| Thursday, 2nd January 2025, 12:06 pm

ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ടും പോകാമെന്ന പ്രസ്താവന; കാലങ്ങളായി തുടരുന്ന ആചാരങ്ങള്‍ മാറ്റണമെന്ന് പറയുന്നത് എന്തിന്: സുകുമാരന്‍ നായര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചങ്ങനാശ്ശേരി: കാലാകാലങ്ങളായി ക്ഷേത്രങ്ങളില്‍ തുടരുന്ന ആചാരങ്ങള്‍ ശരിയല്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ക്ഷേത്രങ്ങളില്‍ വസ്ത്രം ഊരി ദര്‍ശനം നടത്തേണ്ടതില്ലെന്ന് പറയുന്നവര്‍ ആരാണെന്നും ജി. സുകുമാരന്‍ നായര്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ നിലപാടിനെ പിന്തുണക്കരുതായിരുന്നുവെന്നും തെറ്റായി പോയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മന്നം ജയന്തിയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉടുപ്പിടാതെ ക്ഷേത്രങ്ങളില്‍ കയറുന്നത് സവര്‍ണരുടെ അധിപത്യമാണെന്ന് ചിലര്‍ ചേര്‍ന്ന് തീരുമാനിച്ചുവെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. ഹിന്ദുവിന്റെ പുറത്ത് മാത്രമേ ഇത്തരം വ്യാഖ്യാനങ്ങള്‍ എല്ലാം ഉള്ളോയെന്നും അദ്ദേഹം ചോദിച്ചു.

‘ഇവിടെ ക്രൈസ്തവരുണ്ട്. അവരുടെ ആചാരമനുസരിച്ച് ഇന്നത്തെ കാലത്തിന് അനുസൃതമല്ലാത്തത് എല്ലാം ഇല്ലേ…. പക്ഷെ അതെല്ലാം അവരുടെ ആചാരങ്ങളുടെ ഭാഗമാണ്. മുസ്‌ലിങ്ങൾക്കുമില്ലേ, വസ്ത്രധാരണം സംബന്ധിച്ച ആചാരങ്ങള്‍. ഇത്തരം നടപടിക്രമങ്ങളെയൊക്കെ മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിനും വിമര്‍ശിക്കാന്‍ ധൈര്യമുണ്ടോ,’ എന്നും ജി. സുകുമാരന്‍ നായര്‍ ചോദിച്ചു.

വലിയ കണ്ടെത്തലുകള്‍ ഉണ്ടാകുന്നതിന് എത്രയോ മുമ്പാണ് ക്ഷേത്രത്തില്‍ താഴെക്കിടയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം അനുവദിച്ചത്. ഹിന്ദു മതത്തിലെ പല വിഭാഗങ്ങള്‍ക്കും ക്ഷേത്രങ്ങൾക്കും വിവിധങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം 92ാം മത് ശിവഗിരി തീര്‍ത്ഥാടന സമ്മേളനത്തില്‍, ക്ഷേത്രങ്ങളില്‍ വസ്ത്രം ഊരിമാറ്റി ദര്‍ശനം നടത്തുന്ന രീതിയുണ്ടെന്നും ഇത് കാലാന്തരങ്ങളില്‍ മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശത്തെ പിന്തുണച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി വിമർശനം ഉയർത്തുന്നത്.

ശിവഗിരിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കില്‍ തങ്ങള്‍ക്കെന്താണ് കുഴപ്പമെന്നും ഈ ക്ഷേത്രങ്ങളില്‍ പോകാന്‍ താത്പര്യമുള്ള നായര്‍ക്കോ മറ്റോ വിഭാഗങ്ങള്‍ക്കോ ഷര്‍ട്ട് ധരിച്ച് തന്നെ പോകാം. പക്ഷെ കാലങ്ങളായുള്ള ആചാരക്രമങ്ങള്‍ മാറ്റണമെന്ന് പറയാന്‍ അവക്ഷമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഉടുപ്പ് ധരിച്ചും ധരിക്കാതെയുമെല്ലാം ക്ഷേത്രങ്ങളില്‍ പോകാന്‍ ഹൈന്ദവ സമുദായക്കാര്‍ക്ക് അവകാശമുണ്ടെന്നും സുകുമാരന്‍ നായര്‍ സംസാരിച്ചു.

ക്ഷേത്രങ്ങളിലെ ശാസനകള്‍ അംഗീകരിക്കണമെന്നും എതിര്‍ക്കരുതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഇത്തരം ആശയങ്ങള്‍ ഒരു സര്‍ക്കാരിനോ കൊണ്ടോ ഒരു പ്രത്യേക മത വിഭാഗത്തിനോ ഇല്ലാതാക്കാന്‍ കഴിയുന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: G Sukumaran Nair against Chief Minister and Sivagiri Madam

We use cookies to give you the best possible experience. Learn more