| Friday, 31st March 2023, 11:09 am

'കല എല്ലാവര്‍ക്കുമുള്ളതാണ്, വിവേചനം കാണിക്കരുത്'; ആദിവാസി കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിക്കാത്തതില്‍ പ്രതികരിച്ച് ജി.വി പ്രകാശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷോയുടെ ടിക്കറ്റ് വാങ്ങിയിട്ടും ആദിവാസി കുടുംബത്തെ തിയേറ്ററില്‍ പ്രവേശിപ്പിക്കാത്ത സംഭവത്തില്‍ തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ്. ചെന്നൈയിലെ ഫേമസ് തിയേറ്ററായ രോഹിണി സില്‍വര്‍ സ്‌ക്രീനിലായിരുന്നു ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്.

തിയേറ്ററില്‍ പ്രവേശിപ്പിക്കാതെ കുട്ടികളെ നിയന്ത്രിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കല എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ പറഞ്ഞു.

”ആദിവാസി കുടുംബത്തെ ഹാളിനുള്ളില്‍ പ്രവേശിപ്പിക്കാതിരുന്നത് അംഗീകരിക്കാനാകില്ല. കല എല്ലാവര്‍ക്കുമുള്ളതാണ്. അവരുടെ ജീവിത പശ്ചാത്തലത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തില്‍ ആരോടും വിവേചനം കാണിക്കരുത്,” ജി.വി പ്രകാശ് കുറിച്ചു.

മാര്‍ച്ച് 30 നാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അന്നേ ദിവസമാണ് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന നാനിയുടെ ദസറയും സിലമ്പരസന്റെ പത്ത് തലയും തിയേറ്ററില്‍ എത്തിയത്.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ (എഫ്.ഡി.എഫ്.എസ്) കാണാന്‍ രാജ്യത്തുടനീളമുള്ള തീയേറ്ററുകളില്‍ ആരാധകര്‍ ആകാംക്ഷയോടെ തടിച്ചുകൂടിയിരുന്നു. അതിരാവിലെ പ്രമുഖ താരങ്ങളുടെ പ്രത്യേക ഷോകള്‍ സംഘടിപ്പിക്കുന്നതില്‍ പ്രശസ്തമായ തിയേറ്ററാണ് ചെന്നൈയിലെ രോഹിണി തിയേറ്റര്‍.

എന്നാല്‍, ഷോയുടെ ടിക്കറ്റ് വാങ്ങിയിട്ടും നരിക്കുറവ ഗോത്രത്തില്‍പ്പെട്ട കുടുംബത്തെ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിക്കാതെ തിയേറ്റര്‍ മാനേജ്‌മെന്റ് പുറത്ത് നിര്‍ത്തുകയായിരുന്നു. ഇതിനെതിരെ തിയേറ്ററിലുണ്ടായിരുന്ന യുവാക്കള്‍ പ്രശ്‌നമുണ്ടാക്കി.

കുടുംബത്തിന് ഹാളിലേക്കുള്ള പ്രവേശനം നിഷേധിച്ചതിനെക്കുറിച്ച് ഇവര്‍ തിയേറ്റര്‍ ജീവനക്കാരനോട് ചോദിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. തിയേറ്റര്‍ മാനേജ്മെന്റ് കുടുംബത്തെ സിനിമ കാണാന്‍ അനുവദിക്കാത്തത് പ്രേക്ഷകര്‍ക്കിടയില്‍ ബഹളമുണ്ടാക്കുകയും വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സോഷ്യല്‍ മീഡിയയിലും സംഭവം ഏറെ ചര്‍ച്ചാവിഷയമായി. പിന്നാലെ തിയേറ്റര്‍ മാനേജ്‌മെന്റ് വിശദീകരണവുമായി എത്തിയെങ്കിലും അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കാണ് എത്തിച്ചത്.

വീഡിയോ വൈറലായതോടെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കുടുംബത്തെ തിയേറ്ററില്‍ സിനിമ കാണാന്‍ തിയേറ്റര്‍ മാനേജ്‌മെന്റ് തയ്യാറായി.

content highlight: g.v prakash reated theater issue

We use cookies to give you the best possible experience. Learn more