ആലപ്പുഴ: പാര്‍ട്ടിയുടെ ചുമതലകള്‍ വഹിക്കുന്ന ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ പൊതുസമൂഹത്തില്‍ സ്വീകാര്യത ഉള്ളവരായിരിക്കണമെന്ന് സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടിക്ക് മാത്രമല്ല പുറത്തുള്ളവര്‍ക്കും സ്വീകാര്യരായിരിക്കണമെന്നും മാര്‍ക്‌സിസ്റ്റുകള്‍ മാത്രം വോട്ടുചെയ്താല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.
ആഞ്ചാറ് ആളുകളെ കെട്ടിപ്പിടിച്ചുകൊണ്ടിരുന്നാൽ പാര്‍ട്ടി ഉണ്ടാവില്ലെന്നും വളരില്ലെന്നും അറിയാവുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംസാരിക്കുന്നതെന്ന് ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കകത്ത് ഉള്ളവര്‍ സമൂഹത്തില്‍ സ്വീകാര്യരല്ലെങ്കില്‍ എങ്ങനെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നും ജി. സുധാകരന്‍ ചോദിച്ചു.
മാര്‍ക്‌സിസ്റ്റുകള്‍ മാത്രം വോട്ട് ചെയ്താല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പ്രവണത ചിലപ്പോള്‍ കണ്ണൂരിൽ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ആലപ്പുഴയില്‍ ആ സാഹചര്യമില്ലെന്നും മുന്‍ മന്ത്രി വ്യക്തമാക്കി. പാര്‍ട്ടി നിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാവരും സംഘടനക്ക് വോട്ട് ചെയ്യണമെന്നാണ് പറയുന്നതെന്നും ആയതിനാല്‍ അതിനനുസരിച്ച് നേതാക്കള്‍ പ്രവര്‍ത്തിക്കണമെന്നും ജി. സുധാകരന്‍ പറഞ്ഞു.
അഹങ്കാരമെല്ലാം മാറ്റിവെച്ച് ക്ഷമയോടെ മുന്നോട്ട് പോവണമെന്നും ഓരോ വാക്കും പ്രവൃത്തിയും ശ്രദ്ധിക്കണമെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മുഖത്തടിച്ചുകൊണ്ട് വിപ്ലവം പറയരുതെന്നും ജി. സുധാകരന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആലപ്പുഴയില്‍ എന്‍.ബി.എസിന്റെ പുസ്തക പ്രകാശന ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: G. Sudakaran against the positions of CPIM