തിരുവനന്തപുരം: സഹമത്സരാര്‍ത്ഥിയെ കായികമായി ആക്രമിച്ചതിന്റെ പേരില്‍ റിയാലിറ്റിഷോയില്‍ നിന്ന് പുറത്തായ രജിത് കുമാറിനെ സ്വീകരിക്കാന്‍ കൊച്ചി എയര്‍പോര്‍ട്ടില്‍ തടിച്ചുകൂടിയ ആളുകൂട്ടത്തിനെതിരെ മന്ത്രി ജി. സുധാകരന്‍
എയര്‍പോര്‍ട്ടില്‍ നടന്ന കാര്യങ്ങള്‍ മുഴുവന്‍ മലയാളികളെയും നാണം കെടുത്തുന്ന സംഭവമാണെന്നും തികച്ചും അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ നിരവധി പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനായ രജിത് കുമാര്‍ എന്ന വ്യക്തിയെ സ്വീകരിക്കാനാണ് ഇത്രയും ആളുകള്‍ എത്തിയത് എന്നതാണ് മറ്റൊരു വിരോധാഭാസമെന്നും ജി. സുധാകരന്‍ പറഞ്ഞു.
കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നതിനാല്‍ തന്നെ മരണപ്പെട്ട സ്വന്തം പിതാവിന്റെ മൃതദേഹം ഒരുനോക്കൂകാണാന്‍ പോലും കഴിയാത്ത അവസ്ഥ നേരിടേണ്ടി വന്ന ലിനോ ആബേലിനെപ്പോലുള്ളവരുടെ ത്യാഗത്തെ അപഹസിക്കുന്ന നടപടിയാണ് ഇതെന്നും ജി. സുധാകരന്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
”സ്വന്തം പിതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് എന്നറിഞ്ഞായിരുന്നു ലിനോ ആബേല്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. എന്നാല്‍ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഇദ്ദേഹം സ്വമേധയാ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ ഐസൊലേഷന്‍ വാര്‍ഡിലേയ്ക്ക് മാറ്റി.
അന്നുരാത്രി അതേ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ വെച്ച് അദ്ദേഹത്തിന്റെ പിതാവ് ആബേല്‍ മരണത്തിന് കീഴടങ്ങി. അച്ഛന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ആംബുലന്‍സില്‍ കൊണ്ടുപോകുന്നത് ഐസൊലേഷന്‍ വാര്‍ഡിന്റെ ജനാലയിലൂടെയാണ് ലിനോ കണ്ടത്.
പിന്നീട് കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവായതിനെത്തുടര്‍ന്ന് പുറത്തുവന്നതിന് ശേഷം സെമിത്തേരിയില്‍ പിതാവിന്റെ കല്ലറയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ലിനോയുടെ ചിത്രം നാമെല്ലാം മാധ്യമങ്ങളിലൂടെ കണ്ടതാണ്.
ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഒരു രോഗത്തെ നാം നേരിടുന്നത് ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗത്തിന്റെ കൂടെ സഹായത്തോടെയാണ്. ലോകത്തെ പല വികസിതരാജ്യങ്ങളിലും സ്വീകരിച്ചതിനേക്കാള്‍ മികച്ച നടപടികളുമായാണ് ആരോഗ്യവകുപ്പ് ഈ മഹാമാരിയെ നമ്മുടെ സംസ്ഥാനത്ത് നിയന്ത്രിച്ച് നിര്‍ത്തിയിരിക്കുന്നത്.
അതിനിടയിലാണ് ഇന്നലെ കൊച്ചി എയര്‍പോര്‍ട്ടില്‍ മുഴുവന്‍ മലയാളികളെയും നാണം കെടുത്തുന്ന മറ്റൊരു സംഭവമുണ്ടായിരിക്കുന്നത്. ഒരു ചാനലിന്റെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്തായ മത്സരാര്‍ത്ഥി വരുന്നത് പ്രമാണിച്ച് ആയിരക്കണക്കിനാളുകളെ വിളിച്ചുകൂട്ടി ചിലര്‍ സ്വീകരണം നടത്തിയിരിക്കുന്നു. ഈ എയര്‍പോര്‍ട്ടില്‍ പല വിദേശരാജ്യങ്ങളില്‍ നിന്നായി വരുന്നവരെ പരിശോധിച്ച് ഐസൊലേഷന്‍ വാര്‍ഡുകളിലേയ്ക്ക് മാറ്റുന്നതിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ചിലരുടെ ഈ പ്രകടനം. കൊച്ചുകുട്ടികളെയടക്കം കയ്യിലെടുത്ത് പിടിച്ചാണ് ചിലര്‍ എയര്‍പോര്‍ട്ടിലെത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
തികച്ചും അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ നിരവധി പ്രസ്താവനകള്‍ നടത്തി കുപ്രസിദ്ധനായ രജിത് കുമാര്‍ എന്ന വ്യക്തിയെ സ്വീകരിക്കാനാണ് ഇത്രയും ആളുകള്‍ എത്തിയത് എന്നതാണ് മറ്റൊരു വിരോധാഭാസം. ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അപമാനിക്കുന്ന രീതിയില്‍ അശാസ്ത്രീയവും ഹീനവുമായ പ്രസ്താവന നടത്തിയ ഇയാള്‍ ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിനെതിരെയും ഇത്തരം മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. റിയാലിറ്റി ഷോയിലെ സഹമത്സരാര്‍ത്ഥിയായ ഒരു യുവതിയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് ഇയാളെ ഷോയില്‍ നിന്നും പുറത്താക്കിയതെന്നും അറിയുന്നു.
കൊറോണ വ്യാപിക്കുന്നത് തടയാന്‍ പൊതുപരിപാടികള്‍ മാറ്റിവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സ്വീകരണപരിപാടി. ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗങ്ങളെ അപഹസിക്കുന്ന ഇത്തരം നടപടികള്‍ ഒട്ടും ആശാസ്യകരമല്ല. കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ച എറണാകുളം ജില്ലാ കളക്ടറുടെ നടപട ശ്ലാഘനീയമാണ്. കര്‍ശനമായ നടപടികളാണ് ഇത്തരക്കാര്‍ക്കെതിരെ സ്വീകരിക്കേണ്ടത്.
എല്ലാവരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നമുക്ക് നേരിടാന്‍ സാധിക്കുകയുള്ളൂ”, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ