ജഗതി ചേട്ടൻ സിനിമ ഇട്ടിട്ടുപോയി, ഞങ്ങൾ തമ്മിൽ കയ്യേറ്റത്തിന്റെ വക്കുവരെ എത്തി: ജി. സുരേഷ് കുമാർ
Entertainment
ജഗതി ചേട്ടൻ സിനിമ ഇട്ടിട്ടുപോയി, ഞങ്ങൾ തമ്മിൽ കയ്യേറ്റത്തിന്റെ വക്കുവരെ എത്തി: ജി. സുരേഷ് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th May 2023, 6:05 pm

ഷൂട്ടിങ് തീരുന്നതിനു മുൻപ് ഒരിക്കൽ സെറ്റിൽനിന്നും നടൻ ജഗതി ഇറങ്ങി പോയിട്ടുണ്ടെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ. ആ സംഭവം കയ്യേറ്റം വരെ എത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുൻകാലങ്ങളിൽ ഷൂട്ടിങ് സെറ്റിൽ മദ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും ഇന്നതല്ല സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മുൻകാല അനുഭവങ്ങളെപ്പറ്റിയും പുതിയ സിനിമ സെറ്റ് അനുഭവങ്ങളെപ്പറ്റിയയും പങ്കുവച്ചത്.

‘പലരും വളരെ ഡിസിപ്ലിനോടുകൂടിയാണ് സിനിമയെ സമീപിച്ചിരുന്നത്. അവർ കൃത്യമായ സമയത്ത്, കൃത്യമായിട്ട് വർക്ക് ചെയ്യും, ഓവർ ടൈം വർക്ക് ചെയ്തിട്ട് പോകുന്നവരുണ്ട്.
ഇപ്പോൾ കൂടുതൽ സൗകര്യങ്ങളായി. പണ്ട് എല്ലാവരും വെയിലത്ത് കുത്തിയിരുന്നും മരത്തിന്റെ ചുവട്ടിലിരുന്നുമാണ് ആഹാരം കഴിക്കുന്നത്. ഇപ്പോൾ അതിന്റെ ആവശ്യമില്ല. കാരവാനൊക്കെ കൊടുക്കുന്നുണ്ട്. അപ്പോൾ അതിലിരുന്ന് ആഹാരം കഴിക്കാം. എല്ലാ സൗകര്യങ്ങളും ഉണ്ട്.
സമയം പാലിക്കുക എന്നുള്ളതാണ് സിനിമയെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ടകാര്യം. കാരണം ഒരു മണിക്കൂർ നഷ്ട്ടപ്പെടുത്തിയാൽ അത്രയും പണമാണ് നഷ്ടമാകുന്നത്. അത്രയും രൂപ ചിലവാക്കി എടുക്കുന്ന ഒന്നാണ് സിനിമ. അങ്ങനൊരു മേഖലയിൽ സമയം പാലിച്ചില്ലെങ്കിൽ ഒത്തിരി നഷ്ടം വരും,’ സുരേഷ് കുമാർ പറഞ്ഞു.

അയൽവാസി ഒരു ദരിദ്രവാസി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ നടൻ ജഗതിയുമായി കയ്യേറ്റത്തിന്റെ വക്കിലെത്തിയ വഴക്കുവരെ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘പണ്ട് അങ്ങനെ ആരും ഡിസിപ്ലിനില്ലാതെ പെരുമാറിയിട്ടില്ല. വളരെ ചുരുക്കമായിട്ട് ഒന്നോ രണ്ടോ ക്ലാഷുകൾ ഉണ്ടായിട്ടുണ്ടെങ്കിലേയുള്ളു. മനപ്പൂർവം ആരെങ്കിലും താമസിച്ച് വന്നിട്ടില്ല. അന്നൊക്കെ മദ്യപാനം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്നതല്ലല്ലോ? മറ്റു തരത്തിലുള്ള കാര്യങ്ങളൊക്കെയാണുള്ളത്. അന്ന് അങ്ങനെ ആരും ശല്യമുണ്ടാക്കിയിട്ടില്ല.

ഒരു തവണ ജഗതി ചേട്ടൻ ക്ലൈമാക്സ് ഷൂട്ട് ചെയ്യുന്നതിന് മുൻപ് തനിക്ക് വരാൻ ഒക്കില്ലെന്ന് പറഞ്ഞിട്ട് ഒരു കത്തെഴുതി വച്ചിട്ട് പോയി. ഞാനും ജഗതി ചേട്ടനുമായി മുട്ടൻ വഴക്കായി. അടി വരെ എത്തി. അത് അന്നുണ്ടായപ്പോൾ ഞാൻ ശരിക്ക് പ്രതികരിച്ചു. കാരണം അന്ന് പുള്ളി ചിത്രം ഇട്ടിട്ട്പോയി. അങ്ങനെ ഒരു സംഭവമാണ് എന്റെ സിനിമ ജീവിതത്തിൽ ഉണ്ടായിട്ടുള്ളൂ. അന്ന് ജഗതി ചേട്ടനുമായി വല്യ പ്രശ്നമാണുണ്ടായത്ത്. അന്ന് ഞാൻ നന്നായിത്തന്നെ പ്രതികരിച്ചു. ഞങ്ങൾ തമ്മിൽ കയ്യേറ്റത്തിന്റെ വക്കിൽ വരെ എത്തി. ആ ചിത്രത്തിന്റെ പേര് അയൽവാസി ഒരു ദരിദ്രവാസി എന്നായിരുന്നു. നസീർ സാറൊക്കെ വെയ്റ്റ് ചെയ്ത് ഇരിക്കുമ്പോൾ പുള്ളി ഒരു കത്തെഴുതി വച്ചിട്ട് പോയി,’ സുരേഷ് പറഞ്ഞു.

Content Highlights: G. Suresh Kumar on Jagathy Sreekumar