| Tuesday, 1st December 2020, 12:21 pm

ഇത് കേട്ടാല്‍ തോന്നുമല്ലോ വിജിലന്‍സ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന്, അത് കൊള്ളാമല്ലോ; തോമസ് ഐസക്കിനെ തള്ളി സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും അത് അംഗീകരിച്ചാല്‍ മതിയെന്നും ജി. സുധാകരന്‍ പറഞ്ഞു.

‘മുഖ്യമന്ത്രി കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് നമ്മള്‍ അംഗീകരിച്ചാല്‍ മതി. റെയ്ഡ് സാധാരണമായി നടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്റെ വകുപ്പില്‍ എത്രയോ പരിശോധനകള്‍ നടന്നിട്ടുണ്ട്. ഞാന്‍ ഒന്നും മിണ്ടിയില്ലല്ലോ. അത് നടന്നോട്ടെ. ഇത് നമ്മളെ ബാധിക്കുന്ന വിഷയമല്ല.

കേന്ദ്രഏജന്‍സികള്‍ വട്ടമിട്ടുപറന്നതുകൊണ്ട് ഇവിടുത്തെ വിജിലന്‍സിനെ പിരിച്ചുവിടണോ. ഇത് കേട്ടാല്‍ തോന്നുമല്ലോ വിജിലന്‍സ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന്. അത് കൊള്ളാമല്ലോ. വിജിലന്‍സ് നന്നായി പ്രവര്‍ത്തിക്കട്ടെ. അവര്‍ അന്വേഷിക്കട്ടെ’ ജി.സുധാകരന്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ കയ്യില്‍ ഒരു മാങ്ങാത്തൊലിയുമില്ലെന്നും ഒടിഞ്ഞവില്ലാണ് അവരുടെ കയ്യിലുള്ളതെന്നും സുധാകരന്‍ പറഞ്ഞു.

‘ചില വിജിലന്‍സ് എന്‍ക്വയറി ഞാന്‍ ചോദിച്ചുവാങ്ങിയിട്ടുണ്ട്. 300ലേറെ ഫയല്‍ അവര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ചില കാര്യങ്ങളെല്ലാം അവര്‍ അന്വേഷിച്ചാലേ ശരിയാവുകയുള്ളൂ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പറഞ്ഞതിനപ്പുറം ഒന്നുമില്ല’, സുധാകരന്‍ പറഞ്ഞു.

ദുഷ്ടലാക്കോടെയാണ് റെയ്ഡ് എന്നൊന്നും പറയാന്‍ പറ്റില്ലെന്നും ചില ഏജന്‍സികളോട് പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് നമുക്ക് പറയാന്‍ ആവുമോയെന്നും സുധാകരന്‍ ചോദിച്ചു.

അതേസമയം കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധന വിവാദം ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ.എമ്മിന്റെ അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസകും യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. സാധാരണ വെള്ളിയാഴ്ചകളിലാണ് പാര്‍ട്ടി സെക്രട്ടേറിയറ്റ് നടക്കാറുള്ളത്. കെ.എസ്.എഫ്.ഇ പരിശോധന വലിയ വിവാദം ആയ സാഹചര്യത്തിലാണ് അടിയന്തര അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ചക്ക് എടുത്തത്.

കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് പരിശോധന വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള നേതാക്കള്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ വലിയ ഗൗരവത്തോടെയാണ് സി.പി.ഐ.എം കേന്ദ്ര നേതൃത്വവും കാണുന്നത്.

പാര്‍ട്ടിയേയും സര്‍ക്കാരിനെയും ഇരുട്ടില്‍ നിര്‍ത്തിയാണ് പരിശോധന നടന്നതെന്നാണ് തോമസ് ഐസക്ക് ഉന്നയിച്ച വാദം. ധനകാര്യ മന്ത്രിയെ പോലും വിവരം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സി.പി.ഐ.എം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദനും തോമസ് ഐസക്ക് അടക്കമുള്ള ചില നേതാക്കളും വിജിലന്‍സ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. വട്ടാണെന്നുള്ള തോമസ് ഐസക്കിന്റെ പ്രതികരണവും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പുമാണ് വിഷയത്തില്‍ മറുപടി നല്‍കേണ്ടതെന്നുള്ള ആനത്തലവട്ടത്തിന്റെ പ്രതികരണവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.

അതേസമയം കെ.എസ്.എഫ്.ഇ പരിശോധന വിവാദത്തില്‍ ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന നിലപാടാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എടുത്തത്.

കെ.എസ്.എഫ്.ഇയില്‍ നടന്നത് റെയ്ഡല്ലെന്നും വിജിലന്‍സ് അവരുടേതായ രീതിയല്‍ നടത്തിയ പരിശോധനയാണെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

പോരായ്മകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മിന്നല്‍പ്പരിശോധന നടത്താന്‍ അവകാശമുണ്ടെന്നും തന്റെ ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ അറിവോടെയാണ് റെയ്ഡ് നടന്നതെന്ന പ്രചാരണം മാധ്യമ സിന്‍ഡിക്കേറ്റിന്റെ സൃഷ്ടിയാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.

ആരുടെയും പരാതിയില്ലാതെ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ നാടകമാണെന്നാണ് റെയ്ഡിനെ മന്ത്രി ഐസക് വിമര്‍ശിച്ചിരുന്നത്. ഒരു ധനകാര്യസ്ഥാപനമെന്ന പരിഗണന നല്‍കാതെ ചട്ടവിരുദ്ധമായി നടത്തിയ റെയ്ഡ് കെ.എസ്.എഫ്.ഇയുടെ വിശ്വാസ്യത തകര്‍ക്കാനെന്നായിരുന്നു മന്ത്രിയുടെ ആരോപണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: G. Sudhakaran Against Thomas Isaac View On KSFE Raid

We use cookies to give you the best possible experience. Learn more