ചെറുപ്പത്തില്‍ എ.ആര്‍ റഹ്‌മാന്‍ സാര്‍ പാടാന്‍ പറഞ്ഞതു കൊണ്ട് പാടി, ഇപ്പോള്‍ അതിനെപ്പറ്റി ഒന്നും ഓര്‍മയില്ല; ജി.വി പ്രകാശ്
Entertainment
ചെറുപ്പത്തില്‍ എ.ആര്‍ റഹ്‌മാന്‍ സാര്‍ പാടാന്‍ പറഞ്ഞതു കൊണ്ട് പാടി, ഇപ്പോള്‍ അതിനെപ്പറ്റി ഒന്നും ഓര്‍മയില്ല; ജി.വി പ്രകാശ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 17th January 2024, 5:45 pm

സംഗീതസംവിധായകന്‍, ഗായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനാണ് ജി.വി.പ്രകാശ്. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമാസംഗീതമേഖലയിലേക്ക് കടന്നുവന്ന ജി.വി. പ്രകാശ് എ.ആര്‍ റഹ്‌മാന്റെ സഹോദരീപുത്രനാണ്. ആറാമത്തെ വയസിലാണ് പ്രകാശ് പിന്നണിഗാനരംഗത്ത് എത്തുന്നത്. തന്റെ 19ാം വയസിലാണ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. വസന്തബാലന്‍ സംവിധാനം ചെയ്ത വെയിലിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. 2020ല്‍ പുറത്തിറങ്ങിയ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ സംഗീതത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു.

2015ല്‍ ഡാര്‍ലിങ് എന്ന ഹൊറര്‍ ചിത്രത്തിലൂടെ അഭിനയരംഗത്തും തന്റെ സാന്നിധ്യമറിയിച്ചു. ഇതുവരെ 20ഓളം സിനിമകളില്‍ ജി.വി.പ്രകാശ് അഭിനയിച്ചു. കൈവെച്ച മേഖലകളില്‍ എല്ലാം നല്ല അഭിപ്രായമാണ് താരത്തിന്.

കുട്ടിക്കാലത്ത് എ.ആര്‍ റഹ്‌മാന്റെ ഗാനങ്ങളില്‍ പാടിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് താരം. ‘സത്യം പറഞ്ഞാല്‍ എനിക്ക് ഇപ്പോള്‍ അതിനെപ്പറ്റി ഒന്നും ഓര്‍മയില്ല. അന്ന് റഹ്‌മാന്‍ സര്‍ പാടാന്‍ പറഞ്ഞു, ഞാന്‍ പാടി. അന്ന് അദ്ദേഹം പറഞ്ഞത് എന്തൊക്കെയാണെന്ന് എനിക്ക് ഇപ്പോള്‍ അറിയില്ല. ആ പ്രായത്തില്‍ തന്നെ എല്ലാ തരത്തിലുമുള്ള സംഗീതവും പഠിച്ചു വെച്ചു. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് സ്‌കൂള്‍ മ്യൂസിക് ബാന്‍ഡിലെ കീബോര്‍ഡ് പ്ലെയറിന് വയ്യാതായതു കൊണ്ട് പകരക്കാരനായി ഒരു മത്സരത്തിന് പോയി. അതിന് ഞങ്ങള്‍ക്കായിരുന്നു ഫസ്റ്റ്. ബെസ്റ്റ് ഇന്‍സ്ട്രുമെന്റലിസ്റ്റ് ആയി തെരഞ്ഞടുത്തത് എന്നെയായിരുന്നു. അതായിരുന്നു എന്റെ സ്റ്റാര്‍ട്ടിങ് പോയിന്റ്’ ജി.വി. പ്രകാശ് പറഞ്ഞു.

അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനായ ക്യാപ്റ്റന്‍ മില്ലറാണ് ജി.വി. യുടെ പുതിയ ചിത്രം. സിനിമയില്‍ എല്ലാവരും എടുത്തുപറയുന്ന പോസിറ്റീവ് ഘടകം ജി.വി. യുടെ സംഗീതം തന്നെയാണ്.

Content Highlight: G V Prakash share his experience with A R Rahman