| Sunday, 17th March 2024, 11:44 am

തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു; ജാസി ഗിഫ്റ്റിന് പിന്തുണയുമായി ജി.വേണുഗോപാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാസി ഗിഫ്റ്റിന് പിന്തുണയുമായി ജി. വേണുഗോപാൽ. കഴിഞ്ഞ ദിവസം എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളേജിലെ പരിപാടിക്കിടെ ജാസി ഗിഫ്റ്റ് പാടുന്നതിനിടയിൽ കോളേജ് പ്രിൻസിപ്പൽ മൈക്ക് പിടിച്ച് വാങ്ങിയത് വലിയ ചർച്ചയായിരുന്നു.

തുടർന്ന് കോളേജ് പ്രിൻസിപ്പളിനെതിരെ വലിയ വിമർശനമായിരുന്നു സാമൂഹിക മാധ്യമങ്ങളിൽ നിന്നും കോളേജ് വിദ്യാർത്ഥികളിൽ നിന്നും ഉണ്ടായത്. മന്ത്രി വി. ശിവൻകുട്ടിയടക്കമുള്ള പ്രമുഖർ ജാസിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ജാസി ഗിഫ്റ്റിന് പിന്തുണയറിയിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ഗായകൻ ജി. വേണുഗോപാൽ. തന്റെ എഫ്.ബി പോസ്റ്റിലൂടെയാണ് അദ്ദേഹം ജാസി ഗിഫ്റ്റിനെ കുറിച്ച് സംസാരിച്ചത്.

‘ഒരു പാട്ടുകാരൻ, കലാകാരൻ, അയാൾ വേദിയിൽ പെർഫോം ചെയ്യുമ്പോൾ വേദിയിൽ കടന്ന് വന്ന് അയാളെ തടസ്സപ്പെടുത്തുക എന്ന് പറയുന്നത് സംസ്ക്കാരവിഹീനമായ, വൃത്തികെട്ട ഒരു പ്രവൃത്തിയാണ്. ഒരു കോളേജ് പ്രിൻസിപ്പലാണ് ഇത് ചെയ്തത് എന്ന് കേൾക്കുമ്പോൾ നടുക്കം. കലാലയങ്ങൾ പലത് കൊണ്ടും കലാപാലയങ്ങളായ് തീരുമ്പോൾ അവയെ നയിക്കുന്ന ചിലരെങ്കിലും അതിനൊത്ത് ചേർന്ന് വരുന്നുവെന്ന് മാത്രം. നല്ല അദ്ധ്യാപകരും പ്രിൻസിപ്പൾമാരും കേരളത്തിലുണ്ടെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.

അനിതരസാധാരണനായ ഒരു കലാകാരനും വ്യക്തിയുമാണ് ജാസി. എല്ലാം ഉള്ളിലൊതുക്കി മസിലുപിടിച്ച് എന്തും കാണുകയും കേൾക്കുകയും ഒന്നിനേയും അംഗീകരിക്കാതിരിക്കുയും ചെയ്യുന്ന മലയാളിയെ ആദ്യമായി ഷർട്ടൂരി തലയ്ക്ക് മുകളിൽ കറക്കി നൃത്തം ചെയ്യിച്ചേറ്റു പാടിപ്പിച്ചയാളാണ് ജാസി.

മലയാള സിനിമാ സംഗീതം ജാസിക്ക് മുൻപും പിൻപും എന്നൊരു വിഷയത്തിന് സാധ്യതയേറെയാണ്. എൻ്റെ സിനിമാ സംഗീത ജീവിതത്തിലെ വലിയൊരു നിരാശ ജാസിയുടെ ആദ്യ സിനിമയായ For the people ൽ ഞാൻ പാടി പുറത്ത് വരാത്ത പാദസരമേ കിലുങ്ങാതെ ” എന്ന പാട്ടാണ്.

“അതെൻ്റെ കയ്യിൽ നിന്നും പോയി ചേട്ടാ ” എന്ന് ജാസി നിരാശയോടെ പറയും. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലാത്ത സരസനായ, ഇത്ര നർമ്മബോധമുള്ള മറ്റൊരു സംഗീതജ്ഞനെ കാണാൻ പ്രയാസമാണ്. കയ്യിലെ മൈക്ക് തട്ടിപ്പറിക്കുമ്പോൾ ഒരു ഏറ്റുമുട്ടലിനും നിൽക്കാതെ ഇറങ്ങി വന്ന ജാസിയുടെ ഉള്ളിലൂറി വന്ന ചിരിയും ചിന്തയും ഇതായിരുന്നിരിക്കണം….
” ഇത് വച്ചൊരു പാട്ടും റാപ്പും ഞാനുണ്ടാക്കി കാണിച്ചു തരാം ടീച്ചറേ “തീയിൽ കുരുത്തവനുണ്ടോ കോലഞ്ചേരിയിൽ വാടുന്നു?,’വേണുഗോപാൽ പറഞ്ഞു.

ജാസി ഗിഫ്റ്റ് മാത്രം പാടിയാല്‍ മതിയെന്നും കൂടെ പാടാന്‍ വന്നയാളെ പാടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞതോടെയാണ് ജാസി സ്‌റ്റേജില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇതിനെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധം നടത്തിയിരുന്നു. പാട്ട് പാടുന്നതിനിടയില്‍ വേദിയിലേക്ക് കയറിവന്ന് മൈക്ക് പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പല്‍ പാട്ട് നിര്‍ത്തിക്കുകയായിരുന്നു.

Content Highlight: G.Venugopal Support Jasie Gift

We use cookies to give you the best possible experience. Learn more