ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റരുതെന്ന് കാല് പിടിച്ച് പറഞ്ഞിരുന്നു; ഇനി പഠിപ്പിക്കാന്‍ വരരുത്: മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ സുകുമാരന്‍ നായര്‍
Kerala News
ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റരുതെന്ന് കാല് പിടിച്ച് പറഞ്ഞിരുന്നു; ഇനി പഠിപ്പിക്കാന്‍ വരരുത്: മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ സുകുമാരന്‍ നായര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th February 2019, 2:08 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ്്.

എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സി.പി.ഐ.എമ്മും അണികളും വരേണ്ടെന്നും തങ്ങളെ പഠിപ്പിക്കാന്‍ കോടിയേരിയ്ക്ക് അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റരുതെന്ന് കോടിയേരി ബാലകൃഷ്ണന്റെ കാല് പിടിച്ച് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് അന്ന് കേട്ടില്ല. വിശ്വാസ സംരക്ഷണത്തിന് വേണ്ടി കാല് പിടിക്കാനും തയ്യാറാണെന്ന് മുഖ്യമന്ത്രിയേയും കോടിയേരിയേയും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയെ ഫോണ്‍ ചെയ്‌തെങ്കിലും പ്രയോജനമുണ്ടായില്ല. ഇതേതുടര്‍ന്നാണ് വിശ്വാസികള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചത്- സുകുമാരന്‍ നായര്‍ പറഞ്ഞു.


മോദിയുമായി താരതമ്യം ചെയ്ത് ഇന്ദിരാ ജിയെ അപമാനിക്കരുത്; മോദിയല്ല ഇന്ത്യ: രാഹുല്‍ ഗാന്ധി


ആരുമായും നിഴല്‍ യുദ്ധത്തിന് ഞങ്ങളില്ല. ആരേയും ഭയപ്പെടുത്താനും ഉദ്ദേശിക്കുന്നില്ലെന്നും ഒരു പാര്‍ട്ടിയുടേയും ആഭ്യന്തര പ്രശ്‌നങ്ങളില്‍ എന്‍.എസ്.എസ് ഇടപെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് മറുപടി ലഭിക്കുമെന്നും എന്‍.എസ്.എസ് നേതൃത്വം പറഞ്ഞാല്‍ ആര് കേള്‍ക്കുമെന്നും അപ്പോള്‍ മനസിലാകുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ

എന്‍.എസ്.എസിനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തി. സി.പി.ഐ.എമ്മിനോട് സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തരുതെന്ന് കോടിയേരി പറഞ്ഞു. സി.പി.ഐ.എമ്മിനെ വിരട്ടി വിധേയപ്പെടുത്താമെന്ന് കരുതേണ്ട. രാഷ്ട്രീയത്തില്‍ ഇടപെടാനാണ് ഉദ്ദേശമെങ്കില്‍ എന്‍.എസ്.എസ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി പറഞ്ഞിരുന്നു.