മാവേലിക്കര: ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിനെതിരെ സോഷ്യല്‍ മീഡിയകളില്‍ വിമര്‍ശനമുയര്‍ത്തിയവര്‍ക്കെതിരെ ജി. സുധാകരന്‍. ഫേസ്ബുക്കിലൂടെ തന്നെ തെറിപറയുന്നവര്‍ ഊച്ചാളികളും ഭീരുക്കളുമാണെന്നാണ് സുധാകരന്‍ പറഞ്ഞത്. മാവേലിക്കരയില്‍ എ.ആര്‍ രാജരാജവര്‍മ്മയുടെ ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ഫേസ്ബുക്കിലൂടെ തെറിപറയുന്നവര്‍ അത് നിര്‍ത്തിയിട്ടു നേരിട്ടു വാദപ്രതിവാദത്തിനു വരണമെന്നും സുധാകരന്‍ വെല്ലുവിളിക്കുന്നുണ്ട്.
സര്‍ക്കാറിന്റെ അതിഥിയായതുകൊണ്ടാണ് ആലപ്പുഴയിലെത്തിയ ശൃംഗേരി ശാരദാപീഠം മഠാധിപതിയെ കാണാന്‍ പോയതെന്നു പറഞ്ഞ അദ്ദേഹം സ്വാമിയെ താന്‍ കാണാന്‍ പോയില്ലായിരുന്നെങ്കില്‍ അതും വിവാദമാകുമായിരുന്നെന്നും പറഞ്ഞു.
“സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയെയാണ് ഞാന്‍ കാണാന്‍ പോയത്. അദ്ദേഹം വര്‍ഗീയ വാദിയല്ല. പൊന്നാട സ്വീകരിക്കാത്തതുകൊണ്ട് തട്ടത്തില്‍വെച്ച് പഴങ്ങള്‍ നല്‍കി. ഇതെന്താണ് കുഴപ്പം. ആരുടെയും കാലു പിടിക്കാന്‍ പോയിട്ടില്ല. നേരെ ചൊവ്വേ ഒന്നും പറയാനറിയാത്തവരാണ് എന്തെങ്കിലുമൊക്കെ വിളിച്ചു പറയുന്നത്. കമ്മ്യൂണിസമെന്താണെന്ന് തന്നെ ആരും പഠിപ്പിക്കാന്‍ വരേണ്ട.” സുധാകരന്‍ പറഞ്ഞു.
ചില മാധ്യമപ്രവര്‍ത്തകര്‍ വെറുതെ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. ഇവര്‍ കാര്യങ്ങള്‍ പൂര്‍ണമായി റിപ്പോര്‍ട്ടു ചെയ്യാറില്ല. നടന്ന കാര്യങ്ങള്‍ എഴുതുവാനുള്ള ധൈര്യം ഇവര്‍ക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം തിരുവനന്തപുരത്തു നിന്ന് എസ്.എഫ്.ഐക്കാരനാണെന്നും പറഞ്ഞ് ഒരാള്‍ തന്നെ വിളിച്ചു താന്‍ കാരണം അവന് മുഖത്തു മുണ്ടിട്ടു നടക്കേണ്ട ഗതികേടാണെന്നാണ് പറഞ്ഞത്. അവന്‍ എസ്.എഫ്.ഐക്കാരനൊന്നുമല്ലെന്നും സുധാകരന്‍ പറഞ്ഞു.