| Tuesday, 27th March 2018, 10:22 am

പിണറായി ദല്‍ഹിയിലേക്ക് പോയത് വയല്‍ക്കിളികളെ ഓടിക്കാനല്ല; മുഖ്യമന്ത്രി കേന്ദ്രമന്ത്രിമാരെ എപ്പോഴും കാണാറുണ്ടെന്നും ജി സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദല്‍ഹിയിലേക്ക് പോയത് കീഴാറ്റൂരിലെ വയല്‍ക്കിളികളെ ഓടിക്കാനല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ കാണുമെന്നും ദല്‍ഹിയാത്രയില്‍ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിമാരെ എപ്പോഴും കാണാറുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

നേരത്തെ പിണറായി ദല്‍ഹിയിലേക്ക് പോയത് കീഴാറ്റൂര്‍ സമരത്തിനു പരിഹാരം കാണാന്‍ കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയെ കാണാനാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു ഈ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം.

കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനു പിന്നാലെയായിരുന്നു പിണറായി ദല്‍ഹിയിലേക്ക് പോകുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നത്. ബൈപ്പാസിന്റെ അലൈന്മെന്റ് മാറ്റാനുള്ള സാധ്യതകള്‍ ആരായാനാണ് മുഖ്യമന്ത്രിയുടെ യാത്രയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കീഴാറ്റൂര്‍ സമരത്തിനുള്ള ബി.ജെ.പിയുടെ പിന്തുണ അവരുടെ ദേശീയ നയത്തിനെതിരാണെന്നും സുധാകരന്‍ പറഞ്ഞു. കഴിഞ്ഞദിവസം കീഴാറ്റൂര്‍ സമരത്തെ പരോക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. എതിര്‍ക്കാന്‍ വേണ്ടി മാത്രം കുപ്പായം തയ്പ്പിച്ച് ചിലര്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു പിണറായിയുടെ പ്രസ്താവന.

എതിര്‍ക്കുന്നവര്‍ എതിര്‍ക്കും എന്നാല്‍ നമ്മള്‍ നമ്മുടെ വഴിക്ക് പോകുമെന്നും. എതിര്‍പ്പുണ്ടെന്ന് വെച്ച് വികസനം നടപ്പാക്കാതിരിക്കാനാവില്ല. നാട് അഭിവൃദ്ധിപ്പെടരുത് എന്നാണ് ചിലരുടെ ആഗ്രഹമെന്നും അത് നടക്കില്ലെന്നും പിണറായി പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more