| Tuesday, 7th February 2017, 5:49 pm

സെക്രട്ടറിയേറ്റ് വളപ്പില്‍ നിന്നും കൈക്കൂലി വാങ്ങി ; ഉദ്യോഗസ്ഥയെ പുറത്താക്കി മന്ത്രി ജി.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പരിസരത്ത് നിന്നും പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥയ്ക്കും ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷഹാനാ ബീഗത്തേയും ഡ്രൈവര്‍ എ.ജെ പ്രവീണ്‍ കുമാറിനേയുമാണ് സസ്‌പെന്റ് ചെയ്തത്.

കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞതോടെയാണ് അഴിമതി പിടിയിലായത്. ഈ മാസം മൂന്നാം തിയ്യതി വൈകിട്ട് അഞ്ചരയ്ക്കും ആറ് മണിയ്ക്കും ഇടയിലായിരുന്നു സംഭവം നടന്നത്. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഔദ്യോഗിക വാഹനത്തില്‍ സെക്രട്ടറിയേറ്റിലെത്തിയപ്പോഴാണ് കൈക്കൂലി വാങ്ങിയത്.

പരസ്യമായി പണം എഞ്ചീയറുടെ കാറില്‍ വച്ചു കൊടുക്കുന്നതും ഡ്രൈവര്‍ക്ക് കൈക്കൂലി നല്‍കുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. കൈക്കൂലിയെ കുറിച്ച് പലരും പരാതി നല്‍കിയതിനെ തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു.


Also Read : 33 വര്‍ഷം കൂടെ നടന്നത് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയല്ല ; ശശികലയെ കടന്നാക്രമിച്ച് ജയലളിതയുടെ അനന്തിരവള്‍


കൈക്കൂലി നല്‍കിയ കോണ്‍ട്രാക്ടര്‍ സിജോയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും പേരില്‍ കേസെടുക്കാന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥയുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചും അന്വേഷിക്കാന്‍ മന്ത്രി വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more