ബ്രാഹ്മണചൂഷണം തുടരുന്നു; നായന്മാരെ പൂജാരികളാക്കും: എന്‍.എസ്.എസ്
Kerala
ബ്രാഹ്മണചൂഷണം തുടരുന്നു; നായന്മാരെ പൂജാരികളാക്കും: എന്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st January 2013, 1:27 pm

പെരുന്ന: ആധ്യാത്മിക രംഗങ്ങളില്‍ ബ്രാഹ്മണര്‍ ചൂഷണം തുടരുയാണന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇതു പരിഹരിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തില്‍
എന്‍.എസ്. എസിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ പൂജാരികളായി നായന്മാരെ നിയമിക്കുന്ന കാര്യം പരിഗണിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായത്തിലെ കുട്ടികള്‍ക്ക് ബ്രാഹ്മണ്യം നല്‍കി എന്‍.എസ്.എസിന്റെ കീഴിലുളള ക്ഷേത്രങ്ങളിലെ പൂജാരികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നായര്‍ഈഴവ സഖ്യം പൊളിക്കാന്‍ ആര് വിചാരിച്ചാലും സാധിക്കില്ലെന്ന് സഖ്യം പൊളിക്കാന്‍ പലരും പല ശ്രമങ്ങളും നടത്തിയതായും അദ്ദേഹം ആരോപിച്ചു. ഇന്നത്തെ സാഹചര്യത്തില്‍ ഈ ഐക്യം അത്യാവശ്യമാണ്. യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊണ്ട് വിട്ടുവീഴ്ച്ച ചെയ്തും സഖ്യത്തെ മുന്നോട്ട് കൊണ്ടുപോകും. സുകുമാരന്‍ നായര്‍ പറഞ്ഞു.

പെരുന്നയില്‍ സംഘടനാ ആസ്ഥാനത്ത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സര്‍ക്കാറിന്റെ ഗ്രാഫ് താഴോട്ടാണെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രാഹ്മണര്‍ പൂജ ചെയ്യുന്ന പല എന്‍.എസ്.എസ് ക്ഷേത്രങ്ങളിലും പൂജാരി, ഭരണസമിതി അസ്വാരസ്യങ്ങള്‍ നില നില്‍ക്കുന്നുണ്ട്. ഇതാണ് സെക്രട്ടറിയുടെ പ്രസ്താവനക്ക് പിന്നിലെന്ന് കരുതുന്നു.

വിദ്യാഭ്യാസ വകുപ്പിനെതിരെയുള്ള എന്‍.എസ്.എസ്സിന്റെ അഭിപ്രായത്തില്‍ മാറ്റമുണ്ടായിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ വികലമായാണ് മുന്നോട്ട് പോകുന്നത്. അഭിപ്രായത്തെ വര്‍ഗീയവത്കരിച്ചതനാലാണ് പിന്നീട് മിണ്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ മികച്ചതാക്കാന്‍ എന്‍.എസ്.എസ് പ്രത്യേക നിര്‍ദേശങ്ങളൊന്നും മുന്നോട്ട് വെക്കുന്നില്ല. മികച്ച പ്രവര്‍ത്തനം നടക്കണമെന്നുമാത്രമേ ആഗ്രഹമുള്ളൂവെന്നും വിലക്കയറ്റം സര്‍ക്കാര്‍ പരിഹരിക്കണമെന്നും സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ എന്‍.എസ്.എസിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ തുറന്ന ചര്‍ച്ചക്ക് തയ്യാറാണെന്ന് യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് പറഞ്ഞു. വിഷയത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്.

നായര്‍ ക്ഷേത്രങ്ങളില്‍ പൂജാരികളായി നായന്മാരെ നിയമിക്കുന്നതില്‍ യോഗക്ഷേമസഭക്ക് എതിര്‍പ്പില്ല. അനുകൂലിക്കുന്നുമില്ല.

അതേസമയം, ക്ഷേത്രങ്ങളുടെ ഉത്ഭവകാലം മുതല്‍ പൂജാദികാര്യങ്ങള്‍ നടത്തുന്ന ബ്രാഹ്മണ സമൂഹത്തെ ആക്ഷേപിക്കുന്നത് എന്തിനാണ.് എന്ത് ചൂഷണമാണ് നടത്തുന്നത് എന്ന് മനസ്സിലാവുന്നില്ല എന്നും സഭാ നേതൃത്വം പറഞ്ഞു. മന്നത്ത് പദ്മനാഭന്‍ ഉണ്ടായിരുന്നെങ്കില്‍ ഇത്തരമൊരു പ്രസ്താവന ഉണ്ടാവില്ലായിരുന്നു എന്നും ഭട്ടതിരിപ്പാട് പറഞ്ഞു.