| Friday, 19th July 2019, 12:53 pm

ഈ കഥകള്‍ അക്രമത്തെ, അക്രമം കൊണ്ട് പകരം വയ്ക്കാനുള്ള വാദമല്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജി.സുധാകരന്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനും പ്രാദേശിക മേഖലാ കമ്മിറ്റിയംഗവുമായ അഖിലിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം കക്ഷി വ്യത്യാസമില്ലാതെ ഏവരേയും നടുക്കിയ സംഭവമാണ്. അതിന് മാപ്പ് കൊടുക്കാന്‍ കഴിയില്ല.

എസ്.എഫ്.ഐയുടെ നയങ്ങളും പരിപാടികളുമായി ഇതിന് യാതൊരു ബന്ധവുമില്ല. എന്നുമാത്രമല്ല എസ്.എഫ്.ഐയുടെ വളര്‍ന്നു വന്ന നിരവധി നേതാക്കളെ കലാലയങ്ങളില്‍ കശാപ്പ് ചെയ്ത വലതുപക്ഷ ആക്രമണ രാഷ്ട്രീയത്തോട് സമാനതയുള്ളതാണ് ഈ സംഭവം.

ഇടതുപക്ഷമാണെന്ന് പറയുകയും വലതുപക്ഷത്തിന്റെ ഏറ്റവും നിന്ദ്യമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് അക്രമകാരികളായ ഏതാനും പേര്‍ എസ്.എഫ്.ഐയുടെ പേരില്‍ യൂണിവേഴ്സിറ്റി കോളജില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത്. ഈ പ്രവണത ഇപ്പോള്‍ കേരളത്തില്‍ വ്യാപകമായി കാണുന്നു.

ഇടതുപക്ഷമാണെന്ന് പറയുക, ഇടതുപക്ഷ കൊടി പിടിക്കുക,വലതുപക്ഷത്തേക്കാള്‍ മോശമായി പ്രവര്‍ത്തിക്കുക. ഇടതുപക്ഷ, വലതുപക്ഷ വ്യത്യാസം ഇല്ലാതാക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഇവരുടെ പ്രതിനിധികളാണ് യൂണിവേഴ്സിറ്റി കോളജില്‍ അക്രമം നടത്തിയത്. ഇത് തുടച്ചു നീക്കേണ്ട സമയമാണ്. അതിന് കര്‍ശനമായ പരിശോധനകളും ശുദ്ധീകരണവും എല്ലായിടത്തും ആവശ്യമാണ്.

ഇത് എസ്.എഫ്.ഐയില്‍ മാത്രം ഒതുങ്ങുന്നതല്ല. സമൂഹത്തിന്റെ എല്ലാ മേഖലയിലും ഇത്തരക്കാര്‍ കടന്നുകൂടിയിട്ടുണ്ട്. ആയിരക്കണക്കിന് ധീരന്മാര്‍ ചോരയും ജീവനും നല്‍കിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഏതാനും അക്രമികള്‍ക്കു വേണ്ടി സമര്‍പ്പിക്കാനുള്ളതല്ല. അത് ലോകത്തെമ്പാടുമുള്ള രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള പ്രസ്ഥാനമാണ്.

അതിനാലാണ് വിശ്വോത്തര സാഹിത്യകാരന്മാരായ മയക്കോവിസ്‌കിയും മാക്സിം ഗോര്‍ക്കിയും പാബ്ളോ നെരൂദയും വയലാറും ലോകോത്തര നടന്‍ ചാര്‍ളി ചാപ്ലിനും അടക്കമുള്ള ആളുകള്‍ സ്ഥിതി സമത്വവാദമായ കമ്മ്യൂണിസ്റ്റ് ആശയത്തെ ഹൃദയത്തോട് ചേര്‍ത്തുവച്ചത്. അത് ഏതാനും അജ്ഞാനികളായ അക്രമികള്‍ക്ക് സ്വന്തം സഖാവിന്റെ ചങ്കിലെ ചോര വീഴ്ത്താനുള്ളതല്ല.

ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധങ്ങളും നിലപാടുമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എം.എ ബേബി, ഡോ.ടി.എം തോമസ് ഐസക്ക്, എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം തുടങ്ങിയവരെല്ലാം ഇതിനെ അപലപിച്ചിട്ടുണ്ട്.

ഈ വഴികള്‍ ഞങ്ങള്‍ക്ക് നടക്കാനുള്ളതല്ല. ഫാസിസ്റ്റുകള്‍ക്കുള്ളതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇക്കാര്യത്തില്‍ എസ്.എഫ്.ഐയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവര്‍ ഫാസിസ്റ്റുകളാണ്. അക്രമത്തോടുള്ള സഹതാപമല്ല അക്രമികളാല്‍ കൊല്ലപ്പെട്ട രക്തസാക്ഷികളുടെ പ്രസ്ഥാനമായ എസ്.എഫ്.ഐയുടെ അവസാന വേരും പറിക്കണമെന്ന ദുരാഗ്രഹമാണ്. ചരിത്രം അത് സമ്മതിക്കില്ല.

യൂണിവേഴ്സിറ്റി കോളജില്‍ നടന്ന സംഭവം ഇനി ഒരിടത്തും ആവര്‍ത്തിക്കാനും സാധ്യതയില്ല. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏകപക്ഷീയമായി എസ്.എഫ്.ഐയെ താറടിക്കാന്‍ ചരിത്രം അനുവദിക്കുന്നില്ല. മറു ചോദ്യങ്ങളും മറു ചിത്രങ്ങളും മറു ചരിത്രവുമായി കേരളം എസ്.എഫ്.ഐ വിരുദ്ധ കമ്മ്യൂണിസ്റ്റ് വിരുദ്ധ നുണപ്രചാരകരെ നേരിടുകയാണ്.

ഞങ്ങള്‍ക്കെല്ലാം ഞങ്ങളുടേതായ അനുഭവങ്ങളുണ്ട്. 33 എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ഇതുവരെ വലതുപക്ഷ അക്രമകാരികളാല്‍ കൊല്ലപ്പെട്ടത്. കെ.എസ്.യു, ഡി.എസ്.യു, എ.ബി.വി.പി, ക്യാമ്പസ് ഫ്രണ്ട് തുടങ്ങിയ വലതുപക്ഷ സംഘടനകളുടെ തീവ്രവാദികളാണ് ഇവരെയെല്ലാം കൊന്നത്.

18 വയസുള്ള ഭുവനേശ്വരന്‍ എന്റെ ഏറ്റവും ഇളയ അനുജനായിരുന്നു. 1977ല്‍ പന്തളം എന്‍.എസ്.എസ് കോളജില്‍ രണ്ടാം വര്‍ഷ ധനതത്വശാസ്ത്ര വിദ്യാര്‍ഥി. പഠനത്തില്‍ മുന്‍പില്‍. സാഹിത്യരചനയില്‍ താല്പര്യം. നാടകവും കവിതയും പ്രധാനം. അഭിനയം, ഫുട്ബോള്‍, ബാഡ്മിന്റണ്‍, വോളിബോള്‍ എന്നീ കലാ-കായിക വിദ്യകളില്‍ താല്പര്യം. ഒരു അക്രമത്തിനും പോയിട്ടുമില്ല.

ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരുന്ന ഭുവനനെ ഒറ്റുകാര്‍ വന്നു വിളിച്ചുകൊണ്ടു പോയി. പ്രിന്‍സിപ്പലിന്റെ മുറിയുടെ മുന്നില്‍ നിന്ന കെ.എസ്.യു.-ഡി.എസ്.യു അക്രമികള്‍ക്കിടയിലേക്ക് വലിച്ചെറിഞ്ഞിട്ട് അവര്‍ ഓടിപ്പോയി. സൈക്കിള്‍ ചങ്ങല കൊണ്ട് മുഖത്തടിയേറ്റ് കണ്ണുകള്‍ പൊട്ടി. കാഴ്ചയില്ലാതായി. തപ്പിത്തടഞ്ഞ് കുറച്ചു ദൂരെയുള്ള ഗണിതശാസ്ത്ര അധ്യാപകരുടെ മുറിയിലേക്ക് ചെന്നു. വേദന കൊണ്ട് പുളഞ്ഞുകൊണ്ടിരുന്നു. ഉണ്ടായിരുന്ന രണ്ട് അധ്യാപകര്‍ അപ്പോഴേ സ്ഥലം വിട്ടു.

അക്രമികള്‍ പിന്നാലെ വന്ന് ഭീകരമായി മര്‍ദ്ദിച്ചു. തുടര്‍ന്ന് ഒരു കലാലയത്തിലും സംഭവച്ചിട്ടില്ലാത്തപോലെ രണ്ട് കാലിലും പിടിച്ച് ഉയര്‍ത്തി തല നിലത്ത് ഇടിച്ചുകൊണ്ടേയിരുന്നു. തലച്ചോര്‍ ഉള്ളില്‍ പൊട്ടിയ മുട്ട പോലെയായി. ബോധരഹിതനായി കിടന്ന ഭുവനേശ്വരനെ എസ് ഗോവിന്ദക്കുറുപ്പ് പിന്നീട് കുളനട ഗവ. ആശുപത്രിയിലും തുടര്‍ന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ആരോഗ്യ നില വഷളായിരുന്നു.

പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ സംഭവം നടന്ന് മൂന്നു മണിക്കൂര്‍ കഴിഞ്ഞിരുന്നു. ചികിത്സ വൈകിയതിനാല്‍ മരണം സുനിശ്ചിതമായി. ഡിസംബര്‍ രണ്ട് മുതല്‍ ഏഴ് വരെ അഞ്ചു ദിവസം ബോധരഹിതനായി കിടന്നു. ഏഴിന് രാത്രി 12ന് അന്ത്യശ്വാസം വലിച്ചു. ഞാന്‍ അടുത്തുണ്ടായിരുന്നു. ഇതാണൊരു സംഭവം.

പട്ടാമ്പി സംസ്‌കൃത കോളജിലെ സെയ്താലിയെ കുത്തിക്കൊന്നു. കൊല്ലം എസ്.എന്‍ കോളജിലെ ശ്രീകുമാര്‍, മലബാറിലെ അഷ്റഫ് അങ്ങനെ 33 പേരെ വലതുപക്ഷ ഫാസിസ്റ്റുകള്‍ കലാലയങ്ങളിലിട്ട് കൊന്നു. അതെല്ലാം ഇപ്പോള്‍ കേരളത്തിലെ എസ്.എഫ്.ഐ വിരുദ്ധ കമ്മ്യൂണിസ്റ്റ് വരുദ്ധ പ്രഭാഷകരും പ്രചാരകരും മറന്നുപോയി.

രക്തസാക്ഷികളുടെ പേരിലാണ് എസ്.എഫ്ഐ കേരളമാകെ വളര്‍ന്നത്. മിക്ക കലാലയങ്ങളിലും വിജയികളാകുന്നത്. ഈ വിജയങ്ങള്‍ അഹങ്കരിക്കാനല്ല. വിനയത്തോടെ ജനപ്രിയമായ വിദ്യാഭ്യാസത്തിന് ഈടും പാവും നല്‍കുന്ന വിദ്യാഭ്യാസ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനുള്ള പ്രചോദനമാണ്. അത് യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ വിരുദ്ധരായ എസ്.എഫ്.ഐ വേഷധാരി(എം.എ ബേബിയോട് കടപ്പാട്)കള്‍ക്ക് മനസിലാകുകയില്ല.

നാടുനീളെ പണം പിരിച്ചും അക്രമങ്ങള്‍ നടത്തിയും ക്രിമിനല്‍ സംഘങ്ങളുമായി കൈകോര്‍ത്തും വീട്ടില്‍ തന്നെ ഗുണ്ടകളെ വളര്‍ത്തിയും ചില കപട രാഷ്ട്രീയ നേതാക്കളോട് സൗഹാര്‍ദ്ദം കൂടിയും ജീവിതം മുന്നോട്ട് നയിക്കുന്ന അനര്‍ഹമായി പല സ്ഥാനങ്ങളിലും കയറിക്കൂടുന്ന ഒരു കൂട്ടം ആളുകളെ കേരളത്തില്‍ കാണാവുന്നതാണ്. അക്കൂട്ടത്തിലാണ് തിരുവനന്തപുരത്തെ അക്രമികള്‍.

1972ല്‍ ഞാന്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ പ്രചരണജാഥ നയിച്ച് ഓച്ചിറ പ്രയാര്‍ സ്‌കൂളിന്റെ മുന്നില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. എസ്.എഫ്.ഐ വളര്‍ന്നു വരാന്‍ തുടങ്ങിയ കാലമായിരുന്നു. കെ.എസ്.യുവിന്റെ അക്രമത്തെ നേരിട്ടാണ് എല്ലായിടത്തും വളര്‍ന്നത്. ഇന്നത്തെ വളര്‍ച്ചയുടെ അടിസ്ഥാന ശില അക്കാലയളവിലാണ് പാകിയത്. പ്രസംഗിച്ചു കൊണ്ടിരുന്ന എന്റെ തല ലക്ഷ്യമാക്കി കെ.എസ്.യുക്കാര്‍ കല്ലെറിഞ്ഞു. ഞാന്‍ ബോധമറ്റ് താഴെ വീണു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് ഒമ്പത് സ്റ്റിച്ചുകള്‍ വേണ്ടി വന്നു. പാര്‍ട്ടി സെക്രട്ടറി സി.എച്ച് കണാരന്‍, വി.എസ്, ഗൗരിയമ്മ, സുശീല ഗോപാലന്‍,പി.കെ.ചന്ദ്രാനന്ദന്‍, ടി.കെ രാമകൃഷ്ണന്‍, എസ്.രാമചന്ദ്രന്‍പിള്ള, എം.എം ലോറന്‍സ്, രവീന്ദ്രനാഥ്,എന്‍. ശ്രീധരന്‍ തുടങ്ങിയവരൊക്കെ കാണാന്‍ വന്നു. സംസ്ഥാനമാകെ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കി.

ഈ കഥകള്‍ അക്രമത്തെ അക്രമം കൊണ്ട് പകരം വയ്ക്കാനുള്ള വാദമല്ല. എസ്.എഫ്.ഐക്കാരെ ആക്രമിച്ചാല്‍ നിങ്ങളും ആക്രമിച്ചിട്ടില്ലേ എന്ന ചോദ്യം ഞാന്‍ ചോദിക്കുന്നുമില്ല. അക്രമവും ബല പ്രയോഗവും ഈ സമൂഹത്തിന്റെ ഗര്‍ഭപാത്രത്തില്‍ നിക്ഷിപ്തമാണ്. അത് ഏത് അവസരത്തിലും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. ഇത് മാര്‍ക്സിന്റെ വിശകലനമാണ്. ഈ അക്രമങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി അക്രമികളെ നിഷ്പ്രഭമാക്കുകയാണ് കമ്മ്യൂണിസ്റ്റുകള്‍ ചെയ്യേണ്ടത്. അതാണ് മുമ്പ് ചെയ്തിരുന്നത്. അതിപ്പോഴും മറക്കേണ്ടതില്ല. നിരപരാധികളെ ആക്രമിക്കുകയല്ല നമ്മുടെ ചരിത്രപരമായ റോള്‍. അവിടെയാണ് എസ്.എഫ്.ഐയുടെ യൂണിവേഴ്സിറ്റി കോളജിലെ ഭാരവാഹികള്‍ക്ക് ഗുരുതരമായ തെറ്റുപറ്റിയത്.

അവര്‍ക്ക് മാര്‍ക്സിസം അറിയില്ല. ജനാധിപത്യവും മാനവസ്നേഹവും അറിയില്ല.”നിന്റെ പുറത്തുവീഴുന്ന ഓരോ ചാട്ടവാറടിയും എന്റെ പുറത്താണ് വിഴുന്നത്” എന്ന് കവികള്‍ പറഞ്ഞതാണ് കമ്മ്യൂണിസ്റ്റുകാരന്റെ ആത്മബോധം. എസ്.എഫ്.ഐക്കാരന്റെ തത്വശാസ്ത്രം. ജീവിതം എനിക്കൊരു ചൂളയായിരുന്നപ്പോള്‍ ഭൂവിനാല്‍, വെളിച്ചത്താല്‍ വെണ്മ ഞാന്‍ ഉളവാക്കി എന്ന മഹാകവി ജി യുടെ കാഴ്ചപ്പാടിന്റെ പ്രതിരൂപങ്ങളാണ് വിപ്ലവകാരികള്‍.

യുവ വിപ്ലവകാരികളായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഈ തത്വമാണ് പ്രയോഗത്തില്‍ വരുത്തേണ്ടത്. അതിനൊരു അപവാദമാണ് യൂണിവേഴ്സിറ്റി കോളേജിലെ അക്രമം. ഇത് ആവര്‍ത്തിക്കില്ല. ഇതിന്റെ പേരില്‍ എസ്.എഫ്.ഐയെ ക്രൂശിക്കാന്‍ ആര്‍ക്കും സാധ്യമല്ല. എസ്.എഫ്.ഐ തെറ്റ് തിരുത്തിക്കൊണ്ടിരിക്കുന്നു.

We use cookies to give you the best possible experience. Learn more