മുണ്ടുമടക്കിക്കുത്തി മുന്നില്‍ നിന്ന് നയിച്ച് ജി. സുധാകരനും ഐസക്കും: 75000 പേരെ അണിനിരത്തി കുട്ടനാട്ടില്‍ മഹാശുചീകരണം
Kerala Flood
മുണ്ടുമടക്കിക്കുത്തി മുന്നില്‍ നിന്ന് നയിച്ച് ജി. സുധാകരനും ഐസക്കും: 75000 പേരെ അണിനിരത്തി കുട്ടനാട്ടില്‍ മഹാശുചീകരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th August 2018, 10:45 am

 

ആലപ്പുഴ: വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

മുക്കാല്‍ ലക്ഷം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മൂന്നുദിവസത്തെ ശുചീകരണ യജ്ഞത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. കുട്ടനാട്ടിലെത്തിയ മന്ത്രി ജി. സുധാകരന്‍ കൈയുറകള്‍ ധരിച്ച് മുണ്ടുമടക്കിക്കുത്തി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

ജില്ലയിലുള്ളവര്‍ക്കൊപ്പം ജില്ലയ്ക്ക് പുറത്തുള്ളവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ക്യാമ്പില്‍ കഴിയുന്ന ആരോഗ്യപ്രശ്‌നമുള്ളവരും പ്രായമായവും കുട്ടികളും ഒഴിച്ച് ബാക്കിയുള്ള എല്ലാവരും ഇതില്‍ പങ്കാളിയാവുന്നുണ്ട്.

Also Read:മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വന്‍പിന്തുണ; ആഹ്വാനം ഏറ്റെടുത്ത് നിരവധി പ്രമുഖരും സര്‍ക്കാര്‍ ജീവനക്കാരും

കുട്ടനാട്ടിലെ താലൂക്കുകളില്‍ വിവിധ ഘട്ടങ്ങളായാണ് ശുചീകരണ പ്രവര്‍ത്തനം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് അയക്കും.

കുട്ടനാട്ടിലെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വീട് നശിച്ചവര്‍ക്ക് ആഗസ്റ്റ് 30നുശേഷം കുട്ടനാട്ടില്‍ തന്നെ പുതിയ ക്യാമ്പുകള്‍ ക്രമീകരിക്കും.

ബാര്‍ജുകള്‍, അഞ്ഞൂറോളം വള്ളങ്ങള്‍, അയ്യായിരത്തോളം ഹൗസ് ബോട്ടുകള്‍ എന്നിവ കുട്ടനാട്ടുകാരെ താമസ സ്ഥലത്ത് എത്തിക്കാനുള്ള ഓപ്പറേഷനില്‍ പങ്കെടുക്കും. ഹൗസ് ബോട്ടുകളിലാണ് ജില്ലയ്ക്ക് പുറത്തുനിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്നത്.

Also Read:കേരളത്തിലെ ഏറ്റവും വൃത്തിയുള്ള റെയില്‍വേ സ്റ്റേഷന്‍ എറണാകുളം സൗത്ത്; രണ്ടാം സ്ഥാനം കോഴിക്കോടിന്

വീടുകളിലെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍, ആശാരിപ്പണിക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘം ഓരോ വാര്‍ഡിലുമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിങ് വിഭാഗം വീടുകളുടെ ബലക്ഷയം പരിശോധിക്കും.