തിരുവനന്തപുരം: ശബരിമലയിലെ തന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ശബരിമലയില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന കഴുതകള്‍ക്കുള്ള ചൈതന്യം തന്ത്രിമാര്‍ക്കില്ലെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ് എന്നും തന്ത്രിമാര്‍ ഇരിക്കുന്നതിനടത്ത് അയ്യപ്പന്‍ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു.
ദൈവവിശ്വാസം അധികാരം നിലനിര്‍ത്താന്‍ ഉപയോഗിക്കുന്നതിലെ കാപട്യം തിരിച്ചറിയണം. അമ്പലം സമരത്തിനുള്ള വേദിയല്ലെന്നും സുധാകരന്‍ പറഞ്ഞു.
നേരത്തെ പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ലെന്ന ജി. സുധാകരന്റെ വാക്കുകള്‍ ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെ താന്‍ പറഞ്ഞത് അവര്‍ക്ക് വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നതായും ജി. സുധാകരന്‍ പറഞ്ഞിരുന്നു.
ശബരിമലയിലെ സമരങ്ങളുമായി ബന്ധപ്പെട്ട് യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ചിറങ്ങുമെന്ന ശബരിമല തന്ത്രിയുടെ അഭിപ്രായത്തെയും മന്ത്രി വിമര്‍ശിച്ചിരുന്നു.
ശബരിമലയെ ഈ രീതിയില്‍ ആക്കിയവര്‍ക്ക് വോട്ടു കിട്ടുമെന്ന് കരുതേണ്ട. ഏറ്റവും മോശമായ നെഗറ്റീവ് പൊളിറ്റിക്‌സ് ആണ് ബി.ജെ.പി പയറ്റുന്നത്. ശബരിമലയില്‍ വാക്കേറ്റവും കയ്യാങ്കളിയും ഇതിനുമുമ്പ് കാണിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ല.
ഏതു പാര്‍ട്ടിയാണോ ഇപ്പോള്‍ കാണിക്കുന്നത് അവര്‍ അനുഭവിക്കുമെന്നാണ് തന്റെ മനസ് പറയുന്നത്. ശബരിമലയില്‍ ഭക്തരെ അറസ്റ്റ് ചെയ്യുന്നില്ല. അവിടെ ബഹളമുണ്ടാക്കുന്നവരെയാണ് അറസ്റ്റ് ചെയ്തതെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
ശബരിമലയില്‍ രാഷ്ട്രീയക്കാര്‍ വിശ്വാസികളായി വരുന്നതില്‍ വിരോധമില്ല. രാഷ്ട്രീയാടിസ്ഥാനത്തില്‍ പോയാല്‍ അത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെ വേദിയല്ല ശബരിമല. ഒരു കാരണവശാലും അവിടെ സമരം പാടില്ലെന്നും സുധാകരന്‍ പറഞ്ഞു.