ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയ സംഭവത്തില്‍ വിമര്‍ശനവുമായി കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജി. പരമേശ്വര. കര്‍ണാടകയിലെ സംഭവവികാസങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കലെന്ന് ജി. പരമേശ്വര തന്റെ ട്വിറ്ററില്‍ കുറിച്ചു.
കര്‍ണാടകയില്‍ ഭൂരിപക്ഷമുള്ള ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തിനാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അര്‍ഹത. അടിച്ചമര്‍ത്തലുകള്‍ക്ക് ബി.ജെ.പിയെ അനുവദിക്കില്ല, പരമേശ്വര പറഞ്ഞു.
എന്തും പണം കൊടുത്തു വാങ്ങാമെന്ന ബി.ജെ.പിയുടെ ധാരണ തെറ്റാണ്. ജനാധിപത്യത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും പരമേശ്വര കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ ഇന്ന് രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമേ ഇന്നു സത്യപ്രതിജ്ഞ ചെയ്തുള്ളൂ.
15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനെതിരെ രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത് കോണ്‍ഗ്രസിനു തിരിച്ചടിയായി.
അതേസമയം കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാര്‍ വിധാന്‍ സൗധയ്ക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ഇന്ത്യയിലെ ഭരണഘടന പരിഹസിക്കപ്പെടുകയാണെന്നും ബി.ജെ.പി വിജയം ആഘോഷിക്കുമ്പോള്‍ ജനാധിപത്യം തോല്‍ക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
Watch DoolNews: