|

'അടങ്ങിയൊതുങ്ങി പ്രചാരണം നടത്തണം'; പൂതന പ്രയോഗത്തിനു പിന്നാലെ ഷാനിമോള്‍ ഉസ്മാനെതിരെ വീണ്ടും മന്ത്രി ജി. സുധാകരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അരൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനെതിരെ വീണ്ടും മന്ത്രി ജി. സുധാകരന്‍. ഷാനിമോള്‍ അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന് സുധാകരന്‍ പറഞ്ഞു. വിവാദമായ ‘പൂതന’ പ്രയോഗത്തിനു തൊട്ടുപിറകെയായിരുന്നു സുധാകരന്‍ വീണ്ടും രംഗത്തെത്തിയത്. മാതൃഭൂമി ന്യൂസിനോടായിരുന്നു സുധാകരന്റെ പ്രതികരണം.

‘യു.ഡി.എഫ് സ്ഥാനാര്‍ഥി അരൂരിലെ കാര്യങ്ങളല്ല പറയുന്നത്. പൂച്ചയുടെയും പട്ടിയുടെയും പൂതനയുടെയും മറുതയുടെയും കാര്യമാണു പറയുന്നത്. അതൊന്നും ഇവിടെ വിഷയമല്ല.

ജയിലില്‍പ്പോകാന്‍ തയ്യാറാണെന്നു പറയുന്നു. ജയിലില്‍ പോകാനാണോ വോട്ടുചോദിക്കുന്നത്? അതിന് ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുന്നോ? അടിയന്തരാവസ്ഥയുണ്ടോ? അതെല്ലാം അസംബന്ധമാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭാര്യയും അമ്മയും ഒഴികെയുള്ള എല്ലാ സ്ത്രീകളും എന്റെ സഹോദരിമാരാണ്. ഷാനിമോളും അങ്ങനെതന്നെ. അതൊന്നും ചര്‍ച്ചാ വിഷയമല്ലല്ലോ.’- സുധാകരന്‍ പറഞ്ഞു.

ഷാനിമോള്‍ പൊലീസില്‍ പരാതി നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘പൊലീസ് മാങ്ങാത്തൊലി’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നോടല്ലേ മാപ്പു പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

‘അവരോട് അടങ്ങിയൊതുങ്ങി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പറയൂ. മറ്റൊരു അഭ്യര്‍ഥനയും എനിക്കില്ല. ഒരു കേസെടുക്കുന്നതിനു നിയമപരമായ വശങ്ങളില്ലേ. അസംബന്ധത്തിനാണോ കേസെടുക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കെട്ടിവെച്ച കാശ് അവര്‍ക്കു കിട്ടാതിരിക്കണമെന്നാണോ? ഇപ്പോള്‍ കെട്ടിവെച്ച കാശുകിട്ടും. എന്നാല്‍ പൂതന പരാമര്‍ശത്തെപ്പറ്റി പറയും തോറും വോട്ട് കുറഞ്ഞുകൊണ്ടിരിക്കും.’- അദ്ദേഹം പറഞ്ഞു.

വികസന കാര്യങ്ങളാണു തങ്ങള്‍ അരൂരില്‍ പറയുന്നതെന്നും വികസനത്തില്‍ കുറവുവന്ന കാര്യങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം മൂന്നുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. തെരഞ്ഞെടുപ്പിനു ശേഷം എല്ലാം പൂര്‍ത്തിയാക്കും. എല്ലാ ഗ്രാമീണ റോഡുകളും നന്നാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘പൂതന’ പ്രയോഗം സാഹിത്യാത്മക പരാമര്‍ശമാണെന്നു മന്ത്രി ഇ.പി ജയരാജന്‍ നേരത്തേ ന്യായീകരിച്ചിരുന്നു. പുരാണങ്ങളിലുള്ളതു സുധാകരന്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.