| Saturday, 17th August 2019, 1:26 pm

ഓമനക്കുട്ടനും ശരി, ഞാനും ശരി! ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റി; ചേര്‍ത്തല ക്യാമ്പിലെ സംഭവത്തില്‍ ജി. സുധാകരന്റെ വിശദീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചേര്‍ത്തല: ചേര്‍ത്തലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ അനധികൃത പണപ്പിരിവ് നടത്തിയെന്നാരോപിച്ച് സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ നടപടിയെടുക്കേണ്ടി വന്ന സംഭവത്തില്‍ വിശദീകരണവുമായി മന്ത്രി ജി. സുധാകരന്‍. ഓമനക്കുട്ടന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു. പാവപ്പെട്ടവര്‍ താമസിക്കുന്ന ക്യാമ്പില്‍ പണപ്പിരിവാണ് പാര്‍ട്ടി നടത്തുന്നതെന്ന് മാധ്യമങ്ങള്‍ ഒരു ദിവസം മുഴുവന്‍ പ്രചരിപ്പിച്ചപ്പോള്‍ അത് പരിശോധിച്ചു സ്വീകരിക്കേണ്ട നടപടികള്‍ സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

‘ഓമനക്കുട്ടന്‍ പണം സ്വന്തമാക്കിയിട്ടില്ല. അങ്ങനെയൊരു ആരോപണം ഇല്ല. അങ്ങനെ പണം പിരിക്കുന്നതിന് മുമ്പ് പണം ഇല്ലായെന്ന കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല. ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയായ എന്നെയും ചേര്‍ത്തലയില്‍ നിന്നും മന്ത്രിയായ പി.തിലോത്തമനേയും അറിയിച്ചിട്ടില്ല. ആ നാട്ടുകാരനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും അറിയിച്ചിട്ടില്ല. ഒറ്റയ്ക്ക് തീരുമാനം എടുത്ത് നടപ്പാക്കേണ്ട കാര്യമല്ലിത്. പക്ഷെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു. അതുകൊണ്ട് പാര്‍ട്ടി ഉചിതമായ പുന:പരിശോധന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജാമ്യമില്ലാത്ത ഒരു കേസ് എടുക്കേണ്ട കുറ്റം ഓമനക്കുട്ടന്‍ ചെയ്തിട്ടില്ല. അത്തരം കേസുകള്‍ ഒഴിവാക്കേണ്ടതാണ്.’ ജി. സുധാകരന്‍ പറയുന്നു.

സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമായ ഭക്ഷണ സാധനങ്ങളും വൈദ്യുതിയും ഒന്നും ഏര്‍പ്പാട് ചെയ്യാത്തതിന്റെ പേരിലും ക്യാമ്പില്‍ നിന്ന് നേരത്തെ പോയതിന്റെ പേരിലും ഉദ്യോഗസ്ഥര്‍ക്കെതിരെ പരിശോധിച്ച് നടപടിയെടുക്കുമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചതായും ജി. സുധാകരന്‍ വ്യക്തമാക്കി.

ജി. സുധാകരന്റെ വിശദീകരണം:

ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പിലുണ്ടായ ഇന്നലത്തെ സംഭവത്തില്‍ സ: ഓമനകുട്ടനെ പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ എടുത്തിട്ടില്ല. നടപടി എടുക്കുമെന്ന് റവന്യു വകുപ്പ് സെക്രട്ടറി ശ്രീ. വേണു ഐ.എ.എസ് ടെലിഫോണിലൂടെ എന്നോട് പറഞ്ഞു. ആവശ്യമായ ഭക്ഷണ സാധനങ്ങളും വൈദ്യുതിയും ഒന്നും ഏര്‍പ്പാട് ചെയ്യാത്തതിന്റെ പേരിലും ക്യാമ്പില്‍ നിന്ന് നേരത്തെ പോയതിന്റെ പേരിലും പരിശോധിച്ച് നടപടിയെടുക്കുമെന്ന് ശ്രീ. വേണു ഐ.എ.എസ് പറഞ്ഞു.

ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് സ: ഓമന കുട്ടന്‍ ഇപ്രകാരം പണം പിരിക്കേണ്ടി വന്നതെന്ന് ഇന്നലെ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലും ഒരു പാര്‍ട്ടി സഖാവ് പണം പിരിക്കാന്‍ പാടില്ല. ഏതായാലും ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ തന്നെ ഓമനകുട്ടന്റെ പേരില്‍ ഒരു നടപടിയും ആവശ്യമില്ലെന്ന് വാദിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു.

ഇന്നലെ തന്നെ വാര്‍ത്ത നല്‍കി അത് പ്രചരിപ്പിച്ചിരുന്നെങ്കില്‍ ഇങ്ങനെ വേണ്ടി വരുമായിരുന്നില്ല. പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഒരു ദിവസം മുഴുവന്‍ പാവപ്പെട്ടവര്‍ താമസിക്കുന്ന ക്യാമ്പില്‍ പണപ്പിരിവാണ് പാര്‍ട്ടി നടത്തുന്നതെന്ന് പ്രചരിപ്പിച്ചുകഴിഞ്ഞാല്‍ അത് പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് സ്വീകരിച്ചു എന്ന് മാത്രമേയുള്ളു. മനസ്സില്ലാ മനസ്സോടെയാണ് ഇങ്ങനെ ചെയ്തത്.

സ: ഓമനകുട്ടന്‍ പണം സ്വന്തമാക്കിയിട്ടില്ല. അങ്ങനെയൊരു ആരോപണം ഇല്ല. അങ്ങനെ പണം പിരിക്കുന്നതിന് മുമ്പ് പണം ഇല്ലായെന്ന കാര്യം ജില്ലാ കളക്ടറെ അറിയിച്ചിട്ടില്ല. ജില്ലയുടെ ചാര്‍ജ്ജുള്ള മന്ത്രിയായ എന്നെയും ചേര്‍ത്തലയില്‍ നിന്നും മന്ത്രിയായ സ: പി.തിലേത്തമനേയും അറിയിച്ചിട്ടില്ല. ആ നാട്ടുകാരനായ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേയും അറിയിച്ചിട്ടില്ല. ഒറ്റയ്ക്ക് തീരുമാനം എടുത്ത് നടപ്പാക്കേണ്ട കാര്യമല്ലിത്. പക്ഷെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കുന്നു. അതുകൊണ്ട് പാര്‍ട്ടി ഉചിതമായ പുന:പരിശോധന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജാമ്യമില്ലാത്ത ഒരു കേസും എടുക്കേണ്ട കുറ്റം സ: ഓമനക്കുട്ടന്‍ ചെയ്തിട്ടില്ല. അത്തരം കേസുകള്‍ ഒഴിവാക്കേണ്ടതാണ്.

ജില്ലയിലെ 140 ഓളം ക്യാമ്പുകള്‍ ഉള്ളതില്‍ കുറുപ്പന്‍കുളങ്ങര ക്യാമ്പില്‍ അല്ലാതെ ഒരു ക്യാമ്പിലും ഇങ്ങനെ സംഭവിച്ചിട്ടില്ല. ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണിത്. ജില്ലാഭരണകൂടം മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല തഹസില്‍ദാറും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ക്യാമ്പിലുള്ള ചില റവന്യു ഉദ്യോഗസ്ഥര്‍ 4 മണിക്ക് സ്ഥലം വിട്ട് പോകുന്ന കാര്യം ഇന്നലെ തന്നെ ജില്ലാ കളക്ടറുടെയും റവന്യു സെക്രട്ടറിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.

ഏതായാലും പാര്‍ട്ടിക്കും സര്‍ക്കാരിനുമെതിരെ ഇന്നലെ പ്രചരിപ്പിച്ച പ്രശ്‌നം പരിഹരിക്കപ്പെട്ടതിലും പാര്‍ട്ടിക്കാര്‍ കുറ്റക്കാരല്ല എന്ന് കണ്ടെത്തിയതിലും സ: ഓമനകുട്ടന്റെ ഉദ്ദേശശുദ്ധിയെ അംഗീകരിക്കപ്പെട്ടതിലും അതിയായ സന്തോഷമുണ്ട്. സ: ഓമനകുട്ടനെ ഫോണിലൂടെ വിളിച്ച് പ്രതികരണം നന്നായിരുന്നുവെന്ന് അറിയിക്കുകയും ചെയ്തു.

We use cookies to give you the best possible experience. Learn more