കൊച്ചി: കേരളത്തിലെ ഒറ്റയാള്‍ക്കും നേരെ ചൊവ്വെ ഇംഗ്ലീഷ് പറയാന്‍ അറിഞ്ഞുകൂടെന്ന് മന്ത്രി ജി. സുധാകരന്‍. കേരള ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി വജ്രജൂബിലി ആഘോഷ വേദിയില്‍ ഹൈബി ഈഡന്‍ എം.എല്‍.എ ഇംഗ്ലീഷില്‍ പ്രസംഗിച്ചതിനു പിന്നാലെയായിരുന്നു ജി.സുധാകരന്റെ ഈ അഭിപ്രായ പ്രകടനം.
ഇംഗ്ലീഷ് ഭാഷയോട് മലയാളിക്ക് വലിയ ഭക്തിയാണ്. ഇംഗ്ലീഷിനെ പ്രോത്സാഹിപ്പിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. നിയമസഭയില്‍ പോലും സാമാജികര്‍ മുറി ഇംഗ്ലീഷാണ് സംസാരിക്കുന്നത്. അഞ്ചുമിനിറ്റ് പ്രസംഗത്തിനിടെ പത്തഞ്ഞൂറ് ഇംഗ്ലീഷ് വാക്കുകള്‍ പറയും. എന്നാല്‍ നേരെ ചൊവ്വെ ഇംഗ്ലീഷ് പറയാന്‍ അറിയാവുന്ന ഒറ്റയാളും ഇന്നു കേരളത്തില്‍ ജീവിച്ചിരിപ്പില്ലെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.
“ഞാന്‍ അഞ്ചുവര്‍ഷം ഇംഗ്ലീഷ് പഠിച്ചയാളാണ്. എന്നിട്ടും നന്നായി ഇംഗ്ലീഷ് പറയാനറിയില്ല.” ജി.സുധാകരന്‍ പറഞ്ഞു.
അഭിനയത്തിന് ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ ചാര്‍ളി ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ ലജ്ജിച്ചു തലതാഴ്ത്തുമെന്നും സുധാകരന്‍ പറഞ്ഞു. ജീവിതത്തിന്റെ അവസാന നിമിഷം വരെ കലാജീവിതം സാധാരണക്കാര്‍ക്കുവേണ്ടി നീക്കിവെച്ച കലാകാരനായിരുന്നു ചാര്‍ളി ചാപ്ലിനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Must Read:പിണറായി വിജയന്റെ ഭാര്യയുടെ നിയമനം: അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
“നൂറുകോടി മുടക്കി സിനിമയെടുക്കുന്നതാണ് ഇവിടെ വലിയ കാര്യം. നൂറുകോടിയല്ല, രണ്ടു കോടി മുടക്കി സിനിമയെടുത്താലും അതുന്നയിക്കുന്ന പ്രശ്‌നമാണു പ്രധാനം” അദ്ദേഹം വ്യക്തമാക്കി.