പട്ടാമ്പി: നിര്‍മാണത്തിലെ ക്രമക്കേട് മൂലം കാലവധിക്ക് മുമ്പ് പൊട്ടിപൊളിഞ്ഞ റോഡ് കരാറുകാരന്റെ ചിലവില്‍ നന്നാക്കിച്ച് പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പട്ടാമ്പി – പുലാമന്തോള്‍ റോഡാണ് കാലവധി കഴിയുന്നതിനു മുന്നേ പൊട്ടിപ്പൊളിഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും ടാര്‍ ചെയ്തത്.
ബി.എം & ബി.സി നിലവാരത്തില്‍ നിര്‍മിച്ച റോഡായിരുന്നു പട്ടാമ്പി – പുലാമന്തോള്‍ പാത. റോഡിന്റെ നിര്‍മാണ ഘട്ടത്തില്‍ തന്നെ അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പൊലീസിന്റെ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. വിജിലന്‍സിന്റെ അന്വേഷണത്തിലായതിനാല്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമായതോടെ റോഡ് പൂര്‍ണമായും തകരുകയും ചെയ്തു.
ഇതേത്തുടര്‍ന്ന് പട്ടാമ്പി എം.എല്‍.എ മുഹമ്മദ് മുഹസിന്‍ റോഡിന്റെ ശോചനീയാവസ്ഥ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു. തുടര്‍ന്ന് മന്ത്രി യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തു.
എം.എല്‍.എയും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ കരാറുകാരന്റെ വീഴ്ച കാരണം തകര്‍ന്ന റോഡ് അയാളുടെ ചിലവില്‍ തന്നെ പുനര്‍നിര്‍മിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അല്ലാത്തപക്ഷം കരാറുകാരനെതിരെ നടപടി സ്വീകരിക്കാനായിരുന്നു യോഗ തീരുമാനം.
യോഗത്തെ തുടര്‍ന്ന് പൊലീസ് വിജിലന്‍സിന്റെ ക്ലിയറന്‍സ് വാങ്ങിയ ശേഷം കരാറുകാരന്‍ സ്വന്തം ചെലവില്‍ പണി ആരംഭിക്കുകയായിരുന്നു. കരാറുകാരന്‍ സ്വന്തം ചിലവില്‍ നിര്‍മ്മാണം ആരംഭിച്ച വിവരം മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പങ്കുവെച്ചത്.