരിയലിലെ തീം സോങ്ങിന്റെ പാരഡി പ്രിയങ്ക പാടുകയും ചെയ്യുകയായിരുന്നു.

യോഗ്യതയുടെ കോലം മാറി പുതിയ പുതിയ തലത്തിലെത്തുകയാണെന്ന് കളിയാക്കിക്കൊണ്ട് ‘ക്വാളിഫിക്കേഷന്‍ കേ ഭീ രൂപ് ബദലേ ഹെ, നയേ നയേ സച്ചേ മീ ധല്‍തീ ഹെ,’ എന്നാണ് പ്രിയങ്ക പാടിയത്. ഒരു ഡിഗ്രി പോകുന്നു, മറ്റൊരു ഡിഗ്രി വരുന്നു, ‘ എന്നു പാടിയും പ്രിയങ്ക സ്മൃതി ഇറാനിയെ കളിയാക്കിയിരുന്നു.

കോണ്‍ഗ്രസ് തന്നെ അപമാനിച്ചെന്നുംആത്മാഭിമാനം പണയപ്പെടുത്തി കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയില്ലെന്നുമായിരുന്നു പ്രിയങ്ക ചതുര്‍വേദി ഇന്നലെ പറഞ്ഞത്.

ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് തരുമെന്നാണ് കരുതിയതെന്നും സ്ത്രീ മുന്നേറ്റമാണ് തന്റെ ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു. സ്ത്രീകളെയും യുവാക്കളെയും അംഗീകരിക്കുന്നതാണ് ശിവസേനയെന്നും അതിനാലാണ് ശിവസേനയില്‍ ചേര്‍ന്നതെന്നും പ്രിയങ്ക പറഞ്ഞു.

തന്നോട് അപമര്യാദയായി പെരുമാറിയ നേതാക്കളെ കോണ്‍ഗ്രസ് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഔദ്യോഗിക വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടത്.

നേരത്തെ ട്വിറ്ററിലെ തന്റെ ബയോയില്‍ നിന്നും പാര്‍ട്ടിയുമായി തനിക്കുള്ള ബന്ധം പ്രിയങ്ക  വിച്ഛേദിച്ചിരുന്നു. ദേശീയ വക്താവ്, എ.ഐ.സി.സി എന്നത് മാറ്റി ബ്ലോഗര്‍ എന്നാണ് ട്വിറ്ററില്‍ പ്രിയങ്ക തന്നെ വിശേഷിപ്പിക്കുന്നത്.

പ്രിയങ്കയുടെ പരാതിയെ തുടര്‍ന്ന് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കുറഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ ഇവരെ പാര്‍ട്ടി തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം ശക്തമായ ഭാഷയില്‍ പ്രിയങ്ക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.