എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ ഞാന്‍? തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പറയുന്നത് രാഷ്ട്രീയ ക്രിമിനലിസമാണെന്ന് ജി. സുധാകരന്‍
Kerala News
എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ ഞാന്‍? തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പറയുന്നത് രാഷ്ട്രീയ ക്രിമിനലിസമാണെന്ന് ജി. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th April 2021, 6:14 pm

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് സി.പി.ഐ.എം നേതാവ് ജി. സുധാകരന്‍. ചില പത്രങ്ങളുടെ പ്രാദേശിക എഡിഷനുകളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയാണോ ഞാന്‍. കഴിഞ്ഞ 55 വര്‍ഷമായി ഞാന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. കക്ഷി വ്യത്യാസമില്ലാതെ രാത്രി പരസ്പരം ബന്ധപ്പെടുന്ന പൊളിറ്റിക്കല്‍ ക്രിമിനല്‍സ് ഉണ്ട്. അതൊന്നും ഞങ്ങളുടെ പാര്‍ട്ടിയില്‍ നടക്കില്ല, അവരുടെ പേര് ഒന്നും പറയുന്നില്ല, എല്ലാവര്‍ക്കും അറിയാം. എല്ലാം കഴിഞ്ഞ് വോട്ടു പെട്ടിയില്‍ കയറിയ ശേഷം പറയുന്നു ഞാന്‍ പ്രവര്‍ത്തിച്ചില്ലെന്ന് എന്തൊരു രീതിയാണ്. അരൂരില്‍ ജയിക്കുമായിരുന്നു, തോറ്റതല്ല, അതിന്റെ പിന്നില്‍ ശക്തികള്‍ ഉണ്ടായിരുന്നു’, സുധാകരന്‍ പറഞ്ഞു.

ചില മാധ്യമപ്രവര്‍ത്തകര്‍ പെയ്ഡ് റിപ്പോര്‍ട്ടര്‍മാരെപ്പോലെ പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഉദാഹരണത്തിന്, കേരളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന മാധ്യമമല്ലെ മലയാള മനോരമ. അഞ്ചാമത്തെ വയസ്സില്‍ വായിക്കാന്‍ തുടങ്ങിയതാ ഞാന്‍. ഇന്നുവരെ വായന നിര്‍ത്തിയിട്ടില്ല. കാശുകൊടുത്ത് വാങ്ങിക്കുന്നതാ. ഇന്നത്തെ മനോരമയില്‍ ഒരു വാര്‍ത്തയാണ്. തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.ഐ.എമ്മില്‍ സംഘര്‍ഷം, തോല്‍പ്പിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചെന്ന് ഒരു വിഭാഗം, ഇതാണ് തലക്കെട്ട്. യാതൊരു വിവാദവും സി.പി.ഐ.എമ്മില്‍ നടന്നിട്ടില്ല’, സുധാകരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് പാര്‍ട്ടിയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെയും സുധാകരന്‍ പ്രതികരിച്ചു.

താന്‍ വേണ്ടത്ര പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകരാണോ വിലയിരുത്തേണ്ടതെന്നും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി 65 സമ്മേളനങ്ങളിലാണ് താന്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പറയുന്നത് രാഷ്ട്രീയ ക്രിമിനലിസമാണെന്നും തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ജില്ലയിലെ 17 യോഗത്തിലാണ് പങ്കെടുത്തതെന്നും അമ്പലപ്പുഴയില്‍ മാത്രം 14 യോഗങ്ങളില്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: G Sudhakaran Press Meet After Election