കോട്ടയം: എന്‍.എസ്.എസിന് രാഷ്ട്രീയമില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഉപതെരഞ്ഞെടുപ്പുകളില്‍ എല്ലാവരും സമദൂരം തന്നെയാണെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പും സമാനമായി സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു. സര്‍ക്കാരിനോടും സാമുദായിക സംഘടനകളോടും സൗഹൃദത്തോടെയാണ് എന്‍.എസ്.എസ് ബന്ധം പുലര്‍ത്തുന്നതെന്നായിരുന്നു ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്. സര്‍ക്കാരും മറ്റു സംഘടനകളും തങ്ങളുടെ പ്രവര്‍ത്തനങ്ങളെ മതിപ്പോടെയാണ് കാണുന്നതെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.
നായര്‍ സമുദായത്തെ അവഗണിക്കുന്ന ഒരു സാഹചര്യം നിലവില്‍ ഇല്ലെന്നും അദ്ദേഹം പറയുകയുണ്ടായി. വിജയദശമിയോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു പരാമര്‍ശം.
നേരത്തെ കോട്ടയം ചങ്ങനാശ്ശേരി പെരുന്നയിലെ എന്‍.എസ്.എസ്. ആസ്ഥാനത്തെ ജീവനക്കാരെ രാഖി കെട്ടുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ സുകുമാരന്‍ നായര്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.
സംഘപരിവാര്‍ അനുകൂല സൈബര്‍ ഗ്രൂപ്പുകളില്‍ നിന്നായിരുന്നു ആക്രമണമുണ്ടായത്. സുകുമാരന്‍ നായരുടെ ചിത്രമടക്കമുള്ള പോസ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു പ്രതിഷേധം.
രാഖിയടക്കമുള്ള അടയാളങ്ങള്‍ ചിലതിന്റെ ചിഹ്നമാണെന്നും എന്‍.എസ്.എസ് ആസ്ഥാനത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞായിരുന്നു വിലക്ക്. വിയോജിപ്പ് അറിയിച്ച ശേഷം ആസ്ഥാനത്തെത്തിയ ആര്‍.എസ്.എസ് നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സുകുമാരന്‍ നായര്‍ തിരിച്ചയക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ സംഘം സുകുമാരന്‍ നായരുടെ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏതാനും ജീവനക്കാരുടെ കൈകളില്‍ കാവി ചരട് കെട്ടി. വിവരമറിഞ്ഞ സുകുമാരന്‍ നായര്‍ ഈ ചരട് കെട്ടിക്കൊണ്ട് എന്‍.എസ്.എസ് ആസ്ഥാനത്ത് പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെയാണ് സുകുമാരന്‍ നായര്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്.
Content Highlight: G. Sukumaran Nair says NSS has no politics