ന്യൂദൽഹി: ലോകനേതാക്കൾ എത്തുമ്പോൾ ഇന്ത്യയിലെ ചേരികൾ അവരുടെ കണ്ണിൽ നിന്ന് മറച്ചുപിടിക്കാൻ വീണ്ടും നടപടിയെടുത്തിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജി20 ഉച്ചകോടി തുടങ്ങാനിരിക്കെ ലോകപ്രതിനിധികൾ കടന്ന് പോകാൻ സാധ്യതയുള്ള വഴിയിലെ ചേരികൾ നെറ്റ് ഉപയോഗിച്ചാണ് മറയ്ക്കുന്നത്. പ്രധാനവേദിക്ക് സമീപമുള്ള വീടുകളും ചേരികളും പൊളിച്ചുമാറ്റി.
പ്രധാന വേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരിയിലെ അൻപതോളം വീടുകൾ പൊളിച്ചു നീക്കി. ജി20 ഈ മാസം ഒമ്പതിന് തുടങ്ങാനിരിക്കെ ദൽഹി നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയിലാണ് ഗ്രീൻ നെറ്റ് ഉപയോഗിച്ച് വീടുകൾ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിൽ മറച്ചിരിക്കുന്നത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. നെറ്റിന് മുകളിൽ ജി20യുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.
വിമാനത്താവളത്തിന് സമീപത്തെ ചേരികളിലും വെളിയിൽ കാണുന്ന ഭാഗങ്ങൾ ഈ വിധം പരസ്യ ബോർഡുകൾ ഉപയോഗിച്ച് മറിച്ചിട്ടുണ്ട്. ഉച്ചകോടി അവസാനിച്ച് ലോകനേതാക്കൾ മടങ്ങിയതിന് ശേഷം മാത്രമേ ചേരികൾ മറച്ച നെറ്റുകൾ നീക്കം ചെയ്യൂ എന്നാണ് സൂചന.
ചേരികൾ മറയ്ക്കുന്നതിന്റെ ദൃശ്യങ്ങളെടുക്കാൻ പോയ മാധ്യമപ്രവർത്തകരെ പൊലീസ് തടയുകയും എടുത്ത ദൃശ്യങ്ങൾ ക്യാമറയിൽ നിന്ന് ഡിലീറ്റ് ചെയ്യിപ്പിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ദൃശ്യങ്ങൾ എടുക്കാൻ അനുവാദമില്ലെന്നും എടുത്തത് ഡിലീറ്റ് ചെയ്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞെന്ന് മീഡിയ വൺ റിപ്പോർട്ട് ചെയ്തു.
2020ൽ ഗുജറാത്തിലും സമാനസംഭവം ഉണ്ടായിരുന്നു. അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിൻറെ സന്ദർശന വേളയിൽ മതിൽ പണിതായിരുന്നു ചേരികൾ മറച്ചത്. അഹമ്മദാബാദ് എയർപോർട്ട് മുതൽ ഗാന്ധിനഗർ വരെയുള്ള റോഡിന്റെ വശങ്ങളിലായിരുന്നു സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി അന്ന് മതിൽ പണിതത്. 2017ൽ ജപ്പാന്റെ പ്രസിഡന്റായ ഷിൻസോ ആബെ ഗുജറാത്ത് സന്ദർശിച്ചപ്പോഴും സൗന്ദര്യവത്കരണം നടത്തിയിരുന്നു.
Content Highlight: G20 Summit beautification authorities coverup the slums in Delhi