| Monday, 3rd September 2018, 9:38 pm

തലയില്‍ വെള്ളപ്പൊക്കം കയറിയവരുണ്ടെങ്കില്‍ അത് ഒഴുക്കി കളയണം, തോമസ് ഐസക്കുമായി അഭിപ്രായ വ്യത്യാസമില്ല; ജി.സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി തോമസ് ഐസക്കുമായി അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട് എന്ന മാധ്യമവാര്‍ത്തകളില്‍ വിശദീകരണവുമായി മന്ത്രി സുധാകരന്‍.

അഭിപ്രായവ്യത്യാസമുള്ളത് പറയുന്നതവരുടെ തലയിലാണെന്നും, വെള്ളപ്പൊക്കം തലയില്‍ കയറിയവരുണ്ടെങ്കില്‍ അത് ഒഴുക്കി കളയണമെന്നും ജി.സുധാകരന്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.


ALSO READ: ഹാനാന്റെ ചികില്‍സാ ചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കും


കുട്ടനാട്ടിലെ വെള്ളം പമ്പ് ചെയ്ത് കളയുന്നത് എങ്ങനെ എന്നതിലാണ് മാധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും, അല്ലാതെ മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളില്ലല്ലെന്നും സുധാകരന്‍ പറയുന്നുണ്ട്.

ഇവിടെ ഒറ്റ പ്രശ്‌നമേ ഉള്ളു, വെള്ളം പമ്പ് ചെയ്യാന്‍ പറ്റുമോ ഇല്ലയോ, അതിലാണ് ചര്‍ച്ചകള്‍ കേന്ദ്രീകരിക്കുന്നത്. സുധാകരന്‍ പോസ്റ്റില്‍ വ്യക്തമാക്കി.

ഇത് ആരുടേയും കുറ്റമല്ലെങ്കില്‍ മാധ്യമങ്ങള്‍ പറഞ്ഞാല്‍ മതിയെന്നും, മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്നും സുധാകരന്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പ്രളയം ഇറങ്ങി 10 ദിവസമായിട്ടും കൈനകരിയിലും നെടുമുടിയിലെ ചില വാര്‍ഡുകളിലും വെള്ളമിറങ്ങാത്തത് കാരണം വീടുകള്‍ ശുചീകരിക്കാന്‍ പറ്റുന്നില്ല. വീട്ടില്‍ താമസിക്കാന്‍ പറ്റുന്നില്ല. വലിയ സാമ്പത്തിക നഷ്ടമുണ്ടായിക്കൊണ്ടിരിക്കുകയാണ്. പ്രളയ സ്ഥിതി തന്നെയാണ് ഇപ്പോഴും കൈനകരിയില്‍ മാത്രം. ഇതിന് കാരണം പാടശേഖരങ്ങളിലെ മടകുത്താത്തതും പാടശേഖരങ്ങളില്‍ നിറഞ്ഞ് കിടക്കുന്ന വെള്ളം പമ്പ് ചെയ്ത് കളയാത്തതുമാണ് എന്ന് ഏത് കുട്ടനാട്ടുകാരനുമറിയാം. ഇതിന് ഉത്തരവാദിത്വമുള്ള പാടശേഖരകമ്മറ്റികള്‍ ആ ജോലി ചെയ്യുന്നതില്‍ ഗുരുതരമായ വീഴ്ച വരുത്തിയിരിക്കുകയാണ്. മടകുത്താനുള്ള 20% തുക മുന്‍കൂറായി കൊടുക്കുവാന്‍ തീരുമാനിച്ചിട്ട് മാസം ഒന്നരയായി. അത് വാങ്ങി മടകുത്താവുന്നതെയുള്ളു. പമ്പിംഗ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് പമ്പ് ചെയ്യാന്‍ അഡ്വാന്‍സ് കൊടുത്ത ചരിത്രമില്ല. കോണ്‍ട്രാക്ടര്‍ക്ക് മുന്‍കൂട്ടി പണം സര്‍ക്കാര്‍ കൊടുത്ത് കോണ്‍ട്രാക്ട് പണി ചെയ്യിക്കാന്‍ കഴിയില്ല. പമ്പിംഗ് കോണ്‍ട്രാക്ടര്‍മാര്‍ പമ്പിംഗ് നടത്തി ബില്ല് നല്‍കുമ്പോള്‍ സര്‍ക്കാര്‍ പണം നല്‍കുന്നു. ഇത്തവണ അഡ്വാന്‍സ് പണം വേണമെന്ന് അവര്‍ ബഹളം കൂട്ടുകയും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറായ വനിതയുടെ മുമ്പില്‍ ബഹളമുണ്ടാക്കുകയും ചെയ്തപ്പോള്‍ പിന്നീട് അവര്‍ക്ക് 20,000 രൂപ കൊടുക്കാന്‍ കളക്ടര്‍ സമ്മതിക്കുകയായിരുന്നു.

അങ്ങനെ അധികാരികളെ ഭീഷണിപ്പെടുത്തിയാണ് 20,000 രൂപ നല്‍കാമെന്നുള്ള തീരുമാനമെടുത്തത്. എങ്കിലും അത് കൊടുത്തു. അത് കൊടുത്തതിന് ശേഷം ഇപ്പോള്‍ ഒരാഴ്ച കഴിഞ്ഞു ഒരൊറ്റ പമ്പിംഗ് കോണ്‍ട്രാക്ടറും പമ്പിംഗ് ആരംഭിച്ചിട്ടില്ല. ഞങ്ങളുടെ മോട്ടര്‍ വെള്ളത്തില്‍ കിടക്കുകയാണ്, അത് എടുത്ത് നടത്താന്‍ കുറെ കാലം വേണമെന്ന് പറഞ്ഞിട്ട് ആ കാലം കഴിഞ്ഞിട്ടും ഇവര്‍ എടുക്കുന്നില്ല. മോട്ടറിന് കേടില്ലാത്ത കുറെ പാടശേഖരമുണ്ട് അവരും ചെയ്തിട്ടില്ല. ഇവര്‍ പരസ്പരം ആലോചിച്ച് തന്നെയാണ് ചെയ്തിട്ടുള്ളത്. ഇതെപറ്റി സര്‍ക്കാരിന്റെ ഒരു അന്വേഷണവും കണ്ടെത്തലും ആവശ്യമായി വന്നിരിക്കുകയാണ്. ഇവര്‍ക്ക് ലൈസന്‍സ് കൊടുക്കുന്നത് സര്‍ക്കാരാണ്. ലൈസന്‍സിന് അര്‍ഹതയില്ലാത്തവര്‍ക്ക് ലൈസന്‍സ് എടുത്ത് കളയേണ്ടിവരും. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം വെള്ളപ്പൊക്കം നീട്ടിക്കൊണ്ട് പോകുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കേണ്ടിവരും.

ജില്ലയുടെ ചാര്‍ജുള്ള മന്ത്രിയെന്ന നിലയില്‍ ഉത്തരവാദിത്വപൂര്‍വ്വം ഇവരുടെ വീഴ്ചകളെപ്പറ്റിയാണ് ഞാന്‍ ചൂണ്ടികാണിക്കുന്നത്. അതിനിയും ചൂണ്ടികാണിക്കേണ്ടിവരും. അതിനകത്ത് രാഷ്ട്രീയകക്ഷി വ്യത്യാസം ഒന്നുമില്ല. എല്ലാ പാര്‍ട്ടിയില്‍പ്പെട്ടവാരാണ് കോണ്‍ട്രാക്ടര്‍മാര്‍, അവര്‍ക്ക് അവരുടെ പാര്‍ട്ടിയോടും ഒരു കൂറുമില്ല. ജനങ്ങളോടുമില്ല. അവരുടെകൂടെ വീട് വെള്ളത്തില്‍ കിടക്കുമ്പോള്‍, അവരുടെ വീട് തന്നെ വെള്ളത്തില്‍ നിന്ന് കയറാനുള്ള ശ്രമം അവര്‍ നടത്തുന്നില്ലയെന്ന് പറയുമ്പോള്‍ അവരുടെ മനശാത്രം വളരെ ദുരൂഹമായിരിക്കുന്നു. ഇത് സമ്മതിച്ച് കൊടുക്കുവാന്‍ പറ്റില്ല. ഇത് തോമസ് ഐസക്കും ജി.സുധാകരനും തമ്മിലുള്ള പ്രശ്‌നമാണ്, എന്നൊരു മാധ്യമപ്രവര്‍ത്തകന്‍ കൂടെകൂടെ പറയുന്നത് കേട്ടു. അയാളുടെ തലയിലും വെള്ളപ്പൊക്കം ഉണ്ടായോ എന്നാണ് എന്റെ സംശയം. തോമസ് ഐസക്കിന് എന്ത് കാര്യമാണ് ഇക്കാര്യത്തില്‍, തോമസ് ഐസക്ക് പമ്പിംഗ് കോണ്‍ട്രാക്ടര്‍ അല്ലല്ലോ. ഇതൊക്കെ അസംബന്ധമാണ് അങ്ങനെയൊന്നും യാതൊരു പ്രശ്‌നവുമില്ല. മന്ത്രി സുനില്‍കുമാര്‍ ഇവിടെ വന്ന് പമ്പിംഗ് കോണ്‍ട്രാക്ടര്‍മാരോട് സംസാരിച്ച ശേഷവും പമ്പിംഗ് തുടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായവും അവര്‍ കണക്കിലെടുത്തിട്ടില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിയായ എനിക്ക് ഒരു നിവേദനം പോലും അവര്‍ നല്‍കിയിട്ടില്ല. അവരില്ലെങ്കില്‍ പമ്പിംഗ് നടക്കില്ലയെന്ന അഹങ്കാരമാണ് അവര്‍ക്കുള്ളത്.

ഇത് തന്നെയായിരുന്നു ഹൗസ് ബോട്ട് ഉടമകള്‍ ഭൂരിപക്ഷവും സ്വീകരിച്ചത്. അതില്‍മേല്‍ നടപടിയെടുത്തപ്പോള്‍ എല്ലാവരും സഹകരിച്ചു. ആ പ്രശ്‌നം അവസാനിച്ചു. അതുപോലെ അഞ്ച് ദിവസത്തിനുള്ളില്‍ പമ്പിംഗ് ആരംഭിച്ച് പാടശേഖരത്തെ വെള്ളം വറ്റുന്നില്ലെങ്കില്‍ പമ്പിംഗ് ലൈസന്‍സികളെ എന്ത് ചെയ്യണമെന്ന് സര്‍ക്കാര്‍ ആലോചിക്കും. ആരും രക്ഷിക്കാന്‍ ഉണ്ടാകില്ല. ദുരന്ത നിവാരണ നിയമം എടുത്ത് ഉപയോഗിക്കേണ്ടിവരും. അത് കൊണ്ട് അടിയന്തിരമായി മോട്ടോറുകള്‍ ശരിയാക്കി പമ്പിംഗ് നടത്തി അതിന് ബില്ല് കൊടുത്ത് അതിന് പണം വാങ്ങി കുട്ടനാടിനെ രക്ഷിക്കുക. കുട്ടനാടിനെപ്പറ്റി എല്ലാ അറിയാവുന്ന ഒരാളെന്ന തരത്തില്‍ ഇപ്പോഴും കുട്ടനാടന്‍ മേഖലയായിട്ടുള്ള അമ്പലപ്പുഴയുടെ കിഴക്കന്‍ ഭാഗങ്ങളും കുട്ടനാടന്‍ മേഖലയാണ്. ഞാന്‍ അവിടുത്തെ എം.എല്‍.എ കൂടിയാണ്. മുമ്പ് ഞാന്‍ കുട്ടനാട് നിന്ന് ജില്ലാ കൗണ്‍സില്‍ പ്രസിഡന്റായ ആളാണ്. എനിക്ക് കുട്ടനാടിനെപ്പറ്റി നന്നായി അറിയാം. 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1980 കളില്‍ ഞാന്‍ അവിടുത്തെ പാര്‍ട്ടിയുടെ താലൂക്ക് സെക്രട്ടറിയായിരുന്നു. അന്നൊന്നും പമ്പിംഗ് കോണ്‍ട്രാക്ടര്‍മാര്‍ ഇങ്ങനെയായിരുന്നില്ല.

ഏത് പ്രതിസന്ധിയിലും അവര്‍ പമ്പ് ചെയ്യുമായിരുന്നു. സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കിയാണ് വെള്ളം പമ്പ് ചെയ്യുന്നത്. പിന്നീട് അവര്‍ പണം ചോദിക്കും. വര്‍ഷങ്ങളായി കുടിശ്ശേക വന്നിട്ട് പോലും അവര്‍ കുട്ടനാട് കാര്‍ക്ക് പമ്പ് ചെയ്ത് കൊടുക്കാതിരുന്നിട്ടില്ല. ഇത് മനസാക്ഷിയില്ലാത്തവരെ പോലെ പെരുമാറുന്ന ഇവര്‍ക്ക് മാപ്പ് കൊടുക്കില്ല. ജനവികാരം എതിരാകാതെ ദയവായി പമ്പ് കോണ്‍ട്രാക്ടര്‍മാര്‍ നിങ്ങളുടെ മോട്ടര്‍ ശരിയാക്കി പമ്പിംഗ് ആരംഭിക്കുക. മോട്ടര്‍ ശരിയാക്കാത്തവര്‍ വേഗം ശരിയാക്കുക. വെളിയില്‍നിന്ന് വരുന്ന പമ്പുകള്‍ മുഴുവന്‍ കൈനകരിയില്‍ കേന്ദ്രീകരിക്കണമെന്ന് കളക്ടറോട് ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എ.സി റോഡ് പറ്റണമെങ്കില്‍ കൈനകരിയിലെ വെള്ളം വറ്റിക്കണം. എങ്കിലെ എ.സി റോഡ് വറ്റിക്കാന്‍ പറ്റു. എ.സി റോഡിലെ പുനരുദ്ധാരണ നീളുന്നതിന്റെ കാരണവും കൈനകരി, നെടുമുടി പഞ്ചായത്തുകളിലെ വെള്ളം വറ്റിക്കാത്തതാണ്. നെടുമുടി പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളിലെല്ലാം പമ്പിംഗ് കോണ്‍ട്രാക്ടര്‍മാര്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. കൈനകരി ഒഴിച്ചുള്ള മറ്റ് എല്ലാ പഞ്ചായത്തുകളിലും വെള്ളം ഇറങ്ങിയിട്ടുണ്ട്. കൈനകരിയില്‍ മാത്രം ഇറങ്ങാത്തത് ഇത് കൊണ്ടാണ്. ആപത്ത് വരുമ്പോള്‍ അതില്‍ നിന്ന് സാമ്പത്തിക ലാഭം കൊയ്യുന്നത് ആരായാലും സര്‍ക്കാര്‍ കര്‍ശനമായ നടപടിയെടുക്കും. തോമസ് ഐസക്കിനെ ബലിയേടാക്കേണ്ടതില്ല. പമ്പിംഗ് കോണ്‍ട്രാക്ടര്‍മാരുടെ നിരുത്തരവാദിത്വത്തെ തോമസ് ഐസക് ന്യായികരിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞത് പമ്പിംഗ് എന്ന് പറയുന്നത് അല്‍പ്പം സമയം എടുക്കും, അവരുടെ മോട്ടര്‍ കേടാണ് എന്നുള്ളതാണ്. മോട്ടര്‍ കേടാണെങ്കില്‍ ശരിയാക്കി പമ്പിംഗ് നടത്താനാണ് സര്‍ക്കാര്‍ പറയുന്നത്. തോമസ് ഐസക്കും, ഞാനും സുനില്‍കുമാറും പറയുന്നത് ഒരേ കാര്യമാണ്.

എത്രയും വേഗം പമ്പിംഗ് നടത്തി കുട്ടനാടിനെ രക്ഷിക്കണം. മൂന്ന് പേരും ഒന്ന് തന്നെയാ പറയുന്നത്. അഭിപ്രായവ്യത്യാസമുള്ളത് പറയുന്നവരുടെ തലയിലാണ്. വെള്ളപ്പൊക്കം തലയില്‍ കയറിയവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ഒഴിക്കികളയണം. ഞങ്ങളുടെ തലയിലൊന്നും വെള്ളപ്പൊക്കമില്ല. ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയാണ്. കുട്ടനാട്ടിലെ വെള്ളം ഇറങ്ങണ്ടെ ? ഇറങ്ങണമെങ്കില്‍ പമ്പിംഗ് നടക്കണ്ടെ ? പമ്പിംഗ് നടക്കുന്നതില്‍ കാലതാമസം ഉണ്ടായില്ലെ ? ഇത് തെറ്റാണെങ്കില്‍ ഇതെ പറ്റി പറയുക. ഞാനെന്തുപറഞ്ഞു, ഐസക്കും സുനില്‍കുമാറും എന്ത് പറഞ്ഞു അതിലെന്ത് വ്യത്യാസം ഉണ്ട് എന്ന് കണ്ടുപിടിക്കുന്നതല്ല പത്രധര്‍മ്മം. അവിടെ പമ്പിംഗ് നടത്തി വെള്ളം ഒഴുക്കാന്‍ കഴിയാത്തതിന്റെ കാരണം അന്വേഷിക്കുക. ആരുടെയും കുറ്റമല്ലെങ്കില്‍ പറഞ്ഞാല്‍ മതി മാപ്പ് പറയാന്‍ തയ്യാറാണ്. അതല്ല കുറ്റമാണെങ്കില്‍ അതിന് നടപടിയുണ്ടാകണം. അവിടുന്ന് വെള്ളം പമ്പ് ചെയ്ത് കളയണം.

ഈ ഒറ്റ പ്രശ്‌നമെ ഉള്ളു. വെള്ളം പമ്പ് ചെയ്യാമോ പറ്റത്തില്ലയോ ? ഈ കാര്യത്തില്‍ ചര്‍ച്ച കേന്ദ്രീകരിച്ചാല്‍ മതി. ആരെന്ത് പറഞ്ഞു എന്നുള്ളത് രണ്ടാമത്തെ കാര്യമാണ്. പതിവ് പടിയുള്ള നേതാക്കന്‍മാരെ ചുറ്റിപ്പറ്റി കഥകള്‍ മെനയുന്ന ആ പതിവ് പടിയുള്ള ജേര്‍ണലിസം അവസാനിപ്പിക്കണം. വെള്ളപ്പൊക്കകാലത്ത് മാറ്റിവെച്ച കാര്യമാണിത്. വെള്ളപ്പൊക്കം ഇറങ്ങിയപ്പോള്‍ വീണ്ടും പഴേ ശൈലി തുടരുവാന്‍ പാടില്ല. തമ്മള്‍ എല്ലാം പുതിയ ശൈലി സ്വീകരിക്കുക. കാലത്തിനനുസരിച്ച് സംസാരിക്കുക. വസ്തുതകളെപ്പറ്റി സംസാരിക്കുക. രണ്ടാഴ്ച, മൂന്നാഴ്ച എടുക്കുമെങ്കില്‍ അത് പറയുക. അങ്ങനെ ഒരാള്‍ക്കും പറയാന്‍ കഴിയില്ല. കാരണം എത്രയും വേഗം വെള്ളം പമ്പ് ചെയ്ത് കളയണം. ഇതിലാണ് ഞാന്‍ ഊന്നുന്നത്. ഇതാണ് സര്‍ക്കാരിന്റെ അഭിപ്രായം. അതിലുള്ള പ്രയാസങ്ങള്‍ പറയാം. പ്രയാസങ്ങള്‍ കഴിഞ്ഞിട്ട് പമ്പ് ചെയ്താല്‍ മതി. പക്ഷേ പമ്പ് ചെയ്യണം. ഒരാളും പമ്പ് ചെയ്തിട്ടില്ല എന്നുള്ളതാണ് പ്രശ്‌നം.

We use cookies to give you the best possible experience. Learn more