ആലപ്പുഴ: അമ്പത് വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ മാത്രം ശബരിമലയില്‍ പ്രവേശിച്ചാല്‍ മതി, എന്ന വാദത്തെ അംഗീകരിക്കണമെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍.
അജ്ഞാതമായ കാര്യങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം ജ്യോതിഷത്തിന് പ്രസക്തിയുണ്ടെന്നും ജ്യോതിഷിമാരല്ല രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.
ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ശബരിമല യുവതീ പ്രവേശനവും നരബലി വിഷയവുമായി ബന്ധപ്പെട്ട് ജി. സുധാകരന്‍ പ്രതികരിച്ചത്.
”ലോകത്ത് ജ്ഞാതവും അജ്ഞാതവുമായ കാര്യങ്ങളുണ്ട്. അജ്ഞാതമായവ നിലനില്‍ക്കുന്നിടത്തോളം കാലം ജ്യോതിഷത്തിന് പ്രസക്തിയുണ്ട്. ജ്യോതിഷം ശാസ്ത്രത്തെ സ്വീകരിച്ച് മുന്നോട്ട് പോകണം.
ഒരു ജ്യോതിഷിയും നരബലി നടത്തിയിട്ടില്ല. രാഷ്ട്രീയക്കാരാണ് നരബലി നടത്തുന്നത്. രാഷ്ട്രീയക്കാരുടെ കുപ്പായമിട്ട ഇത്തരക്കാര്‍ കേരളത്തില്‍ കൂടി വരികയാണ്,” ജി. സുധാകരന്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് തങ്ങള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് ലഭിക്കുന്നില്ലെന്നും കോണ്‍ഗ്രസിനെയും കമ്മ്യൂണിസ്റ്റുകളേയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിട്ടുണ്ടെന്നും സുധാകരന്‍ വിമര്‍ശിച്ചു.
”രാഷ്ട്രീയം ഒരു കലയാണ്. അത് മനസ്സിലാകാതെ കുറേ പേര്‍ രാവിലെ വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച് സെന്റും പൂശി ഇറങ്ങുകയാണ്. ഫോണ്‍ വിളിയിലൂടെയാണ് ഇവരുടെ രാഷ്ട്രീയ പ്രവര്‍ത്തനം.
ഇപ്പോളിവിടെ കോണ്‍ഗ്രസുകാരനെയും കമ്മ്യൂണിസ്റ്റുകളെയും തിരിച്ചറിയാന്‍ പറ്റാതായി. കമ്മ്യൂണിസ്റ്റുകളില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് കിട്ടുന്നില്ലെന്നതാണ് പ്രശ്‌നം,” സുധാകരന്‍ വിമര്‍ശിച്ചു.
‘ഹിന്ദു പുരോഹിതര്‍ പൊതു ചടങ്ങുകളില്‍ അടിവസ്ത്രം ധരിച്ച് പങ്കെടുക്കണമെന്ന’, തന്റെ വിവാദമായ പ്രസ്താവനയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തില്‍ മുന്‍ മന്ത്രി പറഞ്ഞു.
”ഹിന്ദു പുരോഹിതര്‍ കല്യാണത്തിനും മറ്റ് പൊതു ചടങ്ങുകളിലും അടിവസ്ത്രം ധരിച്ച് പങ്കെടുക്കണമെന്ന് പറഞ്ഞത് ഇവിടെ ചിലര്‍ വിവാദമാക്കി, എന്നെ അധിക്ഷേപിച്ചു.
നല്ല ലക്ഷ്യത്തോടെ പറഞ്ഞാലും അതിനെ കളിയാക്കാനാണ് ചിലര്‍ക്ക് താല്‍പര്യം. ക്രിസ്ത്യന്‍, മുസ്‌ലിം പുരോഹിതര്‍ പാദം പോലും കാണാത്തവിധം വസ്ത്രം ധരിച്ചാണ് എത്തുന്നത്,” ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ജ്യോതിഷ താന്ത്രികവേദി ചെയര്‍മാന്‍ കെ. സാബു വാസുദേവ് അധ്യക്ഷത വഹിച്ച സംസ്ഥാന വാര്‍ഷികാഘോഷ ചടങ്ങില്‍ ജയന്‍ ആനന്ദ്, ഇ.എ. സുരേഷ് കുമാര്‍, ആര്‍. രാമവര്‍മ, എന്നിവര്‍ പ്രസംഗിച്ചു.
Content Highlight: G. Sudhakaran comment on sabarimala women entry issue and astrology