ന്യൂദൽഹി: ഉഭയകക്ഷി യോഗത്തിന് ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾക്ക് അനുവാദം നൽകിയില്ലെന്ന ആരോപണവുമായി കോൺഗ്രസ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയ ബൈഡന്റെ സംഘമാണ് മാധ്യമങ്ങൾക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് സർക്കാർ അറിയിച്ചതായി പറഞ്ഞത്.
‘നിരവധി അഭ്യർത്ഥനകൾക്ക് ശേഷവും മാധ്യമങ്ങൾക്ക് ബൈഡനോടും പ്രധാനമന്ത്രിയോടും ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് പ്രസിഡന്റ് ബൈഡന്റെ ടീം പറഞ്ഞു,’ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു.
‘ഇനി സെപ്റ്റംബർ 11ന് വിയറ്റ്നാമിൽ വച്ച് പ്രസിഡന്റ് ബൈഡൻ തന്നെ അനുഗമിക്കുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകും. മോദിയുടെ സ്റ്റൈലിൽ ഇങ്ങനെയാണ് ജനാധിപത്യം പ്രവർത്തിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
ഇന്നും നാളെയും ദൽഹിയിൽ വച്ച് നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്നലെ വൈകീട്ടാണ് ബൈഡൻ ഇന്ത്യയിലെത്തിയത്. തുടർന്ന് മോദിയുടെ വസതിയിൽ വച്ച് നടത്തിയ ഉഭയകക്ഷി യോഗത്തിൽ പങ്കെടുത്തു. ബൈഡനെ അനുഗമിച്ച മാധ്യമപ്രവർത്തകരോട് പുറത്തുനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.
വൈറ്റ് ഹൗസിൽ നിന്നുള്ള മാധ്യമപ്രവർത്തകർ ബൈഡൻ പങ്കെടുക്കുന്ന ഉഭയകക്ഷി യോഗങ്ങളിൽ പങ്കെടുക്കുകയും ഫോട്ടോ എടുക്കുകയും പ്രസ്താവനകൾ കേൾക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യാറുണ്ട്.
‘മാധ്യമ സ്വാതന്ത്ര്യമാണ് നമ്മുടെ ജനാധിപത്യത്തിന്റെ നെടുംതൂൺ എന്നാണ് പ്രസിഡന്റ് വിശ്വസിക്കുന്നത്,’ വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറിയെ ഉദ്ധരിച്ചുകൊണ്ട് വർത്താനം ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടികളിൽ യു.എസ് ജേണലിസ്റ്റുകൾക്ക് പ്രവേശനം ലഭിച്ചുവെന്ന് ഉറപ്പ് വരുത്താൻ യു.എസ് ഗവർമെന്റ് ശ്രദ്ധിക്കാറുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സുള്ളിവൻ പറഞ്ഞു.
ദക്ഷിണേഷ്യയിൽ ആദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത്. നിലവിൽ ഇന്ത്യയാണ് ജി20 യുടെ അധ്യക്ഷത വഹിക്കുന്നത്.
Content Highlight: Biden’s team said not allowed to ask questions after PM meet: Congress’s charge