തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പോലൊരു പാലം കേരളത്തില്‍ ആരും പണിതിട്ടുണ്ടാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പാലം നിര്‍മ്മാണത്തില്‍ സാങ്കേതികമായും സാമ്പത്തികമായും ഭരണപരമായും മേല്‍നോട്ടത്തിലുമെല്ലാം ഗുരുതര ക്രമക്കേടുകളുണ്ടായി, ഇതിന്റെ ഉത്തരവാദിത്വം തനിക്കില്ലെന്ന് ഇബ്രാഹിം കുഞ്ഞിന് എങ്ങനെ പറയാന്‍ കഴിയുമെന്നും ജി. സുധാകരന്‍ ചോദിച്ചു.
ഇബ്രാഹിം കുഞ്ഞിന് ഉത്തരവാദിത്വമില്ലെന്ന് രമേശ് ചെന്നിത്തല എന്തിന് പറയണം. രമേശ് ചെന്നിത്തലയ്ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പാലം അഴിമതിയില്‍ ഉദ്യോഗസ്ഥര്‍ മറുപടി പറയണം. ജൂണ്‍ 17ന് ഇ. ശ്രീധരന്‍ പാലം പരിശോധിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ പണിഞ്ഞ വേറെ പാലങ്ങള്‍ ഒന്നും വീണില്ല. പാലം പണിയുന്നത് എഞ്ചിനിയര്‍മാരും, കോണ്‍ട്രാക്റ്ററും റോഡ്സ് ആന്‍ഡ് ബ്രിഡിജ് കോര്‍പ്പറേഷനുമാണ്. ഈ പാലത്തിന്റെ ഡിസൈന്‍ ശരിയാണോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാന്‍ കണ്‍സള്‍ട്ടന്റിനെയും വെച്ചിട്ടുണ്ട്. അവരും നല്ല പൈസ വാങ്ങും. അവര്‍ ആ പണിയൊന്നും ചെയ്തിട്ടില്ല. അവരും ഇതിന്റെ ഭാഗമാണെന്നും ജി. സുധാകരന്‍ പറഞ്ഞു.
പാലം അഴിമതിയുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും പുറത്തു വരുമെന്നും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.
പാലാരിവട്ടം പാലം മാറ്റിപ്പണിയണമെന്ന ഇ. ശ്രീധരന്റെ അഭിപ്രായത്തെ പരിഹസിച്ചുകൊണ്ട് മുന്‍പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് രംഗത്തെത്തിയിരുന്നു. ‘ശ്രീധരന്‍ പലതും പറയും. അതൊന്നും നടക്കുന്ന കാര്യമല്ല. ശ്രീധരനെ മെട്രോയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒഴിവാക്കിയത് എന്തിനാണ് ? ശ്രീധരനെ ഞങ്ങള്‍ കൊണ്ടുനടന്നതാണ്. അദ്ദേഹത്തെ ഈ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു.’- എന്നായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ പ്രതികരണം.
മേല്‍പ്പാല നിര്‍മാണത്തിന്റെ ഭരണാനുമതി മാത്രമാണു മന്ത്രിയെന്ന നിലയില്‍ നല്‍കാനാവൂ എന്നും സിമന്റിന്റെയും കമ്പിയുടെയും അളവ് പരിശോധിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മേല്‍പ്പാലത്തിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അത് ഇന്ത്യന്‍ പൗരന്റെ കടമയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
റോഡുപണി നടക്കുമ്പോഴും പാലം പണി നടക്കുമ്പോഴും സിമന്റ് എത്രയിട്ടെന്നും കമ്പി എത്രയിട്ടെന്നും മന്ത്രിക്കു നോക്കാനാകുമോ ? അതൊക്കെ ഉദ്യോഗസ്ഥരല്ലേ ചെയ്യേണ്ടത്. അതിനു ചുമതലപ്പെടുത്തിയ ആളുകളുണ്ട്. അവര്‍ നോക്കിയില്ലെങ്കില്‍ കുറ്റക്കാര്‍ അവരാണ്. ഇതു മന്ത്രിയുടെ പണിയല്ലെന്ന് സാമാന്യബോധം ഉപയോഗിച്ചു ചിന്തിച്ചാല്‍ മനസ്സിലാകുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞിരുന്നു.