| Thursday, 20th April 2017, 8:08 pm

മന്ത്രിമാരുടെ നടപടി കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നതിന് സമാനം; ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയതില്‍ അതൃപ്തി അറിയിച്ച് ജി സുധാകരന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങളില്‍ നിന്ന മന്ത്രിമാര്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. മുഖ്യമന്ത്രി മാറ്റുന്നതിന് മുമ്പ് മന്ത്രിമാര്‍ മാറ്റിയതിലുള്ള അതൃപ്തിയാണ്മന്ത്രി പ്രകടിപ്പിച്ചത്.


Also read മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് മരപ്പാലത്തിലൂടെ വീട്ടിലെത്തിച്ച സംഭവം അന്വേഷിക്കാനെത്തിയ സംഘം പാലം തകര്‍ന്ന് പുഴയില്‍ വീണു


മന്ത്രിമാരുടെ നടപടി കാളപെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നതിന് സമാനമാണെന്ന് സുധാകരന്‍ പറഞ്ഞു. മന്ത്രിസഭയില്‍ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്തി നിര്‍ദേശിച്ചിട്ടുമില്ലെന്നും പറഞ്ഞ സുധാകരന്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ താന്‍ നിലപാടിനില്ലെന്നും വ്യക്തമാക്കി.

ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് വാഹനങ്ങളില്‍ വി.ഐ.പികളുള്‍പ്പെടെ ആരും ചുവന്ന ബീക്കണ്‍ ലൈറ്റുപയോഗിക്കേണ്ടന്ന തീരുമാനമെടുത്തത്. തീരുമാനത്തിന് പിന്നാലെ ഇന്നു രാവിലെ സംസ്ഥാന മന്ത്രിമാരായ തോമസ് ഐസക്കും മാത്യൂ ടി തോമസും വാഹനങ്ങളില്‍ നിന്ന് ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി തീരുമാനം നടപ്പിലാക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷം കൂടുതല്‍ മന്ത്രിമാര്‍ സമാനമായ നിലപാട് സ്വീകരിച്ചതായ് വാര്‍ത്തകളുണ്ടായിരുന്നു ഇതിനെതിരെയാണ് സുധാകരന്‍ രംഗത്തെത്തിയത്. തനിക്ക് ഇതു സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ലഭിക്കുമ്പോള്‍ ലൈറ്റ് നീക്കം ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more