| Monday, 27th June 2022, 10:46 am

ചൈനീസ് പദ്ധതിയുമായി മത്സരിക്കാന്‍ ജി7 രാജ്യങ്ങള്‍; അമേരിക്കയുടെ നേതൃത്വത്തില്‍ 600 ബില്യണ്‍ ഡോളറിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജി7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ വമ്പന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതി പ്രഖ്യാപിച്ചു. 600 ബില്യണ്‍ ഡോളറിന്റെ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമാണ് (ദ പാര്‍ട്ണര്‍ഷിപ് ഫോര്‍ ഗ്ലോബല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്) പ്രഖ്യാപിക്കപ്പെട്ടത്.

ദരിദ്ര രാജ്യങ്ങളിലേക്കുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണിത്. ഞായറാഴ്ചയായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം നടന്നത്.

ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റീവ് (ബി.ആര്‍.ഐ) പദ്ധതിയുമായി മത്സരിക്കാനാണ് ജി7 പുതിയ പദ്ധതി പ്രഖ്യാപിച്ചത്.

അമേരിക്കയുടെ നേതൃത്വത്തിലായിരിക്കും ഗ്രൂപ്പ് ഓഫ് സെവന്‍ രാജ്യങ്ങള്‍ പദ്ധതി നടപ്പിലാക്കുക. 600 ബില്യണ്‍ ഡോളറില്‍ 200 ബില്യണ്‍ ഡോളറും യു.എസ് ആയിരിക്കും നല്‍കുക.

യു.എസിന്റെ ടാര്‍ഗറ്റ് 200 ബില്യണ്‍ ഡോളറാണെന്ന് പ്രസിഡന്റ് ജോ ബൈഡനും വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് ജി7 രാജ്യങ്ങള്‍ എല്ലാം ചേര്‍ന്നായിരിക്കും ബാക്കി 400 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കുക.

2027നുള്ളിലാണ് പദ്ധതിക്ക് വേണ്ട 600 ബില്യണ്‍ ഡോളര്‍ സ്വരൂപിക്കേണ്ടത്. ഗ്രാന്റുകള്‍, ഫെഡറല്‍ ഫിനാന്‍സിങ്, പ്രൈവറ്റ് സെക്ടര്‍ ഇന്‍വെസ്റ്റ്‌മെന്റ് എന്നിവ വഴിയായിരിക്കും ഫണ്ട് ശേഖരിക്കുകയെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.

കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം യൂറോപ്യന്‍ യൂണിയനും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. ചൈന തങ്ങളുടെ സാമ്പത്തിക ശക്തിയും സ്വാധീനവും നയതന്ത്ര ബന്ധങ്ങളിലൂടെ വ്യാപിപ്പിക്കുന്നതിനിടെയാണ് ജി7 രാജ്യങ്ങളും പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

”നിലവില്‍ ചൈന മേധാവിത്തം പുലര്‍ത്തുന്ന, ലോകത്തിന്റെ വിവിധ കോണുകളിലെ റോഡ് മുതല്‍ ഹാര്‍ബര്‍ വരെയുള്ള മേഖലകള്‍ക്ക് വേണ്ടി ഫണ്ടിങ് നടത്തുന്നത് ഒരു സഹായമോ ചാരിറ്റിയോ അല്ല,” യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി.

ഇത്തരം പ്രൊജക്ടുകള്‍ അമേരിക്കയിലെ ജനങ്ങള്‍ക്കും നമ്മുടെ എല്ലാ രാജ്യങ്ങളിലുള്ളവര്‍ക്കും അതിന്റെ റിസള്‍ട്ട് നല്‍കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തിന് ഒരു പോസിറ്റീവ്, പവര്‍ഫുള്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇംപള്‍സ് നല്‍കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയനും പ്രതികരിച്ചു.

ചൈനീസ് സര്‍ക്കാരിന്റെ ബി.ആര്‍.ഐ ഇനീഷ്യേറ്റീവിന് വിരുദ്ധമായി ഭൂരിഭാഗവും പ്രൈവറ്റ് കമ്പനികളില്‍ ആശ്രയിച്ചാണ് ജി7 രാജ്യങ്ങളുടെ പദ്ധതി.

Content Highlight: G7 countries announced 600 billion dollar global infrastructure plan to rival China’s Belt and Road Initiative

We use cookies to give you the best possible experience. Learn more