മൂന്നുകോടി രൂപ വാങ്ങിക്കുന്നയാളുടെ പടം മുപ്പതുലക്ഷം പോലും തിയേറ്ററിൽ കളക്ട് ചെയ്യുന്നില്ല: ജി. സുരേഷ് കുമാർ
Entertainment
മൂന്നുകോടി രൂപ വാങ്ങിക്കുന്നയാളുടെ പടം മുപ്പതുലക്ഷം പോലും തിയേറ്ററിൽ കളക്ട് ചെയ്യുന്നില്ല: ജി. സുരേഷ് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th May 2023, 3:46 pm

 

മൂന്നുകോടി രൂപ പ്രതിഫലം വാങ്ങുന്ന അഭിനേക്കാളുടെ ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ മുപ്പതുലക്ഷം രൂപ പോലും കളക്ട് ചെയ്യുന്നില്ലെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ.

അഭിനേതാക്കൾ വലിയ തുകകൾ വാങ്ങിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും, ഇപ്പോഴുള്ള അവരുടെ ബിസിനസ് അറിഞ്ഞിട്ടുവേണം തുക പറയാനെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘അഭിനേതാക്കൾ സിനിമ എടുക്കാൻ തുടങ്ങിയത് 2019 ന് ശേഷമാണ്. കൊറോണ വന്നതിനു ശേഷം, ഓ. ടി. ടി. പ്ലാറ്റ്ഫോമുകൾ ഒക്കെ വന്നതിന് ശേഷമാണ് താരങ്ങൾ സിനിമ എടുക്കുന്നത്. അതിനുമുൻപ് അവർ എത്രപേർ സിനിമ ചെയ്തിട്ടുണ്ട്?

തിയേറ്ററുകൾ മാത്രം ആശ്രയിച്ച് സിനിമ എടുത്തുകൊണ്ടിരുന്ന സമയത്ത് താരങ്ങൾ സിനിമയെടുക്കാൻ തയ്യാറല്ലായിരുന്നു. കാരണം 100 ശതമാനം റിസ്‌ക്കാണ്. അന്ന് പ്രൊഡ്യൂസർമാർ ചിത്രം എടുത്തതുകൊണ്ടാണ് ഇവിടെ പ്രൊഡക്ഷൻ നടന്നുകൊണ്ടിരുന്നത്. അപ്പോൾ ഇവർക്ക് റിസ്ക് ഇല്ലായിരുന്നു.

ഇത്കഴിഞ്ഞ്‌, ഇതിൽ നിന്നും ഒരു വരുമാനം വരുന്നുണ്ടെന്നറിഞ്ഞപ്പോഴാണ് അവർ സ്വന്തമായിട്ട് പ്രൊഡക്ഷൻ തുടങ്ങിയത്. അപ്പോൾ ഇവിടെ സ്ഥിരമായി പ്രൊഡ്യൂസ് ചെയ്തുകൊണ്ടിരിക്കുന്ന നിർമാതാക്കൾക്ക് കിട്ടേണ്ടതൊക്കെയാണ് ഇവർ കൊണ്ടുപോകുന്നത്. പിന്നെ അവർ വിലപേശാൻ തുടങ്ങി. പ്രതിഫലം കൂടുതലും വേണം. ചിലർ അതിൽ നിന്ന് ഷെയർ ചോദിച്ച്‌ തുടങ്ങി.
ഷെയർ കൊടുക്കാം പക്ഷെ തിയേറ്ററിലെ കളക്ഷൻ അനുസരിച്ചുവേണം പ്രതിഫലം തീരുമാനിക്കാൻ.
മൂന്നുകോടി രൂപ പ്രതിഫലം വാങ്ങിക്കുന്ന ആളുടെ പടം പോലും കളക്ട് ചെയ്യുന്നില്ല. പത്തുശതമാനം വരുന്നില്ല. അതനുസരിച്ച് പ്രതിഫലം ഫിക്സ് ചെയ്യണം.

പ്രതിഫലം വലിയ ആളുകൾ വാങ്ങിക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ ഒരു സിനിമ ചെയ്യുമ്പോൾ അയാളുടെ അപ്പോഴുള്ള ബിസിനസ് എന്താണെന്ന് അറിഞ്ഞിട്ട് വേണം പ്രതിഫലം ചോദിക്കാൻ. അല്ലാതെ രണ്ടു ചിത്രം പൊട്ടിയിട്ട് വീണ്ടും അതെ പ്രതിഫലമോ അല്ലെങ്കിൽ അതിൽ കൂടുതലോ ചോദിക്കുന്നത് ശെരിയായ നടപടിയല്ല.

ഞങ്ങൾ വാദിക്കുന്നതും അതേകാര്യമാണ്. ഇവർ പ്രതിഫലം വാങ്ങിച്ചോട്ടെ, പക്ഷെ അവരുടെ ബിസിനസ് അനുസരിച്ചുള്ള പ്രതിഫലം വാങ്ങിക്കണം,’ സുരേഷ് കുമാർ പറഞ്ഞു.

ചലച്ചിത്ര താരങ്ങൾ പ്രതിഫലം കൂടുതൽ ചോദിക്കുന്നത് കുറക്കണമെന്ന് സുരേഷ് കുമാർ പറഞ്ഞിരുന്നു. വലിയ പ്രതിഫലം ചോദിക്കുന്നവരെ ഒഴിവാക്കി ചിത്രം നിർമിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ പ്രൊഡ്യൂസർമാർ മരം കുലുക്കിയല്ല പടം നിർമിക്കുന്നതെന്നും ഒരു നടനെ മാത്രമായിട്ട് പ്രേക്ഷകർക്ക് ആവശ്യമില്ല, ആരെ വച്ചായാലും സിനിമ ചെയ്യാമെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു.

Content Highlights: G. Suresh Kumar about the actors have increased their remuneration