| Thursday, 13th April 2017, 8:23 am

രക്തസാക്ഷിയുടെ അമ്മ പാര്‍ട്ടിക്കെതിരെ പറയുന്നത് ഇതാദ്യം; ജിഷ്ണുവിന്റെ മാതാവിന്റെ പരാതി പ്രതികളെ പിടിക്കുന്നവര്‍ക്കെതിരെ: ജി സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പയ്യന്നൂര്‍: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ വിമര്‍ശിച്ച് സിപി.ഐ.എം നേതാവും മന്ത്രിയുമായ ജി സുധാകരന്‍. ഇതുവരെ ഒരു രക്തസാക്ഷിയുടെ അമ്മയും പാര്‍ട്ടിക്കെതിരെ സംസാരിച്ചിട്ടില്ലന്നു പറഞ്ഞ സുധാകരന്‍ കൊല നടത്തിയവര്‍ക്കെതിരെയല്ല പ്രതികളെ പിടിക്കുന്നവര്‍ക്കെതിരെ പരാതി പറയാനാണ് ജിഷ്ണുവിന്റെ അമ്മ തയ്യാറായതെന്നും ആരോപിച്ചു.


Also read ‘ഹിന്ദുത്വ വര്‍ഗീയത ഇവിടെ നടപ്പില്ല’; സോഷ്യല്‍മീഡിയകളില്‍ തീവ്ര ഹിന്ദുത്വ പോസ്റ്റുകളിലൂടെ കലാപത്തിന് ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയുമായി മമത സര്‍ക്കാര്‍


പയ്യന്നൂരില്‍ കോറോം രക്തസാക്ഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് മന്ത്രി ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്. കേരളത്തിലെ ഒരു രക്തസാക്ഷിയുടെയും മാതാവ് ചെയ്യാത്ത കാര്യമാണ് മഹിജ ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ മാത്രം കമ്യൂണിസ്റ്റുകാരാണെന്ന ഒറ്റക്കാരണത്താല്‍ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുണ്ട്. സ്വന്തം കണ്‍മുന്നില്‍ മക്കളെ വെട്ടിനുറുക്കി കൊല്ലുന്നത് കാണേണ്ടിവന്ന അമ്മമാരുണ്ട്. അവരൊന്നും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ല.

കേരളത്തിലെ ഒരു രക്തസാക്ഷി കുടുംബവും പാര്‍ട്ടിക്കെതിരെ പരാതി പറഞ്ഞിട്ടില്ലെന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള വിജയം. എന്നാല്‍ പാര്‍ട്ടി പാരമ്പര്യവും മറ്റും പറഞ്ഞ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ പരാതി പറയാനാണ് ഇവിടെ ചിലര്‍ മുന്നോട്ട് വന്നിട്ടുള്ളത് സുധാകരന്‍ പറഞ്ഞു.

രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണുനീര്‍ പരിശുദ്ധമാണ്. ജിഷ്ണു കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് ശരിയായില്ല. എന്നാല്‍ കോടതിയെ വിമര്‍ശിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ജഡ്ജിക്കു മുന്നിലേക്ക് ജിഷ്ണുവിന്റെ മാതാവിനെയും കൂട്ടി സമരക്കാര്‍ പോകാതിരുന്നതെന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

മക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് കണ്ണൂര്‍. അതുകൊണ്ടുതന്നെ ഇതിന്റെ പ്രചരണം കണ്ണൂര്‍ ജില്ലയില്‍ തുടങ്ങണമെന്നും സുധാകരന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more