തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട ജി. രാമന്‍ നായരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. വനിതാകമ്മീഷന്‍ മുന്‍ അംഗം പ്രമീളാദേവിയ്ക്കും ബി.ജെ.പി സംസ്ഥാന സമിതിയില്‍ അംഗത്വം നല്‍കിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ ബി.ജെ.പിയില്‍ എത്തുമെന്നും സ്ഥാനമാനത്തില്‍ തീരുമാനമാകാത്തത് കൊണ്ടാണ് പേരുകള്‍ പുറത്തുവിടാത്തതെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
ഉചിതമായ സ്ഥാനം നല്‍കുമെന്ന് ഉറപ്പുനല്‍കിയാണ് രാമന്‍നായരടക്കമുള്ളവരെ ബി.ജെ.പി പാര്‍ട്ടിയില്‍ എത്തിച്ചിരുന്നത്. ജി. രാമന്‍ നായര്‍ ഉള്‍പ്പെടെ അഞ്ചു പേരാണ് ഈയടുത്ത് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍, വനിതാ കമ്മിഷന്‍ മുന്‍ അംഗം ജെ.പ്രമീളാദേവി, മലങ്കര സഭാംഗം സി. തോമസ് ജോണ്‍, ജെഡിഎസ് ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരന്‍ എന്നിവരാണ് ബി.ജെ.പിയിലേക്ക് മാറിയത്.
ശബരിമല പ്രക്ഷോഭത്തില്‍ ബി.ജെ.പിയുടെ സമരം ഉദ്ഘാടനം ചെയ്തതിന് കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുത്തതിന്റെ പേരിലാണ് രാമന്‍ നായര്‍ ബി.ജെ.പിയിലേക്ക് പോയിരുന്നത്. ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരിലാണ് കോണ്‍ഗ്രസില്‍ നിന്നും തനിക്കു ശിക്ഷയുണ്ടായതെന്നും ക്ഷേത്രവിഷയത്തില്‍ ഉറച്ച നിലപാടുകളുമായി മുന്നോട്ടു പോകുമെന്നും രാമന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു.