ജി 20 രാജ്യങ്ങള്‍ സൗദിക്ക് നല്‍കിയ ആയുധ സഹായം യെമന് നല്‍കിയ ധനസഹായത്തിന്റെ മൂന്നിരട്ടി
World News
ജി 20 രാജ്യങ്ങള്‍ സൗദിക്ക് നല്‍കിയ ആയുധ സഹായം യെമന് നല്‍കിയ ധനസഹായത്തിന്റെ മൂന്നിരട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th November 2020, 8:34 pm

ഈ വര്‍ഷത്തെ ജി 20 ഉച്ചകോടി സൗദി അറേബ്യയില്‍ വെച്ച് നടക്കുന്നത് സംബന്ധിച്ച് നേരത്തെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. യെമനില്‍ സൗദി നടത്തുന്ന ആക്രമണം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു യൂറോപ്യന്‍ യൂണിയനില്‍ നിന്നടക്കം സൗദി ജി20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

ഇതിനിടെയാണ് ചാരിറ്റി ഓര്‍ഗനൈസേഷനായ ഓക്‌സ്ഫാം പുറത്തുവിട്ട റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നത്. 2015 മുതല്‍ 17 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളാണ് ജി 20 രാജ്യങ്ങള്‍ സൗദിക്ക് വിറ്റത്. ജി 20 രാജ്യങ്ങള്‍ യെമന്‍ ജനതയെ സഹായിക്കാനായി നല്‍കിയ തുകയേക്കാളും മൂന്നിരട്ടി തുകയോളം വരുമിത്.

നവംബര്‍ 21-22 തിയ്യതികളിലായി ജി20 ഉച്ചകോടി നടക്കാനിരിക്കെയാണ് റിപ്പോര്‍ട്ട് പുറത്തു വന്നത്. നേരത്തെ വന്ന സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുപ്രകാരം 2014 നും 2018 നും ഇടയ്ക്ക് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. 16.8 ബില്യണ്‍ ഡോളറാണ് സൗദി ഈ വര്‍ഷങ്ങളില്‍ ആയുധത്തിനായി ചെലവഴിച്ചത്. ഇതില്‍ 4.9 ബില്യണ്‍ ഡോളര്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആയുധങ്ങള്‍ക്കായാണ് ചെലവഴിച്ചത്.

കൊവിഡ് പ്രതിസന്ധിയില്‍ ആഗോള തലത്തില്‍ ഉണ്ടായ തളര്‍ച്ചയെ നേരിടാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനാണ് ഇത്തവണത്തെ ജി 20 ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ